ഗുജറാത്തില്‍ 135 സീറ്റുമായി കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് രാഹുല്‍ ഗാന്ധി

single-img
24 December 2017

2022 ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ 135 സീറ്റുകളുമായി കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് വിശകലനം ചെയ്യാനെത്തിയപ്പോഴായിരുന്നു രാഹുലിന്റെ പ്രതികരണം.

ഇത്തവണ കോണ്‍ഗ്രസിന് 15-22 സീറ്റുകള്‍ മാത്രമേ ലഭിക്കൂവെന്നാണ് ബിജെപി പറഞ്ഞിരുന്നത്. പക്ഷേ ഫലം വന്നപ്പോള്‍ കണ്ടില്ലേ? മൂന്നു നാലു മാസങ്ങള്‍ക്കു മുന്‍പ് കോണ്‍ഗ്രസ് ജയിക്കുന്നതിനെക്കുറിച്ചല്ല, തിരഞ്ഞെടുപ്പില്‍ പോരാടാന്‍ കഴിയുമോയെന്നാണ് എല്ലാവരും ചോദിച്ചിരുന്നത്.

ഒരേ സ്വരത്തില്‍ ഒരേ തത്വത്തിലുറച്ചു പോരാടിയാല്‍ ആര്‍ക്കും പരാജയപ്പെടുത്താനാകില്ലെന്ന് ഗുജറാത്ത് ഫലം തെളിയിച്ചിരിക്കുന്നു. തിരഞ്ഞെടുപ്പില്‍ നമ്മള്‍ പരാജയപ്പെട്ടെങ്കിലും വിജയം നമുക്കൊപ്പം തന്നെയാണ്. ബിജെപി വിദ്വേഷപൂര്‍വം പെരുമാറിയതിനാല്‍ നാം വിജയിച്ചു.

സാഹചര്യങ്ങളെല്ലാം അവര്‍ക്ക് അനുകൂലമായിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, വ്യവസായികള്‍, പണം എല്ലാം അവരുടെ കയ്യിലായിരുന്നു. സത്യം മാത്രമാണ് നമുക്കൊപ്പമുണ്ടായിരുന്നതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ 2022ല്‍ കോണ്‍ഗ്രസ് ഗുജറാത്തില്‍ അധികാരത്തിലെത്തുമെന്ന് ഞാന്‍ പറയുന്നു.

കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം വളര്‍ത്തുകയാണ് എന്റെ മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി. അതിന്റെ 70 ശതമാനം വിശ്വസിക്കാന്‍ നിങ്ങള്‍ തയാറായാല്‍ മതി ഫലം കാണാന്‍ സാധിക്കും. ഇപ്പോള്‍ ഗുജറാത്ത് കോണ്‍ഗ്രസിന് ആത്മവിശ്വാസം തിരികെ കിട്ടിയിരിക്കുന്നു.

ഈ തിരഞ്ഞെടുപ്പില്‍ 150 സീറ്റുകള്‍ കിട്ടുമെന്നാണ് ബിജെപി പറഞ്ഞിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുജറാത്ത് മോഡല്‍ തിരഞ്ഞെടുപ്പില്‍ പൊളിഞ്ഞെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.