ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ ടി ടി വി ദിനകരന്‍ അട്ടിമറി ജയത്തിലേയ്ക്ക്

single-img
24 December 2017

തമിഴ് രാഷ്ട്രീയത്തില്‍ നിര്‍ണായകമായേക്കാവുന്ന ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ അട്ടിമറി ജയത്തിലേയ്ക്ക് ടി ടി വി ദിനകരന്‍. തുടക്കം മുതലേ ലീഡ് നിലനിര്‍ത്തി മുന്നേറുന്ന ദിനകരന്‍, എക്‌സിറ്റ് പോളുകളുടെ പ്രവചനം ശരിവയ്ക്കുന്ന പ്രകടനമാണ് ആദ്യ റൗണ്ടുകളില്‍ കാഴ്ചവയ്ക്കുന്നത്.

നിലവില്‍ ആയിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിന് മുന്നിലാണ് ദിനകരന്‍. ചെന്നൈ മറീനാ ബീച്ചിനു സമീപമാണ് വോട്ടെണ്ണല്‍ കേന്ദ്രം. ഇവിടെ ശക്തമായ സുരക്ഷാ സംവിധാനങ്ങളൊരുക്കിയാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. പണമൊഴുകിയ തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും അനായാസ ജയം അവകാശപ്പെടാനാകാത്ത സാഹചര്യമായതിനാല്‍ വാശിക്ക് തെല്ലും കുറവില്ല.

രാഷ്ട്രീയമായി നിര്‍ണായകമായതിനാല്‍ മൂന്നു സ്ഥാനാര്‍ഥികളും ഒന്നിനൊന്നു മികച്ച പോരാട്ടമാണ് പ്രചാരണരംഗത്തു കാഴ്ചവച്ചത്. ഭരണകക്ഷിയെന്ന നിലയില്‍ ഒപിഎസ്, പളനിസ്വാമി നേതൃത്വത്തിനു വളരെ പ്രധാനപ്പെട്ടതാണു തിരഞ്ഞെടുപ്പ്. അണ്ണാ ഡിഎംകെയെ നിയന്ത്രിച്ചിരുന്ന മന്നാര്‍ഗുഡി സംഘത്തില്‍നിന്നു പാര്‍ട്ടി പിടിച്ചശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ്.

അതും പാര്‍ട്ടിയുടെ അനിഷേധ്യ നേതാവായിരുന്ന ജയലളിത മത്സരിച്ചിരുന്ന മണ്ഡലത്തില്‍. ജയലളിതയുടെ മരണശേഷം മന്നാര്‍ഗുഡി സംഘവുമായി തെറ്റിയ പനീര്‍സെല്‍വം പാര്‍ട്ടിയില്‍ പ്രതിപക്ഷ സ്വരമുയര്‍ത്തി പാര്‍ട്ടി പിളര്‍ത്തുകയായിരുന്നു.

അഴിമതിക്കേസില്‍ ശശികല ജയിലിലേക്കു പോയതിനുശേഷം പളനിസ്വാമിയും പനീര്‍ശെല്‍വവും അഭിപ്രായ ഭിന്നതകള്‍ മറന്ന് ഒന്നിച്ചു. ചില കാര്യങ്ങളില്‍ പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഇരുനേതാക്കളും തിരഞ്ഞെടുപ്പിനെ നേരിട്ടത് ഒറ്റക്കെട്ടായാണ്. ഇരുവരും സ്ഥാനാര്‍ഥിയുടെ ഇടവും വലവും പ്രചാരണത്തിനുണ്ടായിരുന്നു.