ദുബൈ വിമാനത്താവളം നിശ്ചലമായി: ക്രിസ്മസ് ആഘോഷത്തിനായി നാട്ടിലേക്ക് തിരിച്ച പ്രവാസികൾ കുടുങ്ങി

single-img
24 December 2017

ദുബൈ: രണ്ടു ദിവസമായി തുടരുന്ന കോടമഞ്ഞ് ദുബൈ വിമാനത്താവളത്തിന്റെ പ്രവർത്തനവും തടസ്സപ്പെടുത്തി. പുലർച്ചെ പോകാനിരുന്ന കോഴിക്കോട്, കൊച്ചി വിമാനങ്ങളടക്കം വൈകി. വിവിധ നഗരങ്ങളിൽ നിന്നുള്ള നിരവധി വിമാനങ്ങൾ മറ്റു വിമാനത്താവളങ്ങളിലേക്ക് വഴി തിരിച്ചു വിടുകയും ചെയ്തു.

ശനിയാഴ്ച പുലർച്ചെ മുതൽ കെട്ടിടങ്ങളോ വാഹനങ്ങളോ കാണാനാവാത്ത വിധം ദുബൈയിൽ മഞ്ഞു മൂടിയിരുന്നു. രാത്രിയായതോടെ റോഡിലൂടെ വാഹനങ്ങൾ പോലും ഏറെ പ്രയാസപ്പെട്ടാണ് മുന്നോട്ടു നീങ്ങിയത്. കാഴ്ച പൂർണമായി തടസ്സപ്പെടുന്ന രീതിയിലേക്ക് മഞ്ഞ് വ്യാപിച്ചതോടെ വ്യോമഗതാഗതത്തെയും ഇതു തടസ്സപ്പെടുത്തി.

പുലർച്ചെ 3.05ന് കൊച്ചിയിലേക്ക് പുറപ്പെടാനായി അർധ രാത്രി തന്നെ ചെക്ക് ഇൻ ചെയ്ത സ്‌പൈസ് ജെറ്റ് വിമാനത്തിലെ യാത്രക്കാർ ഉച്ചക്ക് 11 മണിക്കും വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുകയാണ്. സ്ത്രീകളും കുഞ്ഞുങ്ങളും ഉൾപ്പെടെ 200 ഓളം യാത്രക്കാർ ദുരിതത്തിലായിട്ടും കമ്പനി അധികൃതർ തിരിഞ്ഞു നോക്കിയില്ലെന്ന് പരാതി ഉയർന്നിട്ടുണ്ട്.

ക്രിസ്മസ് ആഘോഷത്തിനായി നാട്ടിലേക്ക് തിരിച്ച യാത്രക്കാരാണ് കുടുങ്ങിയവരിൽ ഏറെയും. ദുബൈയിൽ ഇറങ്ങേണ്ടിയിരുന്ന പല വിമാനങ്ങളും റാസൽഖൈമ, മക്തൂം വിമാനത്താവളങ്ങളിലാണ് ലാന്റ്് ചെയ്തത്.