ഇന്ത്യയിലെ ഏറ്റവും സമ്പന്നരുടെ പട്ടികയില്‍ മോഹന്‍ലാലും ദുല്‍ഖര്‍ സല്‍മാനും

single-img
23 December 2017

2016-2017 വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കിയ ഇന്ത്യന്‍ സെലിബ്രിറ്റികളുടെ പട്ടികയില്‍ മോഹന്‍ലാലും ദുല്‍ഖർ സല്‍മാനും ഇടംപിടിച്ചു. ഫോബ്‌സ് മാസിക തയ്യാറാക്കിയ നൂറു പേരുടെ പട്ടികയില്‍ 73,79 റാങ്കുകളിലായാണ് ഇവര്‍ ഇടം നേടിയത്.

സല്‍മാന്‍ ഖാനാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഷാരൂഖ് ഖാനും ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

2016 സെപ്തംബര്‍ മുതല്‍ 2017 സെപ്തംബര്‍ വരെയുള്ള ഒരു വര്‍ഷത്തിനിടെ താരങ്ങള്‍ക്ക് ലഭിച്ച വരുമാനം അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഫോബ്‌സിന്റെ കണക്കുകള്‍ അനുസരിച്ച് 11.03 കോടി രൂപയാണ് ഇക്കാലയളവില്‍ മോഹന്‍ലാലിന്റെ വരുമാനം. 9.28 കോടി രൂപയാണ് ദുല്‍ഖര്‍ സമ്പാദിച്ചത്. ദുല്‍ഖറിന് താഴെ 81ാം സ്ഥാനത്താണ് തെലുങ്ക് സൂപ്പര്‍താരമായ അല്ലു അര്‍ജുന്‍. 2017ലെ ആളുകളുടെ താരമൂല്യമാണ് ഫോബ്‌സ് മാസിക അടിസ്ഥാനമാക്കിയത്.

233 കോടി രൂപയാണ് സല്‍മാന്‍ ഖാന്റെ വാര്‍ഷിക വരുമാനം. ഷാരൂഖിന് 170 കോടിയും കോഹ്‌ലിക്ക് 100 കോടിയുമാണ് താരമൂല്ല്യം. ക്രിക്കറ്റില്‍ നിന്നും വിരമിച്ച സചിന്‍ ടെണ്ടുല്‍ക്കറും പട്ടികയിലുണ്ട്. അക്ഷയ് കുമാറിന് താഴെ അഞ്ചാം സ്ഥാനത്താണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ആമിര്‍ ഖാന്‍ 68.75 കോടിയുമായി ആറാം സ്ഥാനത്ത്.