കോഴിക്കോട്-ഷാര്‍ജ എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനം ഒമാനില്‍ കുടുങ്ങി

single-img
24 December 2017


കോഴിക്കോട് നിന്ന് ഇന്നലെ രാത്രി 10.40ന് ഷാര്‍ജയിലേയ്ക്ക് പുറപ്പെട്ട ഐഎക്‌സ് 343 വിമാനം ഒമാനിലെ മസ്‌കത്തില്‍ കുടുങ്ങി. യുഎഇയില്‍ അനുഭവപ്പെടുന്ന കനത്ത മൂടല്‍മഞ്ഞ് കാരണം ഷാര്‍ജയില്‍ പറന്നിറങ്ങാന്‍ സാധ്യമല്ലാത്തതിനാല്‍ വിമാനം പുലര്‍ച്ചെ 1.10ന് മസ്‌കത്ത് രാജ്യാന്തര വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു.

നിയമപരമായ കാരണത്താല്‍ യാത്രക്കാര്‍ക്ക് വിമാനത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിക്കില്ല. ഇതോടെ സ്ത്രീകളും കുട്ടികളുമടക്കം ഇരുനൂറിലേറെ യാത്രക്കാര്‍ മണിക്കൂറുകളായി വിമാനത്തിനകത്ത് കുടുങ്ങിക്കിടക്കുകയാണ്. വെള്ളം, ഭക്ഷണം എന്നിവയൊന്നും യാത്രക്കാര്‍ക്ക് ലഭിച്ചിട്ടില്ല എന്ന പരാതിയുണ്ട്.

വിമാനത്തിനകത്തെ ശൗചാലയം മാത്രമാണ് യാത്രക്കാര്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുക എന്നതിനാല്‍ തിരക്കു കാരണം പലരും വളരെ ബുദ്ധിമുട്ടിലായി. വിമാന ജീവനക്കാരോട് പരാതിപ്പെട്ടെങ്കിലും മാന്യമായ പ്രതികരണം ലഭിക്കുന്നില്ലെന്നും യാത്രക്കാര്‍ പരാതിപ്പെട്ടു.