താൻ റോയ്ക്ക് വേണ്ടി ഇറാൻ അതിർത്തികടന്ന് പാക്കിസ്ഥാനിലെത്തിയെന്നു കുറ്റസമ്മതം നടത്തുന്ന കുൽഭൂഷൺ യാദവിന്റെ വീഡിയോയുമായി പാക്കിസ്ഥാൻ

single-img
26 December 2017

പാക്കിസ്ഥാൻ ജയിലിൽക്കഴിയുന്ന കുൽഭൂഷൺ ജാദവിനെ അദ്ദേഹത്തിന്റെ അമ്മയും ഭാര്യയും സന്ദർശിച്ചു മടങ്ങിയയുടൻ കുൽഭൂഷണിന്റെ കുറ്റസമ്മതം എന്നരീതിയിൽ പ്രൊപ്പഗാൻഡ വീഡീയോ പുറത്തുവിട്ട് പാക്കിസ്ഥാൻ.

താൻ ഇന്ത്യൻ ചാരസംഘടനയായ റോയ്ക്കുവേണ്ടി ഇറാനിൽ നിന്നും അതിർത്തികടന്ന് പാക്കിസ്ഥാനിലെത്തിയെന്നു ഈ വീഡിയോയിൽ കുൽഭൂഷൺ കുറ്റസമ്മതം നടത്തുന്നുണ്ട്. കുൽഭൂഷണിന്റേതായി പാക്കിസ്ഥാൻ പുറത്തുവിടുന്ന രണ്ടാമത്തെ കുറ്റസമ്മത വീഡിയോ ആണിത്.

കുൽഭൂഷണിന്റെ ഭാര്യ ചേതന കൌളും അമ്മ അവന്തിക ജാദവും അദ്ദേഹത്തെ ജയിലിലെത്തി സന്ദർശിച്ചു മടങ്ങിയതിനുശേഷമാണു പാക്കിസ്ഥാൻ വിദേശകാര്യമന്ത്രാലയത്തിന്റെ അനൌദ്യോഗിക ട്വിട്ടർ ഹാൻഡിലായ പാക്കിസ്ഥാൻ ഡിഫൻസ് വഴി കുൽഭൂഷണിന്റെ വീഡിയോ പുറത്തുവിട്ടത്.

https://twitter.com/defencedotpk/status/945286629828321280

വീഡിയോയിൽ പാക്ക് സർക്കാർ തന്നോട് വളരെ അന്തസ്സും ബഹുമാനവും നൽകിയാണു പെരുമാറിയതെന്നും മാനുഷിക പരിഗണയുടെ പുറത്ത് തന്റെ ഭാര്യയെയും അമ്മയേയും കാണുവാൻ അനുവദിക്കണമെന്ന തന്റെ അപേക്ഷ പാക്കിസ്ഥാൻ അനുഭാവപൂർവ്വം പരിഗണിച്ചതിനു നന്ദിയുണ്ടെന്നും കുൽഭൂഷൻ ഈ വീഡിയോയിൽ പറയുന്നു.

ഒരു പത്രസമ്മേളനത്തിൽ ഈ വീഡിയോ പാക്കിസ്ഥാൻ പലതവണ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു. കുൽഭൂഷൺ നിരപരാധിയാണെന്ന ഇന്ത്യയുടെ വാദത്തെ ഖണ്ഡിക്കാനാണു പാക്കിസ്ഥാൻ ഇപ്രകാരം ചെയ്യുന്നത്. സമ്മർദ്ദത്തിന്റെ പുറത്തു റെക്കോർഡ് ചെയ്ത വീഡിയോ ആകാം ഇതെന്നും അനുമാനിക്കപ്പെടുന്നു.

തീവ്രവാദം, ചാരവൃത്തി എന്നീ കുറ്റങ്ങൾ ആരോപിച്ച് പാക്കിസ്ഥാനിലെ പട്ടാളക്കോടതി കുൽഭൂഷൺ ജാദവിനെ വധശിക്ഷയ്ക്കു വിധിച്ചിരുന്നു. ഇന്ത്യൻ നാവികസേനയിൽ കമാൻഡർ ആയിരുന്ന കുൽഭൂഷൺ ജാദവ് ഇന്ത്യൻ ചാരസംഘടനയായ റോയുടെ ഏജന്റ് ആണെന്നാണു പാക്കിസ്ഥാൻ ആരോപിക്കുന്നത്.

47 വയസ്സുള്ള കുൽഭൂഷൺ ജാദവ് മഹാരാഷ്ട്ര സ്വദേശിയാണു. കഴിഞ്ഞ വർഷം മാർച്ച് മൂന്നാം തീയതി പാക്കിസ്ഥാനിലെ ബലോചിസ്ഥാൻ പ്രവിശ്യയിൽ നിന്നാണു പാക്കിസ്ഥാൻ സുരക്ഷാസേന അറസ്റ്റ് ചെയ്യുന്നത്. ചാരവൃത്തിയ്ക്കായി ജാദവ് ഇറാനിൽ നിന്നും അവിടേയ്ക്ക് നുഴഞ്ഞുകയറിയതാണെന്നാണു പാക്കിസ്ഥാൻ ആരോപിക്കുന്നത്. എന്നാൽ നാവികസേനയിൽ നിന്നും വിരമിച്ചശേഷം ഇറാനിലേയ്ക്ക് കച്ചവട ആവശ്യത്തിനായി പോയ ജാദവിനെ ആരോ ബലോചിസ്ഥാനിലേയ്ക്ക് തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നാണു ഇന്ത്യൻ സർക്കാർ അവകാശപ്പെടുന്നത്.