ദിലീപിന്റെ പരാതിയില്‍ വിധി പറയുന്നത് മാറ്റി

single-img
23 December 2017

നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം ചോര്‍ന്നെന്ന ദിലീപിന്റെ പരാതിയില്‍  വിധി പറയുന്നത് അങ്കമാലി കോടതി ജനുവരി ഒന്‍പതിലേക്ക് മാറ്റി.

കേസിൽ പൊലീസിന്‍റെ വാദം കഴിഞ്ഞയാഴ്ച പൂർത്തിയായിരുന്നു. കുറ്റപത്രം ചോര്‍ന്നതില്‍ പോലീസിന് പങ്കില്ലെന്നും പ്രതിഭാഗമാണ് കുറ്റപത്രം ചോര്‍ത്തിയതെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

അതേസമയം, ഫോൺ രേഖകളടക്കമുള്ള കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ദിലീപാണ് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയതെന്നും ദിലീപ് ഹരിഛന്ദ്രനല്ലെന്നുമാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുമ്പോള്‍ അതിന്‍റെ ദൃശ്യം ശേഖരിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്തത്. ഇതിനെ തടയാന്‍ ആകില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

കുറ്റപത്രം ചോര്‍ന്നതില്‍ പൊലീസിന്‍റെ പങ്ക് തെളിയിക്കുന്നതിനായി കുറ്റപത്രം സമര്‍പ്പിച്ച ദിവസം ദൃശ്യമാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ ഉള്‍പ്പെടുത്തിയ പെന്‍ഡ്രൈവ് ദിലീപിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ചു. ദിലീപിന്‍റെ വാദത്തിന് കരുത്തേകാനായിരുന്നു ഇത്. നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നതിനുമുമ്പ് അന്വേഷണ സംഘം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നും തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ അന്വേഷണ സംഘം മനപൂര്‍വ്വം ശ്രമിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് ദിലീപ് കോടതിയെ സമീപിച്ചത്.

ഇതിനിടെ നടിയെ ആക്രമിച്ച കേസിൽ സാക്ഷിമൊഴി പ്രസിദ്ധീകരിച്ച മാധ്യമങ്ങൾക്കെതിരേ പോലീസ് കോടതിയെ സമീപിച്ചു. താരങ്ങളുടെ മൊഴി പ്രസിദ്ധീകരിച്ചത് നിയമവിരുദ്ധമാണെന്നും കോടതി ഇടപെടൽ വേണമെന്നും ചൂണ്ടിക്കാട്ടി അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് പോലീസ് ഹർജി നൽകിയത്.