കേരളത്തില്‍ വീണ്ടും സൈബര്‍ ആക്രമണം

single-img
26 December 2017

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സൈബര്‍ ആക്രമണം. തിരുവനന്തപുരത്തെ മെര്‍ക്കന്റയിന്‍ സഹകരണ സംഘത്തിലാണ് സൈബര്‍ ആക്രമണമുണ്ടായത്. ഫയലുകള്‍ തിരികെക്കിട്ടണമെങ്കില്‍ ബിറ്റ്‌കോയിന്‍ രൂപത്തില്‍ പണം നല്‍കണമെന്ന സന്ദേശവും ലഭിച്ചു.

ബാങ്കിലെ സെര്‍വറുമായി ബന്ധപ്പെടുത്തിയിട്ടുള്ള കംപ്യൂട്ടറിനു നേരെയായിരുന്നു ആക്രമണം. 23ന് വൈകിട്ടായിരുന്നു ആക്രമണം ശ്രദ്ധയില്‍പ്പെട്ടത്. പെട്ടെന്ന് കംപ്യൂട്ടര്‍ പ്രവര്‍ത്തനരഹിതമാകുകയായിരുന്നു. റീസ്റ്റാര്‍ട്ട് ചെയ്‌തെങ്കിലും ഒരു സന്ദേശം മാത്രമാണു കണ്ടത്. നേരത്തേ വാനാക്രി ആക്രമണസമയത്ത് കംപ്യൂട്ടറുകളില്‍ തെളിഞ്ഞ സന്ദേശത്തിനു സമാനമായിരുന്നു ഇത്.

കംപ്യൂട്ടറിലെ ഫയലുകള്‍ ‘എന്‍ക്രിപ്റ്റ്’ ചെയ്തിരിക്കുകയാണെന്നും ‘ഡീക്രിപ്റ്റ്’ ചെയ്തു കിട്ടണമെങ്കില്‍ മോചനദ്രവ്യം നല്‍കണമെന്നും ആവശ്യപ്പെട്ടുള്ള സന്ദേശമായിരുന്നു വന്നത്. വിര്‍ച്വല്‍ കറന്‍സിസായ ബിറ്റ് കോയിന്‍ വഴി പണം നല്‍കണമെന്നാണ് ആവശ്യം.

ഒരു ഇമെയിലിലേക്ക് മറുപടി അയയ്ക്കാനും നിര്‍ദേശമുണ്ട്. എന്നാല്‍ സംഭവത്തെത്തുടര്‍ന്ന് ബാങ്ക് അധികൃതര്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കി.

വിദേശത്തുനിന്നാണ് ആക്രമണം ഉണ്ടായിരിക്കുന്നതെന്നാണ് പ്രാഥമിക സൂചന. സംഭവത്തേക്കുറിച്ച് സൈബര്‍ പൊലീസ് അന്വേഷണം തുടങ്ങി.