കുല്‍ഭൂഷണ്‍ വിഷയത്തില്‍ പാകിസ്താന്‍ ധാരണകള്‍ ലംഘിച്ചെന്ന് ഇന്ത്യ: ‘സുരക്ഷ പറഞ്ഞ് ഭാര്യയുടെ താലി അഴിപ്പിച്ചു’

single-img
26 December 2017

പാകിസ്താനില്‍ തടവില്‍ കഴിയുന്ന ഇന്ത്യന്‍ മുന്‍ നാവികസേന ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ കാര്യത്തില്‍ പാകിസ്താന്‍ ഉറപ്പുകള്‍ ലംഘിച്ചെന്ന് ഇന്ത്യ. കൂടികാഴ്ചയ്ക്കുള്ള ഉറപ്പുകള്‍ ലംഘിക്കപ്പെട്ടു. കുല്‍ഭൂഷന്റെ ഭാര്യയ്ക്കും അമ്മയ്ക്കും മാതൃഭാഷയില്‍ സംസാരിക്കാനുള്ള അനുമതി നല്‍കിയില്ല.

സുരക്ഷയുടെ പേരില്‍ ജാദവിന്റെ ഭാര്യയുടെ കെട്ടുതാലി അടക്കമുള്ള ആഭരണങ്ങളും വളകളും ഊരി മാറ്റാന്‍ ആവശ്യപ്പെട്ടു. നെറ്റിയില്‍ അണിഞ്ഞിരുന്ന പൊട്ട് പോലും മാറ്റി. പിന്നീട് ധരിച്ചിരുന്ന വസ്ത്രങ്ങള്‍ നിര്‍ബന്ധിച്ച് അഴിപ്പിച്ചശേഷം പാകിസ്ഥാന്‍ നല്‍കിയ വസ്ത്രങ്ങള്‍ ധരിക്കാന്‍ നിര്‍ദ്ദേശിച്ചു.

ഇവരുടെ ചെരുപ്പുകളും ഊരി മാറ്റാന്‍ ആവശ്യപ്പെട്ടതായും വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ ചെരുപ്പുകള്‍ പിന്നീട് തിരികെ നല്‍കിയതുമില്ല. ഇന്നലെയാണ് പാകിസ്ഥാനിലെ ജയിലിലെത്തി ജാദവിനെ അമ്മയും ഭാര്യയും കണ്ടത്. 30 മിനിട്ടാണ് നേരത്തെ സമയം അനുവദിച്ചതെങ്കിലും ഒരു മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു.

ഔദ്യോഗിക പ്രതിനിധിയായി ഇസ്ലാമാബാദ് ഹൈക്കമ്മിഷന്‍ ഡെപ്യൂട്ടി കമ്മിഷണറും ഉണ്ടായിരുന്നു. നീലനിറത്തിലുള്ള കോട്ട് ധരിപ്പിച്ച് ചില്ലുകൂട്ടിന് അപ്പുറത്ത് നിറുത്തിയാണ് ബന്ധുക്കളെ കാണാന്‍ ജാദവിനെ അനുവദിച്ചത്. ജാദവ് വളരെ ദു:ഖിതനായാണ് കാണപ്പെട്ടതെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം ഇന്ത്യയിലെത്തിയ അമ്മയും ഭാര്യയും പറഞ്ഞു.

പാകിസ്ഥാന്റെ കസ്റ്റഡിയിലായ ശേഷം ആദ്യമായാണ് കുല്‍ഭൂഷണ്‍ കുടുംബാംഗങ്ങളെ കണ്ടത്. ഇസ്ലാമാബാദില്‍ എത്തിയ കുല്‍ഭൂഷണ്‍ ജാദവിന്റെ കുടുംബത്തിന് വിമാനത്താവളം മുതല്‍ പ്രത്യേക കമാന്‍ഡോ സുരക്ഷയാണ് ഒരുക്കിയത്. പാക്കിസ്ഥാനില്‍ നിന്നു മടങ്ങിയെത്തിയ ഭാര്യയും അമ്മയും ചൊവ്വാഴ്ച രാവിലെ വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ കണ്ടിരുന്നു.