സിപിഎമ്മിനെതിരെ ബിജെപി ഗവര്‍ണ്ണര്‍ക്ക് പരാതി നല്‍കി

single-img
26 December 2017

ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം നടത്തുന്ന അക്രമം തടയാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രതിനിധി സംഘം ഗവര്‍ണ്ണര്‍ക്ക് പരാതി നല്‍കി. സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ അഞ്ചംഗ സംഘമാണ് ഗവര്‍ണ്ണര്‍ പി സദാശിവത്തെ സന്ദര്‍ശിച്ചത്.

മുഖ്യമന്ത്രിയോടു പരാതിപ്പെട്ടിട്ടു കാര്യമില്ലാത്തതിനാലാണ് സംസ്ഥാനത്തിന്റെ ഭരണ തലവനായ ഗവര്‍ണറെ സമീപിച്ചതെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. പിണറായി വിജയന്റെ ഭരണത്തില്‍ ഏകപക്ഷീയമായി ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുകയാണ്.

ഈ സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം 15 ബിജെപി, ആര്‍ എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കു നേരെ 600 ല്‍ അധികം ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നൂറുകണക്കിനു പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. കോടിക്കണക്കിനു രൂപയുടെ നാശം ഉണ്ടായി.

നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക് അനുസരിച്ച് അക്രമ സംഭവങ്ങളുടെ കാര്യത്തില്‍ കേരളം മുന്നിലാണ്. തൃശൂര്‍, കോട്ടയം ജില്ലകളിലും സിപിഎം അക്രമം വ്യാപിപ്പിച്ചിട്ടുണ്ട്. ഇതു തടയാന്‍ ഗവര്‍ണര്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്നു പ്രതിനിധി സംഘം ആവശ്യപ്പെട്ടതായും കുമ്മനം പറഞ്ഞു.

സംസ്ഥാനത്ത് സമാധാനം ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന് ഗവര്‍ണ്ണര്‍ ബിജെപി സംഘത്തിന് ഉറപ്പ് നല്‍കിയതായി കുമ്മനം രാജശേഖരന്‍ പറഞ്ഞു. ഒ രാജഗോപാല്‍ എംഎല്‍എ, സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഡോ പി പി വാവ, വക്താവ് ജെ ആര്‍ പത്മകുമാര്‍, ജില്ലാ അദ്ധ്യക്ഷന്‍ അഡ്വ എസ് സുരേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.