ലങ്കാ ദഹനം പൂര്‍ത്തിയാക്കാന്‍ ഇന്ത്യ: ബേസില്‍ തമ്പി കളിച്ചേക്കും

single-img
24 December 2017


ഇന്ത്യ ശ്രീലങ്ക ടി-20 പരമ്പരയിലെ അവസാന മത്സരം ഇന്ന് മുംബൈയില്‍ നടക്കും. ആദ്യ രണ്ട് മത്സരവും ജയിച്ച് ഇന്ത്യ ഇതിനോടകം പരമ്പര സ്വന്തമാക്കിയിട്ടുണ്ട്. ഇന്നും ജയിച്ച് സമ്പൂര്‍ണ പരമ്പര നേട്ടമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇന്ന് ജയ്‌ദേവ് ഉനാദ്കത്തിന് പകരം ബേസില്‍ തമ്പി ടീമിലെത്താനാണ് സാധ്യത.

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനു മുന്‍പായി അവസാന മല്‍സരത്തിനിറങ്ങുന്ന ടീം ഇന്ത്യയ്ക്ക് ആശ്വസിക്കാന്‍ ഏറെയുണ്ട്. ക്യാപ്റ്റന്റെ ഉത്തരവാദിത്തമേറ്റതോടെ ബാറ്റിങ്ങിന്റെ ചൂടേറിയ രോഹിത് ശര്‍മയ്‌ക്കൊപ്പം രണ്ടു അര്‍ധ സെഞ്ചുറികളുമായി ലോകേഷ് രാഹുലും മികവുകാട്ടുന്നു. ഇന്‍ഡോറില്‍ മൂന്നാംസ്ഥാനത്ത് ബാറ്റിങ്ങിനെത്തിയ എം.എസ്. ധോണിക്കും അതിവേഗ സ്‌കോറിങ്ങിലൂടെ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കാനായി.

യുസ്‌വേന്ദ്ര ചാഹലും കുല്‍ദീപ് യാദവും ചേര്‍ന്ന് കഴിഞ്ഞ രണ്ടുമല്‍സരങ്ങളില്‍ നിന്ന് പിഴുതത് 13 ശ്രീലങ്കന്‍ വിക്കറ്റുകളാണ്. ഈ വര്‍ഷം 23 വിക്കറ്റുകള്‍ വീഴ്ത്തിയ ചാഹലിന്റെ പേരിലാണ് ട്വന്റി20യിലെ കൂടുതല്‍ വിക്കറ്റുനേട്ടം. അതേസമയം പ്രതാപകാലത്തിന്റെ നിഴല്‍ മാത്രമായ ലങ്കയ്‌ക്കെതിരായ മല്‍സരത്തിലൂടെ ടീം ഇന്ത്യയുടെ മികവളക്കരുതെന്ന വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

അതിനിടെ നാണക്കേടില്‍ നിന്ന് രക്ഷപ്പെടണമെങ്കില്‍ ശ്രീലങ്കക്കിന്ന് ജയം അനിവാര്യമാണ്. ടെസ്റ്റ്, ഏകദിന പരമ്പര നഷ്ടമായ ലങ്ക ആശ്വാസ ജയം തേടിയാണ് മുംബൈയില്‍ ഇറങ്ങുക. ആദ്യ മത്സരത്തില്‍ 93 റണ്‍സിനും രണ്ടാം മത്സരത്തില്‍ 88 റണ്‍സിനുമാണ് ഇന്ത്യ ശ്രീലങ്കയെ തകര്‍ത്തത്. ഫോമിലേക്ക് തിരിച്ചെത്തിയ വെറ്ററന്‍ താരം എയ്ഞ്ചലോ മാത്യൂസിന് പരുക്കേറ്റത് ഇന്ന് ആശ്വാസജയം തേടിയിറങ്ങുന്ന സന്ദര്‍ശകര്‍ക്ക് തിരിച്ചടിയാണ്.