പൊന്നാനിയിൽ നരണിപ്പുഴയിൽ തോണി മറിഞ്ഞ് 6 കുട്ടികൾ മരിച്ചു

single-img
26 December 2017

മലപ്പുറം പൊന്നാനിയ്ക്കടുത്ത് ചങ്ങരംകുളം നരണിപ്പുഴയിൽ തോണി മറിഞ്ഞ് ആറു കുട്ടികൾ മരിച്ചു. എട്ടു വിദ്യാർഥികളടങ്ങിയ സംഘമാണ് തോണിയുമായി പുഴയിൽ ഇറങ്ങിയത്.

പ്രസന്ന (12), ആദിദേവ് (4) വൈഷ്ണ(15), ആതിഥ്യനാഥ്, ജനീഷ(8), പൂജ എന്നിവരാണ് മരിച്ചത്. ഒമ്പത് പേരാണ് തോണിയിൽ ഉണ്ടായിരുന്നത്. കടത്തുതോണിക്കാരനായ വേലായുധൻ, ഫാത്തിമ, ശിവജി എന്നിവരെ നാട്ടുകാർ രക്ഷപ്പെടുത്തി. ഗുരുതര നിലയിലുള്ള വേലായുധനെ തൃശൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മരിച്ചവരുടെ മൃതദേഹങ്ങള്‍ ചങ്ങരംകുളത്തെ സണ്‍ റൈസേഴ്സ് ആശുപത്രിയിലാണുള്ളത്.

വൈകിട്ട് 4.30 നായിരുന്നു അപകടം. പൊന്നാനി നരണിപ്പുഴയില്‍ കോള്‍ നിലങ്ങളുടെ ഭാഗമായുള്ള ജലാശയത്തിൽ കുട്ടികൾ കളിക്കുകയായിരുന്നു. അതുവഴി വന്ന വേലായുധൻ ഇവരെ തോണിയിൽ കയറ്റി കൊണ്ടുപോകവെയാണ് അപകടം. കുട്ടികളെല്ലാം ബന്ധുക്കളും അയൽക്കാരുമാണ്. ചളി നിറഞ്ഞ പുഴയാണ് നരണി പുഴ. പൊന്നാനി കോൾനിലത്തിലെ ഏറ്റവും ആഴം കൂടിയ ഭാഗമാണിത്.

ദുരന്തം ഉണ്ടായപ്പോള്‍ തന്നെ കരയില്‍ നിന്നവര്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഇറങ്ങിയെങ്കിലും കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. 10നും 14നും ഇടയിൽ പ്രായമുള്ള കുട്ടികളാണ് അപകടത്തിൽപ്പെട്ടത്.

എത്ര പേരാണ് തോണിയിലുണ്ടായിരുന്നത് എന്നത് ഇനിയും വ്യക്തമല്ല.