യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

single-img
24 December 2017

രാജ്യത്ത് അനുഭവപ്പെടുന്ന കനത്ത മൂടല്‍മഞ്ഞ് ചൊവ്വാഴ്ച വരെ തുടരുമെന്നു ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തില്‍ വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ദുബായ് പൊലീസ് മുന്നറിയിപ്പ് നല്‍കി.

വാഹനങ്ങള്‍ തമ്മില്‍ മതിയായ അകലം പാലിച്ചുവേണം സഞ്ചരിക്കാന്‍. മുന്‍പിലെ വാഹനത്തെ മറികടക്കാന്‍ ശ്രമിക്കരുത്. വാഹനം നിര്‍ത്തുമ്പോഴല്ലാതെ ഹസാര്‍ഡ് ലൈറ്റുകള്‍ ഉപയോഗിക്കരുത്. പകല്‍നേരങ്ങളില്‍ ഹെഡ് ലൈറ്റും പ്രവര്‍ത്തിപ്പിക്കരുത്.

നിയമം ലംഘിച്ചാല്‍ 500 ദിര്‍ഹം പിഴ ഒടുക്കേണ്ടി വരുമെന്നു അബുദാബി പൊലീസ് അറിയിച്ചു. അതേസമയം കഴിഞ്ഞ ദിവസം മുതല്‍ രാജ്യത്ത് അനുഭവപ്പെടുന്ന കനത്ത മൂടല്‍മഞ്ഞ് കാരണം ഇന്ത്യയിലേയ്ക്കടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് പറക്കേണ്ട വിമാനങ്ങള്‍ പലയിടങ്ങളിലായി മുടങ്ങിക്കിടക്കുന്നതായും പലതും വഴിതിരിച്ചുവിടുന്നതായും അധികൃതര്‍ പറഞ്ഞു.

രാജ്യത്തിന്റെ മൂന്നില്‍ രണ്ടുഭാഗവും മൂടല്‍മഞ്ഞില്‍ മുങ്ങിക്കിടക്കുന്നു. വടക്കന്‍ എമിറേറ്റുകളിലാണ് ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്നത്. അത്യാവശ്യ കാര്യത്തിനല്ലാതെ മൂടമല്‍മഞ്ഞില്‍ പുറത്തിറങ്ങരുത്. മൂടല്‍മഞ്ഞ് തലയില്‍ പതിച്ചാല്‍ അസുഖങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കി.