പെണ്ണുങ്ങൾക്ക് എങ്ങനെ ബുദ്ധിജീവിപട്ടം നേടാം: വീഡിയോയ്ക്ക് മറുപടിയുമായി ബി. അരുന്ധതി

single-img
23 December 2017

സിനിമാ മേഖലയിൽ അടുത്തിടെ നടന്നുവരുന്ന വാദപ്രതിവാദങ്ങളുടെ ചുവടു പിടിച്ച്  ലക്ഷ്‌മി എന്ന പെൺകുട്ടി തന്റെ യൂ ട്യൂബ് ചാനലിലൂടെ  അവതരിപ്പിച്ച പെണ്ണുങ്ങൾക്ക് എങ്ങനെ ബുദ്ധിജീവിപട്ടം നേടാമെന്ന വീഡിയോ സോഷ്യൽ മീഡിയയിൽ  വൈറലായിരുന്നു.  എന്നാൽ ലക്ഷ്മിക്ക് അതേനാണയത്തിൽ മറുപടി നൽകിയിരിക്കുകയാണ് സോഷ്യൽ ആക്റ്റിവിസ്റ്റായ ബി. അരുന്ധതി. ഫെയ്സ്ബുക്കിലൂടെയാണ് അരുന്ധതിയുടെ മറുപടി.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

”ബുദ്ധിജീവി” വീഡിയോ ഒരു പ്രൊപഗാൻഡ വർക്കാണ്. വിമർശിക്കപ്പെടേണ്ടതാണ്.

ലക്ഷ്‌മി മേനോന്റെ വീഡിയോ കൗതുകത്തോടെയാണാദ്യം കണ്ടത്. സ്‌ളീവ് ലെസ് ബ്ളൗസും വെട്ടിയ മുടിയുമുള്ള ഫെമിനിസ്‌റ്റ് ”കൊച്ചമ്മ” കോമഡികളിൽ നിന്ന്, തലേക്കെട്ടും കണ്ണടയുമുള്ള ”ബുദ്ധിജീവി” കോമഡികളിലേക്ക് പൊതുബോധം മാറിയിട്ട് കുറച്ചായല്ലോ. എെ.എഫ്.എഫ്.കെ കാലത്ത് ഇത്തരക്കാരുടെ ആക്രമണം കൂടുകയും ചെയ്‌തു. പബ്ളിക് സ്‌പേസ് claim ചെയ്യുന്ന സ്ത്രീകൾക്കെതിരായി ഇവിടുത്തെ ആൺബോധത്തിൽ വർഷങ്ങളായി നിലനിൽക്കുന്ന പരിഹാസങ്ങൾ തന്നെയാണല്ലോ ലക്ഷ്‌മിയും അവതരിപ്പിച്ചത്, അവരത് സ്‌മാർട്ടായി ചെയ്‌തല്ലോ എന്നതായിരുന്നു ഫസ്റ്റ് ഇംപ്രഷൻ.

അധികം വൈകാതെ വീഡിയോ ഇൻബോക്‌സിലേക്കും കമൻറുകളിലേക്കും എത്തിത്തുടങ്ങി. അയക്കുന്നവരിൽ ഭൂരിഭാഗവും സംഘികളാണ്. ഫാൻ വെട്ടുകിളികളുമുണ്ട്. ”കാണെടീ ഡാഷ് മോളേ.. കാണ്” എന്ന് പുച്ഛിക്കുന്ന മെസേജുകളുടെ എണ്ണം കൂടിയപ്പൊ ഒരുവട്ടം കൂടി വീഡിയോ കണ്ടു.

