നിങ്ങൾ നക്സലൈറ്റാകൂ ഞങ്ങൾ നിങ്ങളെ വെടിവെയ്ക്കാം: ചടങ്ങിൽ പങ്കെടുക്കാതിരുന്ന ഡോക്ടർമാരോട് കേന്ദ്രമന്ത്രി ഹൻസ് രാജിന്റെ ആക്രോശം

single-img
26 December 2017

മഹാരാഷ്ട്രയിലെ ഒരു ചടങ്ങിൽ പ്രസംഗിക്കുന്നതിനിടെ ചടങ്ങിൽ അസന്നിഹിതരായ ഡോക്ടർമാർക്കു നേരേ കേന്ദ്രമന്ത്രി നടത്തിയ ഭീഷണി നിറഞ്ഞ പരാമർശം വിവാദമാകുന്നു. കേന്ദ്ര ആഭ്യന്ത്ര സഹമന്ത്രിയായ ഹൻസ് രാജ് ആഹിർ ആണു തന്റെ മണ്ഡലമാ‍യ ചന്ദ്രപ്പൂരിൽ നടന്ന പൊതുചടങ്ങിൽ നിന്നും വിട്ടു നിന്ന ഡോക്ടർമാരെ വെടിവെച്ചുകൊല്ലണമെന്ന് ആഹ്വാനം നടത്തിയതു.

ചന്ദ്രപ്പൂരിലെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു ന്യായവില മരുന്നു കൌണ്ടർ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ നിന്നും വിട്ടുനിന്ന ജില്ലാ സിവിൽ സർജ്ജൻ ഉദയ് നവാദെ, ഗവണ്മെന്റ് മെഡിക്കൽ കോളേജിന്റെ ഡീൻ ആയ എസ് എസ് മോർ എന്നിവർക്കു നേരേയായിരുന്നു മന്ത്രിയുടെ ആക്രോശം.

“നക്സലുകൾക്ക് എന്താണു വേണ്ടത്? അവർക്കു ജനാധിപത്യം വേണ്ട. ഈ വ്യക്തികൾക്കും (ചടങ്ങിൽ വരാതിരുന്ന ഡോക്ടർമാർ) ജനാധിപത്യം വേണ്ട. അപ്പോൾ അവരും നക്സലൈറ്റുകളോടൊപ്പം ചേരേണ്ടവരാണു. എന്തിനാണു നിങ്ങൾ വൈകുന്നത്? പോയി അവരോടൊപ്പം ചേരൂ. നിങ്ങളെ ഞങ്ങൾ വെടിവെച്ചിടാം” മന്ത്രി പറഞ്ഞു.

ചന്ദ്രപ്പൂരും സമീപജില്ലകളായ ഗഡ്ചിറോളി, ഗോൻഡിയ എന്നിവയും നക്സൽ ബാധിത പ്രദേശങ്ങളാണു.

മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ജന്മദിനം പ്രമാണിച്ച് ഡിസംബർ 25 ‘സദ്ഭരണ ദിന’മായി ആചരിക്കുന്ന ചടങ്ങുകൂടിയായിരുന്നു ചന്ദ്രപ്പൂരിൽ നടന്നത്. ഈ ചടങ്ങിൽ പങ്കെടുക്കാതെ ഈ ഡോക്ടർമാർ അവധിയെടുത്തതാണു മന്ത്രിയെ പ്രകോപിതനാക്കിയതു.

താൻ ഉദ്ഘാടനം ചെയ്യാത്ത ചടങ്ങിൽ പങ്കെടുക്കാത്ത ഡോക്ടർമാർ നക്സലൈറ്റുകളാണു എന്ന മുൻവിധിയോടെയായിരുന്നു മന്ത്രിയുടെ ആക്രോശം.

മേയറും ഡപ്യൂട്ടിമേയറും അടക്കം പങ്കെടുത്ത ഈ ചടങ്ങിൽ ഇവർക്കു മാത്രം എന്താണു തടസ്സമെന്നും മന്ത്രി ചോദിച്ചു.

“ഞാൻ ജനാധിപത്യപരമായി തെരെഞ്ഞെടുക്കപ്പെട്ട ഒരു മന്ത്രിയാണു. ഞാൻ പങ്കെടുക്കുന്ന ചടങ്ങാണെന്നറിഞ്ഞിട്ടും അവരെന്തിനാണു അവധിയെടുത്തത്?” മന്ത്രി ചോദിച്ചു.

എന്നാൽ താൻ ഡിസംബർ 23 മുതൽ 26 വരെ വ്യക്തിപരമായ കാരണങ്ങളാൽ അവധിയിൽ പ്രവേശിച്ചതാണെന്നും ഈ പരിപാടിയെക്കുറിച്ച് തനിക്ക് അറിയിപ്പ് കിട്ടിയത് 24-നു വൈകിട്ടാണെന്നും ഡോ. ഉദയ് നവാദെ പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു.

താൻ അവധിക്കുള്ള അപേക്ഷ അയച്ചത് നാഗ്പൂർ ഡിവിഷൻ ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ആയ സഞ്ജയ് ജൈസ്വാളിനാണെന്നാണു നവാദെ പറഞ്ഞത്.

എന്നാൽ സഞ്ജയ് ജൈസ്വാൾ ഇതു നിഷേധിക്കുന്നു. തനിക്ക് ഉദയ് നവാദെയുടെ അവധിയ്ക്കുള്ള അപേക്ഷ കിട്ടിയിട്ടില്ല എന്നാണു ഇദ്ദേഹത്തിന്റെ അവകാശവാദം. മന്ത്രി പങ്കെടുത്ത ചടങ്ങിൽ നവാദെ നിർബ്ബന്ധമായും ഉണ്ടാകേണ്ടതായിരുന്നുവെന്നും സംഭവത്തെക്കുറിച്ചന്വേഷിച്ച് നടപടിയെടുക്കുമെന്നും അദ്ദേഹം പറതായി ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ടിൽപ്പറയുന്നു.

താൻ ഡിസംബർ 23 മുതൽ 30 വരെ അവധിയിൽ പ്രവേശിച്ചതാണെന്നാണു ഡോ. മോർ പറയുന്നത്. തന്റെ അഭാവത്തിൽ ഡെപ്യൂട്ടി ഡീൻ ആയ എം ജെ ഖാൻ ചടങ്ങിൽ സംബന്ധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ കളക്ടറായ അശുതോഷ് സലിലും പരിപാടിയിൽ പങ്കെടുത്തിരുന്നില്ല. തനിക്കു ഔദ്യോഗിക ക്ഷണം ലഭിച്ചില്ലെന്നും പരിപാടിയുടെ അന്നു രാവിലെ വാട്സാപ്പ് മെസേജ് അയച്ചാണു തന്നെ ക്ഷണിച്ചതെന്നുമാണു അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.