പ്രഖ്യാപിച്ചത് അൻപതിനായിരം; നൽകിയത് പതിനായിരം: അന്തരിച്ച കോൺഗ്രസ്സ് നേതാവ് പന്തളം സുനിലിന്റെ പേരിൽ നൽകിയ പുരസ്കാരത്തുകയിൽ വെട്ടിപ്പെന്ന് പരാതി

single-img
25 December 2017


അന്തരിച്ച കോൺഗ്രസ്സ് നേതാവ് പന്തളം സുനിലിന്റെ പേരിൽ നൽകിയ രാഷ്ട്രസേവാ പുരസ്കാരത്തിന്റെ പുരസ്കാരത്തുകയിൽ വെട്ടിപ്പ് നടന്നെന്ന് പരാതി. അൻപതിനായിരത്തിയൊന്നു രൂപയുടെ പുരസ്കാരം പ്രഖ്യാപിച്ചെങ്കിലും നൽകിയത് പതിനായിരത്തിയൊന്നു രൂപയുടെ ചെക്ക് ആയിരുന്നു.

കൊല്ലത്തെ പ്രമുഖ വ്യവസായിയും സിനിമ നിർമ്മാതാവുമായ അച്ചാണി രവിയെന്ന രവീന്ദ്രനാഥൻ നായർക്കായിരുന്നു ഇത്തവണ പന്തളം സുനിൽ സ്മാരക രാഷ്ട്രസേവാ പുരസ്കാരം ലഭിച്ചത്. പന്തളം സുനിൽ ഫൌണ്ടെഷൻ തുടർച്ചയായ ആറാമത്തെ വർഷമാണു ഈ പുരസ്കാരം നൽകുന്നത്.

കൊല്ലം ഡിസിസി സംഘടിപ്പിച്ച ചടങ്ങിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും കോൺഗ്രസ്സ് നേതാവുമായ പ്രയാർ ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു. കെപിസിസി പ്രസിഡന്റ് എം.എം.ഹസ്സന്‍ രവീന്ദ്രന്‍ നാഥന്‍ നായരുടെ വീട്ടിലെത്തിയാണ് പുരസ്‌കാരവും 50,000 രൂപയുടെ ചെക്കും കൈമാറിയത്. കാന്‍സര്‍ ബാധിതനായി വീട്ടില്‍ വിശ്രമിക്കുന്നതിനാലാണ് കോണ്‍ഗ്രസ് നേതാക്കളും കോണ്‍ഗ്രസുകാരായ ഭാരവാഹികളും വീട്ടിലെത്ത് ആദരിച്ചത്.

കവര്‍ തുറന്നു നോക്കിയപ്പോഴാണ് 50,000 രൂപയുടെ ചെക്കല്ലെന്നും 10,000 രൂപയാണെന്നും ബോധ്യമായത്. ചെക്കില്‍ പതിനായിരം രൂപയാണ് എഴുതിയിരിക്കുന്നതെന്ന കാര്യം രവീന്ദ്രനാഥന്‍ നായരുമായി അടുപ്പമുള്ള വൃത്തങ്ങള്‍ ജില്ലാ കോണ്‍ഗ്രസിന്റെ ശ്രദ്ധയില്‍പ്പെടുത്തി. വെള്ളിയാഴ്ച നടന്ന ഡിസിസി എക്സിക്യൂട്ടിവ് യോഗത്തിലും പ്രശ്നം ഉയര്‍ന്നു വന്നു.സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് രാജ്മോഹന്‍ ഉണ്ണിത്താന്‍ ഡിസിസി പ്രസിഡന്റിനും കെപിസിസി പ്രസിഡന്റിനും പരാതി നല്‍കി.

എഎന്‍ജി വിജയാബാങ്കിന്റെ കൊല്ലം ശാഖയുടെതാണ് ചെക്ക്. പന്തളം സുനില്‍ ഫൌണ്ടേഷന്റെ പേരിലുള്ള ചെക്കില്‍ വിഷ്ണു സുനിലാണ് ഒപ്പുവെച്ചിരിക്കുന്നത്. പന്തലം സുനിലിന്റെ മകനായ വിഷ്ണു സുനിൽ യൂത്ത് കോൺഗ്രസ്സിന്റെ കൊല്ലം നിയോജകമണ്ഡലം പ്രസിഡന്റ് കൂടിയാണു.

പന്തളം സുനിൽ അനുസ്മരണച്ചടങ്ങിന്റെ പേരിൽ വൻ പനപ്പിരിവു നടത്തിയതായി പാർട്ടിയിലെ ഒരുവിഭാഗം ആരോപിക്കുന്നുണ്ട്. കെപിസിസി ഭാരവാഹികള്‍ ഉള്‍പ്പെട്ട പന്തളം സുനില്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങളെ കുറച്ച് കെപിസിസിയും പോലീസും അന്വേഷിക്കണമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു. സമൂഹത്തില്‍ ഉയര്‍ന്ന സ്ഥാനമുള്ള ആദരണീയനായ വ്യക്തിയെ പുരസ്കാരം നല്കി അപമാനിച്ചുവെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ ചൂണ്ടിക്കാട്ടി.

രവീന്ദ്രനാഥന്‍ നായരുടെ കുടുംബം സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ തയാറായില്ല. ലഭിച്ച തുക പാവപ്പെട്ടവര്‍ക്ക് നല്‍കാനായിരുന്നു കുടുംബത്തിന്റെ തീരുമാനം.