സ്ഫടികഭിത്തിക്കപ്പുറം നിന്ന് കുൽഭൂഷൺ ജാദവിനെ അമ്മയും ഭാര്യയും കണ്ടു

single-img
25 December 2017

പാകിസ്ഥാനിൽ തടവിൽ കഴിയുന്ന ഇന്ത്യയുടെ കുൽഭൂഷൺ ജാദവിനെ കുടുംബാംഗങ്ങൾ സന്ദർശിച്ചു. ജാദവിന്റെ ഭാര്യയും അമ്മയുമാണ് കണ്ടത്. ഇസ്ലാമാബാദിലെ വിദേശകാര്യ മന്ത്രാലയത്തിൽ നടന്ന കൂടിക്കാഴ്ച അരമണിക്കൂർ നീണ്ടു.

കുൽഭൂഷണിന്റെ കുടുംബത്തിന്റെ സന്ദർശനത്തോടനുബന്ധിച്ച് വിദേശകാര്യ ഓഫിസിന് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ആക്രമണമുണ്ടായാൽ നേരിടുന്നതിനായി ഓഫിസിന് ചുറ്റും പൊലീസ്, അർദ്ധ സൈനിക വിഭാഗം എന്നിവരെ നിയോഗിച്ചു.

30 മിനിറ്റ് സമയമാണ് കുടുംബത്തിന് കുൽഭൂഷണുമായുളള കൂടിക്കാഴ്ചയ്ക്ക് ലഭിച്ചത്. കുൽഭൂഷൺ അമ്മ അവന്തികയോടും ഭാര്യ ചേതനയോടും സംസാരിച്ചു. ഒരു ഗ്ലാസ്സ് ഭിത്തിക്കപ്പുറം നിർത്തിയാണു കുൽഭൂഷണുമായുള്ള കൂടിക്കാഴ്ച്ച, ജയിൽ അധികൃതർ ഏർപ്പാട് ചെയ്തത്.

ഉച്ചയോടെയാണ് കുൽഭൂഷൺ ജാദവിന്റെ ഭാര്യയും അമ്മയും ദുബായ് വഴി പാക്കിസ്ഥാനിലെത്തിയത്. ഏഴു വാഹനങ്ങളുടെ അകമ്പടിയോടെ ആദ്യം ഇന്ത്യൻ ഹൈക്കമ്മിഷണറുടെ ഓഫിസിലേക്കാണ് ഇവർ പോയത്. സന്ദർശക സമയത്ത് പ്രദേശത്ത് ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി. ഇന്ത്യന്‍ ഡപ്യൂട്ടി ഹൈക്കമ്മിഷണര്‍ ജെ.പി.സിങ്ങും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. കൂടിക്കാഴ്ചയ്ക്കുശേഷം ഭാര്യയും അമ്മയും ഇന്ന് തന്നെ ഇന്ത്യയിലേക്ക് മടങ്ങും.

ചാരവൃത്തി ആരോപിച്ച് കഴിഞ്ഞ ഏപ്രിലിലാണ് കുൽഭൂഷൺ ജാദവിനെ പാക് സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. വധശിക്ഷയ്ക്കെതിരെ രാജ്യാന്തര നീതിന്യായ കോടതിയിൽ ഇന്ത്യ നൽകിയ അപ്പീൽ പരിഗണനയിലാണ്.

ആദ്യമായാണ് ഇന്ത്യയില്‍ നിന്നുള്ളവര്‍ കുല്‍ഭൂഷണെ കാണുന്നത്. പാക്കിസ്ഥാന്റെ രാഷ്ട്രപിതാവ് മുഹമ്മദലി ജിന്നയുടെ ജന്‍മദിനമായതിനാല്‍ മനുഷ്യത്വം കരുതിയാണ് മാതാവിനെയും ഭാര്യയെയും കാണാന്‍ അനുവദിച്ചതെന്ന് നേരത്തേ പാക് വിദേശകാര്യമന്ത്രി വ്യക്തമാക്കിയിരുന്നു.

കുല്‍ഭൂഷണെ സന്ദര്‍ശിക്കാന്‍ അനുവദിക്കണമെന്ന ഇന്ത്യയുടെ ആവശ്യം നിരവധി തവണ പാക്കിസ്ഥാന്‍ തള്ളിയിരുന്നു. നാലു ദിവസം മുമ്പാണ് കൂല്‍ഭൂഷണിന്റെ അമ്മയ്ക്കും ഭാര്യയ്ക്കും അദ്ദേഹത്തെ കാണാൻ പാക്കിസ്ഥാന്‍ വീസ അനുവദിച്ചത്. നവംബർ 10ന് കുൽഭൂഷണിന്റെ ഭാര്യയ്ക്ക് അദ്ദേഹത്തെ കാണാൻ അനുമതി നൽകിയെങ്കിലും അമ്മയുടെ അപേക്ഷ പരിഗണിച്ചിരുന്നില്ല. കുൽഭൂഷണ് സാധാരണ തടവുകാർക്ക് നൽകുന്ന അവകാശങ്ങൾ അനുവദിക്കാനാവില്ലെന്നായിരുന്നു പാക് വാദം. എന്നാൽ ഈ വിഷയത്തിൽ അന്താരാഷ്ട്ര സമൂഹം ഇടപെടുകയും ഭീകരതയുടെ പേരിൽ പാക്കിസ്ഥാൻ ഒറ്റപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് പാക്കിസ്ഥാന്റെ പുതിയ നീക്കം.

പാകിസ്ഥാനില്‍ വച്ച് മാധ്യമങ്ങളെ കാണുന്നതിന് കുടുംബാംഗങ്ങള്‍ക്ക് അനുമതിയില്ല. ഇതിന് പുറമെ സന്ദര്‍ശനത്തിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവിടുമെന്നും പാക്ക് നയതന്ത്രവിദഗ്ദ്ധര്‍ പറഞ്ഞിട്ടുണ്ട്.