മലേഗാവ് സ്ഫോടനക്കേസിൽ പ്രഗ്ന്യാ സിംഗ് ഠാക്കൂറും കേണൽ പുരോഹിതും അടക്കം ആറു പ്രതികൾക്കെതിരായ മക്കോക്ക ഒഴിവാക്കി

single-img
27 December 2017

മലേഗാവ് സ്ഫോടനക്കേസിൽ ആറ് പ്രതികൾക്കെതിരെ ചുമത്തിയ മക്കോക്ക (മഹാരാഷ്ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്ട്‌) കോടതി റദ്ദാക്കി. സാധ്വി പ്രജ്ഞ സിങ് താക്കൂർ, ലഫ്.കേണൽ ശ്രീകാന്ത് പുരോഹിത് എന്നിവരടക്കമുള്ള പ്രതികൾക്കെതിരെ ചുമത്തിയ മക്കോക്ക വകുപ്പുകളാണ് കോടതി റദ്ദാക്കിയത്. എന്നാൽ ഭീകരവിരുദ്ധ നിയമപ്രകാരമുള്ള വിചാരണ പ്രതികൾ നേരിടണമെന്ന് സ്പെഷൽ എൻഐഎ കോടതി വ്യക്തമാക്കി.

അതേസമയം,​ കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ നൽകിയ ഹർജികൾ കോടതി തള്ളി. എന്നാൽ പ്രവീൺ തകൽക്കി, ശ്യാംലാൽ സാഹു, ശിവനാരായൺ കൽസംഗ്ര എന്നിവരെ കേസിൽ നിന്ന് ഒഴിവാക്കി. കഴിഞ്ഞ ഒന്പതു വർഷമായി ജയിലിലായിരുന്ന പുരോഹിതിന് ആഗസ്റ്റിൽ സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു.

2008 സെപ്റ്റംബർ 29നു റമസാൻ പ്രാർഥനകൾക്കുശേഷം മടങ്ങുകയായിരുന്ന ഏഴു പേരാണു മലേഗാവ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. ഹിന്ദു തീവ്രവാദസംഘം നടത്തിയ ആക്രമണമെന്നു വിശേഷിപ്പിക്കപ്പെട്ട കേസ് ആദ്യഘട്ടത്തിൽ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേന (എടിഎസ്)യാണ് അന്വേഷിച്ചത്.

മോട്ടോര്‍സൈക്കിളില്‍ ഘടിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ച് ഏഴുപേര്‍ മരിക്കുകയും 101 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്‌ഫോടനത്തില്‍ ആദ്യം മുസ്ലിം തീവ്രവാദ ഗ്രൂപ്പുകളെയാണ് സംശയിച്ചിരുന്നത്. പിന്നീടുള്ള അന്വേഷണത്തില്‍ ഹിന്ദു തീവ്രവാദ സംഘടനകളാണ് സ്‌ഫോടനത്തിന് പിന്നില്‍ എന്ന് കണ്ടെത്തി. തുടര്‍ന്ന് പ്രജ്ഞാസിംങും പുരോഹിത്തും അടക്കമുള്ളവരെ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. 2009 ജനുവരിയില്‍ അന്വേഷണസംഘം പ്രതികള്‍ക്കെതിരേ മക്കോക്ക നിയമം ചുമത്തി. 2011-ലാണ് ഹിന്ദുത്വ സംഘടനകള്‍ ഉള്‍പ്പെട്ട എല്ലാ കേസുകളും എന്‍.ഐ.എയ്ക്ക് കൈമാറിയത്.

മഹാരാഷ്ട്ര എ.ടി.എസ്സിന്റെ അന്വേഷണം ശരിയായ ദിശയിലായിരുന്നില്ലെന്ന് പറഞ്ഞ എന്‍ഐ.എ. പുരോഹിതിനെതിരേയും പ്രജ്ഞാസിങ്ങിനെതിരേയും ചുമത്തിയ മക്കോക്ക ഒഴിവാക്കി. കേസില്‍ സന്ന്യാസിനി പ്രജ്ഞസിങ്ങിന് ക്ലീന്‍ചിറ്റ് നല്‍കിയാണ് എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. പ്രജ്ഞയെ കൂടാതെ ശ്യാം സാഹു. ശിവനാരായണ്‍ കല്‍സംഗ്ര, പ്രവീണ്‍ തക്കല്‍കി എന്നിവരെയും എന്‍.ഐ.എ കുറ്റപത്രത്തില്‍നിന്ന് ഒഴിവാക്കിയിരുന്നു. ഇതിനെ മുംബൈയിലെ പ്രത്യേക വിചാരണ കോടതി ചോദ്യം ചെയ്തിരുന്നു. ഈ കേസില്‍ പ്രതികള്‍ക്കെതിരേ മൃദു സമീപനം സ്വീകരിക്കണമെന്ന് എന്‍.ഐ.എയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന രോഹിണി സാലിയന്‍ ആരോപിച്ചിരുന്നു. പിന്നീട് ഇവര്‍ കേസില്‍നിന്ന് മാറുകയായിരുന്നു.

4000 പേജുള്ള കുറ്റപത്രത്തിൽ, മലേഗാവിലെ മുസ്ളിം ജനസംഖ്യ വർദ്ധിക്കുന്നതിലുള്ള ആശങ്കയാണ് സ്ഫോടനം നടത്താൻ ഇടയാക്കിയതെന്നാണ് എൻ.ഐ.എ പറയുന്നത്. പ്രഗ്യയേയും പുരോഹിതിനേയും കൂടാതെ സ്വാമി ദയാനന്ദ് പാണ്ഡെയും ഗൂഢാലോചന കേസിൽ പ്രതിയാണ്.