നാണംകെട്ട് ബിജെപി: ആര്‍കെ നഗറില്‍ നേടിയത് നോട്ടയ്ക്കും താഴെ വോട്ട്

single-img
24 December 2017

തമിഴ് രാഷ്ട്രീയത്തില്‍ നിര്‍ണായകമായ ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍, ഫലസൂചനകള്‍ അണ്ണാ ഡിഎംകെയുമായി പിരിഞ്ഞു സ്വതന്ത്രനായി മല്‍സരിക്കുന്ന ടി.ടി.വി. ദിനകരന് അനുകൂലം. തുടക്കം മുതലേ ലീഡ് നിലനിര്‍ത്തി മുന്നേറുന്ന ദിനകരന്‍, എക്‌സിറ്റ് പോളുകളുടെ പ്രവചനം ശരിവയ്ക്കുന്ന പ്രകടനമാണ് ആദ്യ റൗണ്ടുകളില്‍ കാഴ്ചവയ്ക്കുന്നത്.

നിലവില്‍ 20,000നുമേല്‍ വോട്ടുകള്‍ക്കു മുന്നിലാണു ദിനകരന്‍. അണ്ണാ ഡിഎംകെയാണ് രണ്ടാമത്. നോട്ടയ്ക്കും പിന്നിലാണ് ബിജെപിയുടെ സ്ഥാനം. തമിഴ്‌നാട്ടില്‍ സ്വാധീനമുറപ്പിക്കാന്‍ ശ്രമിക്കുന്ന ബിജെപിക്ക് കനത്ത തിരിച്ചടിയാണിത്. കേന്ദ്ര ഭരണത്തിലിരിക്കുന്ന പാര്‍ട്ടിക്ക് കിട്ടിയത് നോട്ടക്ക് കിട്ടിയതിന്റെ കാല്‍ ഭാഗം വോട്ട് മാത്രമാണെന്നും സ്വയം വിലയിരുത്താനുള്ള സമയമായെന്നും സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തു.

സംസ്ഥാന വൈസ് പ്രസിഡന്റ് കരു നാഗരാജനാണു ബിജെപി സ്ഥാനാര്‍ഥി. അണ്ണാ ഡിഎംകെയില്‍ ഒപിഎസ്–പളനിസ്വാമി വിഭാഗങ്ങളുടെ ലയനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചെന്നു കരുതുന്ന ബിജെപി, സ്ഥാനാര്‍ഥിയെ നിര്‍ത്തില്ലെന്നായിരുന്നു ആദ്യ പ്രചാരണം. പിന്നീട് അവര്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുകയായിരുന്നു.

അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലായാണ് പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പിനെ കാണുന്നത്. മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലമായതിനാല്‍ വിജയം ലോക്‌സഭാ തിരഞ്ഞെടുപ്പിനെയും ഭാവിയിലെ രാഷ്ട്രീയ നീക്കങ്ങളെയും സ്വാധീനിക്കും.