കസബ ആരാധകരുടെ സൈബർ ആക്രമണം: നടി പാർവ്വതി സൈബർ സെല്ലിൽ പരാതി നൽകി

single-img
26 December 2017

സൂപ്പർ താരം മമ്മൂട്ടി നായകനായ കസബ എന്ന സിനിമയിലെ സ്ത്രീവിരുദ്ധതയെ വിമർശിച്ചതിന്റെ പേരിൽ സൈബർ ആക്രമണത്തിനു വിധേയയായ നടി പാർവ്വതി സൈബർ സെല്ലിൽ പരാതി നൽകി.

തന്നെ മോശമാക്കി കാണിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന തരത്തിൽ നിരവധി പോസ്റ്റുകളും ചിത്രങ്ങളും ട്രോളുകളും പ്രചരിക്കുന്നുണ്ടെന്നും ഇത് തടയണമെന്നും ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവരെ മാതൃകപരമായി ശിക്ഷിക്കണമെന്നും പാർവതി പരാതിയിൽ ആവശ്യപ്പെട്ടു.

തിരുവനന്തപുരത്ത് വെച്ച് നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഓപ്പൺ ഫോറത്തിൽ നടത്തിയ ഒരു സംഭാഷണത്തിൽ കസബ എന്ന സിനിമയിലെ സ്ത്രീവിരുദ്ധമായ സീനിനെക്കുറിച്ച് പരാമർശിച്ചതിന്റെ പേരിലാണു പാർവ്വതിയ്ക്കു നേരേ ആക്രമണം ആരംഭിക്കുന്നത്.

കസബയിൽ സി.ഐ രാജൻ സ്കറിയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മമ്മൂട്ടി സ്ത്രീകൾക്കു നേരെ അശ്ലീല ചുവയുള്ള പരാമർശം നടത്തിയത് വേദനിപ്പിച്ചു എന്നായിരുന്നു പാർവതിയുടെ പ്രസ്താവന. താൻ ഏറെ ബഹുമാനിക്കുന്ന മമ്മൂട്ടിയെ പോലൊരു നടൻ അതിനെ മഹത്വവത്കരിക്കുകയാണ് ചെയ്തത്. ഇത് മറ്റ് പുരുഷന്മാർക്കും ഇതേ കാര്യം ചെയ്യാനുള്ള ലൈസൻസ് നൽകലാണെന്നുമായിരുന്നു പാർവതിയുടെ പ്രസ്താവന.

സിനിമയെ കുറിച്ച് നടത്തിയ പരാമർശത്തിന് ശേഷം തന്നെ വ്യക്തിഹത്യ ചെയ്യാനും മോശമായി കാണിക്കാനും ഫേസ്ബുക്ക്,​ വാട്സ് ആപ്പ് അടക്കമുള്ള സോഷ്യൽ മീഡിയ വഴി നടക്കുന്നുവെന്ന് പാർവതി പരാതിയിൽ ചൂണ്ടിക്കാട്ടി.