ചാരക്കേസ് പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് എം.എം ഹസന്‍

single-img
24 December 2017

ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ടു നടത്തിയ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് എം.എം.ഹസന്‍. പരാമര്‍ശത്തിനു അനാവശ്യ വ്യാഖ്യാനങ്ങള്‍ നല്‍കേണ്ടതില്ല. ഗ്രൂപ്പിനു സമ്മര്‍ദമുണ്ടാക്കിയോ എന്ന് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടതില്ല.

പ്രകടിപ്പിച്ചത് ഏറെക്കാലമായി മനസ്സിലുണ്ടായിരുന്ന വികാരമാണെന്നും ഹസന്‍ പറഞ്ഞു. കെ.കരുണാകരന്റെ ഏഴാം ചരമവാര്‍ഷികത്തോടനുബന്ധിച്ചു ഡിസിസിയില്‍ നടത്തിയ അനുസ്മരണച്ചടങ്ങിലാണ് അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു നീക്കാന്‍ മുന്നില്‍നിന്നു പ്രവര്‍ത്തിച്ചതില്‍ ഖേദിക്കുന്നുവെന്നു ഹസന്‍ പറഞ്ഞത്.

കരുണാകരനെ നീക്കാനുള്ള ശ്രമത്തെ എ.കെ. ആന്റണി എതിര്‍ത്തിരുന്നു. നീക്കം പാര്‍ട്ടിക്കു ദോഷം ചെയ്യുമെന്ന നിലപാടായിരുന്നു അദ്ദേഹത്തിന്. ശൈലി മാറ്റണമെന്ന ആവശ്യമോ ശാസനയോ മതിയെന്നായിരുന്നു ആന്റണിയുടെ നിലപാട്. ഇക്കാര്യം പറഞ്ഞ് അദ്ദേഹം എന്നെയും ഉമ്മന്‍ ചാണ്ടിയെയും വിളിച്ചിരുന്നു.

ഇന്നു ചിന്തിക്കുമ്പോള്‍, ലീഡറോടു കാണിച്ചതു കടുത്ത അനീതിയാണെന്നു ബോധ്യമാകുന്നു. രാജിയിലേക്കു നയിച്ചത് ആന്റണിയാണെന്നു വാര്‍ത്ത വന്ന ഘട്ടത്തിലും ആന്റണി മൗനം പാലിച്ചു. കേന്ദ്രമന്ത്രിപദമൊഴിഞ്ഞ ആന്റണി, മനസ്സില്ലാ മനസ്സോടെയാണു മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുത്തതെന്നും ഹസന്‍ പറഞ്ഞിരുന്നു.