”മമ്മൂട്ടി, മോഹൻലാൽ എന്നീ മാവുകൾക്കിട്ട് എറിയാവുന്നതാണ്” എന്ന ഒറ്റ വരിയിൽ, പാർവതി നടത്തുന്ന പോരാട്ടങ്ങളെ റദ്ദ് ചെയ്യുന്നു. പുസ്തകം വായിക്കുന്ന, സിനിമ കാണുന്ന, അതിലും പ്രധാനമായി സമരങ്ങളിൽ സജീവമായിടപെടുന്ന പെൺകുട്ടികളെ മുഴുവൻ പ്രിട്ടൻഷ്യസ് ജീവികളാക്കുകയാണ് വീഡിയോ.

”കുലസ്ത്രീ” മോഡൽ പിന്തുടരാത്ത പെൺകുട്ടികൾ എന്തുകൊണ്ട് ആക്രമിക്കപ്പെടുന്നു? കേരളത്തിലെ സർക്കാർ സ്‌കൂളുകളിൽ പോലും പെൺകുട്ടികളുടെ ശരീരങ്ങൾക്ക് മേൽ അലിഖിത നിയമങ്ങളുണ്ട്. പ്രെെവറ്റ് സ്‌കൂളുകളുടെ കാര്യം പറയാനില്ല. സ്വന്തം വസ്ത്രധാരണത്തിലോ മുടിയിലോ യാതൊരു തെരഞ്ഞെടുപ്പിനും അവകാശമില്ലാതെയാണ് 17 വയസു വരെയെങ്കിലും നമ്മുടെ പെൺകുട്ടികൾ വളരുന്നത്. മുടിയഴിച്ചിട്ട് പുറത്തിറങ്ങുന്നത് പോലും ”അഴിഞ്ഞാട്ട”മാകുന്ന ഒരു സമൂഹത്തിലാണ് നിർഭാഗ്യവശാൽ നമ്മൾ ജീവിക്കുന്നത്.

അവിടെയാണ് കുറേയേറെ സ്ത്രീകൾ അടക്കാനുമൊതുക്കാനും കഴിയാത്തവരായി മുന്നോട്ടുവരുന്നത്. മുണ്ടുടുക്കുകയോ മുടിയെടുത്തുച്ചിയിൽ കെട്ടുകയോ മാത്രമല്ല ഈ പെൺകുട്ടികൾ ചെയ്യുന്നത്. സദാചാര പൊലീസ് കളിക്കുന്ന ആങ്ങളമാരോട് #OMKV പറയുന്ന, സമരങ്ങളിൽ സജീവസാന്നിധ്യമാവുന്ന, സിനിമയിലും സാഹിത്യത്തിലും അപ്‌ഡേറ്റഡായ പെൺകുട്ടികൾ പത്തോ നൂറോ അല്ല ഇന്ന് കേരളത്തിൽ.

പൊതുസ്ഥലങ്ങളിൽ പൊതുബോധത്തെ വകവയ്‌ക്കാതെ ഇടപെടുന്ന ഈ സ്ത്രീകൾ മുഴുവൻ പ്രിട്ടൻഷ്യസ് ആണെന്ന് വരുത്തിത്തീർക്കുന്നതിലൂടെ, ആണധികാര വ്യവസ്ഥയ്‌ക്ക് വലിയ സേവനം ചെയ്യുകയാണ് ലക്ഷ്‌മി. സ്ത്രീകൾക്കെതിരെ പറയാൻ സ്ത്രീയെക്കിട്ടിയാൽ അതിലും മികച്ച ആയുധമെന്തുണ്ട്. സുജയുടെ പോസ്റ്റിനെക്കാൾ വളരെ വലുതാണ് ലക്ഷ്‌മിയുടെ വീഡിയോ ഉണ്ടാക്കിയ ഡാമേജ്. അത് ഷെയർ ചെയ്യുന്നവരിൽ ”ശംഖൊലി” യും ”People’s Political Platform”ഉം ഒറ്റക്കെട്ടാണെന്നത്, സ്ത്രീവിരുദ്ധതയ്‌ക്ക് കേരളത്തിൽ പാർട്ടിഭേദമില്ലെന്ന വസ്‌തുതയ്‌ക്ക് അടിവരയിടുന്നു.