പാഞ്ഞടുത്ത കാട്ടാനയെ ഒരു നോട്ടം കൊണ്ട് നിലയ്ക്കു നിര്‍ത്തുന്ന ഗൈഡ്: വീഡിയോ വൈറല്‍

single-img
27 December 2017


തന്റെ നേരേ കുതിച്ച് വരുന്ന ആനയെ വടികൊണ്ട് ആഗ്യം കാട്ടി തടഞ്ഞു നിര്‍ത്തുന്ന ഗൈഡ്. സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്ന വീഡിയോയാണിത്. ആഫ്രിക്കയിലെ ക്രൂഗര്‍ ദേശീയ പാര്‍ക്കില്‍ നിന്നുള്ളതാണ് ഈ വിഡിയോ ദൃശ്യം.

അലന്‍ മക്‌സ്മിത്ത് എന്ന ഗൈഡാണ് ഈ സാഹസം കാട്ടിയിരിക്കുന്നത്. പാര്‍ക്കിലെത്തിയ സഞ്ചാരികള്‍ക്ക് വഴിതെളിക്കുന്നതിനിടയില്‍ ഒരു ഒറ്റയാന്‍ കലിപൂണ്ട് അടുത്തേക്ക് ഓടിയെത്തുകയായിരുന്നു. അലന് പിന്നിലായി സഞ്ചാരികളും.

എന്നാല്‍ ആനയെ വെടിവയ്ക്കുകയോ വാഹനത്തിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയോ ചെയ്യാതെ അലന്‍ ആനയെ വരുതിക്ക് നിര്‍ത്തി. അതും ഒരു ചെറിയ വടി മാത്രം ഉപയോഗിച്ചുകൊണ്ട്. അലന്റെ സ്ഥാനത്ത് തങ്ങളായിരുന്നുവെങ്കില്‍ ജീവന്‍ രക്ഷിക്കാനായി കുതിച്ചു വരുന്ന ആനയ്ക്കു നേരെ വെടി വെച്ചേനെയെന്ന് ഈ വിഡിയോ കണ്ട ആഫ്രിക്കയിലെ മറ്റു ഗൈഡുകളെല്ലാം വ്യക്തമാക്കി.

ശാന്തതയില്‍ നിന്നുള്ള ഊര്‍ജ്ജമാണ് ആനയെ നിയന്ത്രിക്കാന്‍ തന്നെ സഹായിക്കുന്നതെന്നാണ് അലന്‍ പറയുന്നത്. ഏതെങ്കിലും പ്രത്യേക വിദ്യകളൊന്നുമല്ല പ്രയോഗിച്ചിരിക്കുന്നത്. വെറും ധൈര്യം മാത്രമാണ്. മാത്രമല്ല സ്ഥിരം ഇത്തരം അവസ്ഥകളില്‍ എത്തുമ്പോള്‍ രക്ഷപ്പെടാതെ വടികൊണ്ട് ഈ രീതി പരിശീലിച്ചു.

മനസാന്നിധ്യവും ധൈര്യവുമാണ് വേണ്ടത്. എന്നാല്‍ പരിശീലനമില്ലാതെ ഇപ്പണി കാണിക്കരുതെന്നും അലന്‍ പറയുന്നു. ശാന്തമായി ഈ സാഹചര്യം കൈകാര്യം ചെയ്യണമെന്നും അലന്‍ പറയുന്നു. ശാന്തതയില്‍നിന്നുള്ള ഊര്‍ജ്ജമാണ് തനിക്ക് അവയെ നിയന്ത്രിക്കാന്‍ സാധിക്കുന്നതില്‍ സഹായകരമാകുന്നത്. ഏതൊരു വന്യജീവിയേയും ഇത്തരത്തില്‍തന്നെ കൈകാര്യം ചെയ്താല്‍ അത് അവയ്ക്കും നമുക്കും അപകടമുണ്ടാകാതിരിക്കാന്‍ സഹായിക്കും അലന്‍ പറയുന്നു.