ആരെയാണു നിങ്ങൾ തോൽപ്പിക്കാൻ നോക്കുന്നത്? മാ‍യാനദിയ്ക്കെതിരേ പ്രചാരണം നടത്തുന്ന സ്ത്രീവിരോധികളോട് ടോവിനോയുടെ ചോദ്യം

single-img
25 December 2017

ആഷിക്ക് അബു സംവിധാനം ചെയ്ത മായാനദി എന്ന ചിത്രം കുറച്ചുദിവസങ്ങൾക്കുള്ളിൽത്തന്നെ പ്രേക്ഷകപ്രശംസ പിടിച്ചുപറ്റിയെങ്കിലും സൈബർ ലോകത്ത് ഒരുകൂട്ടം ആളുകൾ ഈ സിനിമയ്ക്കെതിരെ പ്രചാരണം തുടരുകയാണു.

മമ്മൂട്ടി ചിത്രം കസബയിലെ സ്ത്രീവിരുദ്ധതയെ വിമര്‍ശിച്ച പാര്‍വതിയെ പിന്തുണച്ച നടി റിമ കല്ലിങ്കലിന്റെ ഭര്‍ത്താവ് ആഷിക് അബു സംവിധാനം ചെയ്ത സിനിമയാണ് ‘മായാനദി’ എന്നതാണത്രേ ഈ ആക്രമണങ്ങള്‍ക്കു കാരണം!!!

സിനിമ കാണില്ലെന്നും കാണാന്‍ സമ്മതിക്കില്ലെന്നും സിനിമയെ പരാജയപ്പെടുത്തുമെന്നുമെല്ലാം ആക്രോശങ്ങള്‍ ഉയരുന്നുണ്ട്.

മലയാള സിനിമയിലെ വനിതാ പ്രവർത്തകരുടെ അവകാശങ്ങൾക്കു വേണ്ടി ശബ്ദമുയർത്താൻ വേണ്ടി രൂപീകരിച്ച വിമൻ ഇൻ സിനിമ കളക്ടീവ് എന്ന സംഘടനയാണു ‘മാച്ചോ’ താരങ്ങളുടെ ആരാധകരായ സ്ത്രീവിരുദ്ധരുടെ ഉറക്കം കെടുത്തിയിരിക്കുന്നത്. പരിഹാസരൂപേണ ഫെമിനിച്ചികള്‍ എന്നാണ് വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് അംഗങ്ങളെ പലരും അഭിസംബോധന ചെയ്തുവരുന്നത്. നടി പാര്‍വതി കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ മമ്മൂട്ടി ചിത്രം കസബയിലെ സ്ത്രീ വിരുദ്ധമായ ഒരു രംഗത്തെ വിമര്‍ശിപ്പോള്‍ ഇത്തരം അധിക്ഷേപങ്ങള്‍ ശക്തമായി. പാര്‍വതി ഡബ്ല്യു.സി.സിയിലെ അംഗമാണ്.

വിമൻ ഇൻ സിനിമാ കളക്ടീവിനെ  പിന്തുണയ്ക്കുന്ന പുരുഷ സിനിമാ പ്രവര്‍ത്തകര്‍ക്കും ശക്തമായ അധിക്ഷേപങ്ങളാണ് നേരിടേണ്ടി വരുന്നത്. ഈ സംഘടനയേയും അതിന്റെ രാഷ്ട്രീയത്തേയും തുടക്കം മുതല്‍ പിന്തുണച്ച സംവിധായകനാണ് ആഷിക് അബു. ആഷിക് അബു സംവിധാനം ചെയ്ത ചിത്രമായതിനാല്‍ മായാനദി കാണില്ലെന്നാണ് പലരുടെയും നിലപാട്.

മായാനദി കാണാന്‍ ആഗ്രഹമുണ്ട്, ടൊവിനോയെ ഇഷ്ടമാണ്. എന്നാല്‍ ഫെമിനിച്ചികളെ ഓര്‍ക്കുമ്പോള്‍ വേണ്ടെന്നു വയ്ക്കുകയാണെന്ന് ടോവിനോയുടെ ഫെയ്‌സ്ബുക്ക് പേജില്‍ ഒരു യൂസര്‍ കമന്റിട്ടിരുന്നു. മായാനദിയുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളിലും ഇത്തരത്തിലുള്ള നിരവധി കമന്റുകളും ആക്രമണങ്ങളും കാണാം. ഒടുവില്‍ ഈ ആക്രമണങ്ങള്‍ക്കെല്ലാം മറുപടിയായി ടൊവിനോ തന്നെ രംഗത്തെത്തി.

സിനിമ ബഹിഷ്‌കരിക്കുന്നതിലൂടെ ആരെയാണ് നിങ്ങള്‍ തോല്‍പ്പിക്കുന്നതെന്ന് ഇയാളോട് ടൊവിനോ ചോദിച്ചു.

ടോവിനോയുടെ കമന്റിന്റെ പൂർണ്ണരൂപം:

എന്നിട്ട്? ആരെയാണ് നിങ്ങള്‍ തോല്‍പിക്കാന്‍ നോക്കുന്നത്? എന്നെയോ? ഈ സിനിമയെയോ? മലയാള സിനിമയെയോ? ഇതില്‍ ജോലി ചെയ്ത നിങ്ങള്‍ ഈ പറഞ്ഞ സംഭവങ്ങളുമായി യാതൊരു രീതിയിലും ബന്ധപ്പെട്ടിട്ടില്ലാത്ത എന്നെപ്പോലെയുള്ള നൂറ് കണക്കിന് ആളുകളെയോ? നിങ്ങള്‍ ആരുടെ പേരിലാണോ ഇതു ചെയ്യുന്നത് അവര്‍ക്കു പോലും സങ്കടം ആയിരിക്കും നിങ്ങള്‍ ഇങ്ങനെ ഒരു സിനിമയോട് ചെയ്യുന്നു എന്നറിഞ്ഞാല്‍ ! ഏതായാലും എല്ലാവവര്‍ക്കും നന്മയും സന്തോഷവും മാത്രം ഉണ്ടാവട്ടെ.

താരരാജാക്കന്മാരുടെ ആരാധകവൃന്ദത്തിന്റെ ആക്രമണങ്ങൾ തുടരുമ്പോഴും മായാനദി  മികച്ച അഭിപ്രായം നേടി പ്രദര്‍ശനം തുടരുകയാണ്. ടൊവിനോ തോമസും ഐശ്വര്യ ലക്ഷ്മിയുമാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്. റാണി പത്മിനിക്കു ശേഷം ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രമാണ് മായാനദി. ശ്യാം പുഷ്‌ക്കരനും ദിലീഷ് നായരും ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്.