ഓഖി ദുരന്തം: നാശനഷ്ടം വിലയിരുത്താന്‍ കേന്ദ്ര സംഘം എത്തി

single-img
26 December 2017

തിരുവനന്തപുരം: സംസ്ഥാനത്ത് നാശം വിതച്ച ഓഖി ചുഴലിക്കാറ്റിലെ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര സംഘം കേരളത്തിലെത്തി. ആഭ്യന്തര വകുപ്പ് അഡീഷണല്‍ സെക്രട്ടറി ബിപിന്‍ മാലിക്കിന്റെ നേതൃത്വത്തിലുള്ള മൂന്ന് സംഘമാണ് എത്തിയത്.

കേന്ദ്രസംഘം ഈ മാസ 29 വരെ സംസ്ഥാനത്തെ വിവിധ തീരപ്രദേശങ്ങള്‍ സന്ദര്‍ശിക്കും. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഒന്നാമത്തെ സംഘവും തൃശൂര്‍, മലപ്പുറം ജില്ലകളില്‍ രണ്ടാമത്തെ സംഘവും എണാകുളം, ആലപ്പുഴ ജില്ലകളില്‍ മൂന്നാമത്തെ സംഘവുമാണ് സന്ദര്‍ശനം നടത്തുക.

മുഖ്യമന്ത്രിയുമായും സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തിയ ശേഷമാണ് ഏതൊക്കെ സ്ഥലങ്ങളാണ് സന്ദര്‍ശിക്കുക എന്നതിനെ സംബന്ധിച്ച് അന്തിമ ധാരണയില്‍ എത്തുക. ദുരിതാശ്വാസം, പുനര്‍നിര്‍മാണം, പുനരധിവാസം, മുന്നറിയിപ്പു സംവിധാനം എന്നിവയ്ക്കായി 7340 കോടിയുടെ പാക്കേജാണ് കേരളം ആവശ്യപ്പെട്ടത്.