ദുബായില്‍ സാധനങ്ങള്‍ക്ക് 90% വരെ വിലക്കുറവ്: 12 മണിക്കൂര്‍ നീളുന്ന സൂപ്പര്‍ സെയില്‍ ഇന്നുമാത്രം

single-img
26 December 2017

ദുബായില്‍ 12 മണിക്കൂര്‍ നീളുന്ന സൂപ്പര്‍ സെയില്‍ ഇന്ന്. ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിനോടനുബന്ധിച്ചാണ് (ഡിഎസ്എഫ്) വിവിധ വ്യാപാര കേന്ദ്രങ്ങളില്‍ 90% വരെ വിലകിഴിവിന്റെ സൂപ്പര്‍ സെയില്‍സ് ഒരുക്കിയത്. ദുബായിലെ 3,000 റിട്ടെയ്ല്‍ ഔട് ലറ്റുകള്‍ ഇന്ന് അര്‍ധരാത്രി വരെ നടക്കുന്ന വിലക്കിഴിവ് മാമാങ്കത്തില്‍ പങ്കെടുക്കുന്നുണ്ട്.

മൂല്യ വര്‍ധിത നികുതി(വാറ്റ്) ജനുവരി ഒന്നുമുതല്‍ രാജ്യത്ത് ബാധകമാകാന്‍ പോകുന്നതിന് മുന്നോടിയായി ഉപഭോക്താക്കള്‍ക്ക് വിവിധ ഉത്പന്നങ്ങള്‍ സ്വന്തമാക്കാനുള്ള അപൂര്‍വാവസരമാണ് സൂപ്പര്‍ സെയിലിലൂടെ ലഭിക്കുന്നത്. 200 ദിര്‍ഹമോ കൂടുതലോ ചെലവഴിക്കുന്നവര്‍ക്ക് അരലക്ഷം ദിര്‍ഹം വരെ സമ്മാനം ലഭിക്കുന്ന നറുക്കെടുപ്പിലും പങ്കെടുക്കാനുള്ള അവസരവുമുണ്ടായിരിക്കും. ഇന്ന് അര്‍ധരാത്രി തന്നെ വിജയിയെയും പ്രഖ്യാപിക്കും.

മാള്‍ ഓഫ് ദ് എമിറേറ്റ്‌സ്, മിര്‍ദിഫ്, മൈസം, ബര്‍ഷ, അല്‍ ഷിന്ദഗ എന്നിവിടങ്ങളിലെ സിറ്റി സെന്ററുകള്‍ സൂപ്പര്‍ സെയില്‍സില്‍ പങ്കെടുക്കുന്നു. ലിപ്‌സി, സ്പ്ലാഷ്, ആല്‍ദോ, ജ്യൂസി, ന്യൂ ലൂക്ക്, ഫോര്‍എവര്‍21, ഹോം സെന്റര്‍, ജോര്‍ഡാനോ, സലാം കിഡോ, സലാം സ്റ്റുഡിയോ ആന്‍ഡ് സ്റ്റോര്‍സ്, സവ് മൊഷിനോ, കോട്ടേജ് ചിക്, കാരന്‍ മില്ലെന്‍, ഓണ്‍ ടൈം, ജഷന്‍മാള്‍ ഹോം, കിപ്ലിങ്, ടിഎം ലെവിന്‍, മണ്‍സൂണ്‍, മണ്‍സൂണ്‍ ചില്‍ഡ്രന്‍, അക്‌സസറൈസ്, സ്‌കെചേഴ്‌സ്, ചാമിങ് ചാര്‍ളി, ദ് ചില്‍ഡ്രന്‍സ് പ്ലെയ്‌സ്, ഇന്‍ഗ്ലോട് തുടങ്ങിയ ബ്രാന്‍ഡുകളുടെ ഉല്‍പന്നങ്ങള്‍ കുറഞ്ഞ നിരക്കില്‍ സ്വന്തമാക്കാം.

എച്ച് ആന്‍ഡ് എം, ഐക്കണിക്, കോടന്‍, റിവര്‍ ഐലന്‍ഡ് തുടങ്ങിയ സ്ഥാപനങ്ങള്‍ നേരത്തെ തന്നെ വിലക്കിഴിവ് ഏര്‍പ്പെടുത്തിയിരുന്നു. ദുബായ് ഫെസ്റ്റിവല്‍ ആന്‍ഡ് റിട്ടെയില്‍ എസ്റ്റാബ്ലിഷ്‌മെന്റാണ് സംഘാടകര്‍.