ആർ കെ നഗർ പരാജയം: അണ്ണാഡി.എം.കെയിൽ പൊട്ടിത്തെറി;ആറുപേരെ പുറത്താക്കി

single-img
25 December 2017


തമിഴ് രാഷ്ട്രീയത്തിന്റെ ചരിത്രം തിരുത്തിക്കുറിച്ച ആർ.കെ.നഗർ ഉപതിരഞ്ഞെടുപ്പിലെ പരാജയം വിലയിരുത്താൻ ചേർന്ന അണ്ണാ ഡി എം കെ യോഗത്തിൽ പൊട്ടിത്തെറി. ടി.ടി.വി ദിനകരനെ പിന്തുണച്ച ആറ് പേരെ പാർട്ടിയിൽ നിന്നും പുറത്താക്കി. ഇതുകൂടാതെ മൂന്ന് മന്ത്രിമാർ യോഗത്തിൽ നിന്നും വിട്ടുനിന്നു. കടമ്പൂർ രാജു, ദണ്ഡിഗൽ ശ്രീനിവാസൻ, രാജേന്ദ്ര ബാലാജി എന്നിവരാണ് യോഗത്തിൽ നിന്നും വിട്ടുനിന്നത്.

ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രകടനം വിലയിരുത്തിക്കൊണ്ടുള്ള ഉന്നതതല യോഗത്തിന് ശേഷമാണ് പാര്‍ട്ടി തീരുമാനം അറിയിച്ചത്. എസ്.വെട്രിവേല്‍, തങ്ക തമിള്‍ സെല്‍വന്‍, രംഗസ്വാമി, മുത്തയ്യ, വി.പി.കലൈരാജന്‍, ശോലിങ്കൂര്‍ പാര്‍ത്ഥിപന്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.

ജയലളിതയുടെ മണ്ഡലമായ ആർ.കെ നഗർ ഉപതിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥി ടി.ടി.വി.ദിനകരൻ 40,707 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. തമിഴ്നാട്ടിലെ എടപ്പാടി പളനിസാമി സർക്കാർ മൂന്ന് മാസത്തിനകം വീഴുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇത് കണക്കിലെടുത്ത് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെയും ഉപമുഖ്യമന്ത്രി ഒ.പനീർശെൽവത്തിന്റെയും നേതൃത്വത്തിലാണ് അടിയന്തര യോഗം നടന്നത്.

“ഞങ്ങളാണ് യഥാര്‍ത്ഥ എഐഡിഎംകെ.. അമ്മയുടെ പിന്തുടര്‍ച്ചക്കാര്‍ ഞങ്ങളാണ് എന്നാണു ആര്‍കെ നഗറിലെ വോട്ടര്‍മാര്‍ വിധിയെഴുതിയത് ” എന്നായിരുന്നു വിജയം അറിഞ്ഞ ടിടിവി ദിനകരന്‍റെ പ്രതികരണം.

പാര്‍ട്ടി സ്ഥാപകന്‍ എം.ജി.രാധാകൃഷ്ണന്‍ എന്ന എംജിആറിന്‍റെ മുപ്പതാം ചരമ വാര്‍ഷികത്തിന്‍റെ അവസരത്തില്‍ “ഒന്നരക്കോടി വരുന്ന പാര്‍ട്ടി അനുഭാവികള്‍ നല്‍കിയ സമ്മാനമാണ്” തിരഞ്ഞെടുപ്പ് വിജയം എന്നും ദിനകരന്‍ അവകാശപ്പെട്ടു.