രാജസ്ഥാനിൽ നിന്നും കാണാതായ 23 വയസ്സുകാരിയെ തെരഞ്ഞുപോയ എൻ ജി ഓ പ്രവർത്തകർ ദില്ലിയിലെ പെൺവാണിഭത്തിന്റെ ഇരുമ്പു കോട്ട തകർത്ത കഥ

single-img
22 December 2017

രാജസ്ഥാനിൽ നിന്നും കാണാതായ 23 വയസ്സുള്ള ഒരു യുവതിയെത്തേടിയുള്ള അവരുടെ ബന്ധുക്കളുടെ അന്വേഷണമാണു ഡൽഹി നഗരത്തിൽ നൂറിലധികം പെൺകുട്ടികളെ അനധികൃതമായി തടങ്കലിൽ വെച്ച് ലൈംഗിക ചൂഷണം നടത്തിയിരുന്ന ബാബാ വീരേന്ദ്ര ദേവ് ദീക്ഷിത് എന്ന ക്രിമിനൽ സ്വാമിയുടെ സാമ്രാജ്യത്തിന്റെ ഇരുമ്പു വാതിലുകൾ പൊളിഞ്ഞുവീഴുന്ന സാഹചര്യത്തിലേയ്ക്ക് നയിച്ചത്.

ഇക്കഴിഞ്ഞ നവംബർ 9-നാണു രാജസ്ഥാനിലെ പിലാനിയിൽ നിന്നും 23 വയസ്സുള്ള യുവതി അപ്രത്യക്ഷമാകുന്നത്. ആദ്യമൊക്കെ പിലാനിയിലേയും ജയ്പ്പൂരിലേയും ബസ് സ്റ്റാൻഡുകളിലും മറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ദിവസങ്ങൾക്കു ശേഷം മൻഡേല പോലീസ് സ്റ്റേഷനിൽ യുവതിയുടേതായി ഒരു സത്യവാങ്മൂലം എത്തി. താൻ സ്വമനസ്സാലെ ആദ്ധ്യാത്മിക് വിശ്വവിദ്യാലയത്തിലെ അന്തേവാസിയായി ചേരുകയാണു എന്നായിരുന്നു യുവതി പോലീസ് സ്റ്റേഷനിൽ പ്രസ്താവനയായി നൽകിയത്.

പിന്നീട്  ആശ്രമങ്ങൾ കേന്ദ്രീകരിച്ചായി അന്വേഷണം. ഒടുവിൽ ഫൌണ്ടേഷൻ ഫോർ സോഷ്യൽ എംപവർമെന്റ് എന്ന എൻ ജി ഓയുടെ സഹായം തേടി. അവർ ഉടൻ തന്നെ  അഭിഭാഷകർ, ആശ്രമത്തിലെ മുൻ അന്തേവാസികൾ, ലോക്കൽ പോലീസിലെ ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന ഒരു സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.

രാജസ്ഥാൻ പോലീസ് പെൺകുട്ടിയുടെ കോൾ റെക്കോർഡുകൾ പരിശോധിച്ചപ്പോൾ ഹരിയാനയിലെ റേവാരിയിലാണു അവരുടെ ഫോൺ അവസാനം ട്രെയ്സ് ചെയ്യാൻ സാധിച്ചത്. റേവാരിയ്ക്കടുത്തുള്ള പ്രധാന നഗരം ഡൽഹിയിലാണു. പെൺകുട്ടിയുടെ സഹോദരൻ തന്റെ ഒരു ആന്റിയേയും കൂട്ടി ജയ്പ്പൂരിലെ ആശ്രമത്തിന്റെ ബ്രാഞ്ചിലെത്തി. ആന്റിയെ ഡൽഹിയിലെ ആശ്രമത്തിൽ ചേർക്കാനാണു എന്നു പറഞ്ഞപ്പോൾ രോഹിണിയിലുള്ള ആദ്ധ്യാത്മിക് വിശ്വവിദ്യാലയത്തിന്റെ വിലാസം ലഭിച്ചു.

ഡൽഹിയിലെത്തി ലോക്കൽ പോലീസിനെക്കൊണ്ട് ആശ്രമം റെയിഡ് ചെയ്യിക്കാൻ എൻ ജി ഓ പ്രവർത്തകർ ശ്രമിച്ചെങ്കിലും അവർ തയ്യാറായില്ല. ഇക്കഴിഞ്ഞ നവംബർ 29-നു എൻ ജി ഓ പ്രവർത്തകരും യുവതിയുടെ ബന്ധുക്കളും ആശ്രമത്തിൽ കയറി. എന്നാൽ മടങ്ങിവരാനുള്ള വീട്ടുകാരുടെ അഭ്യർത്ഥനയെ യുവതി നിരസിച്ചു. യുവതിയുടെ അച്ഛൻ അവരുടെ മുന്നിൽ കുഴഞ്ഞുവീണിട്ടും യാതൊരു ഭാവമാറ്റവുമില്ലാതെ അവർ നിൽക്കുകയും ചെയ്തു. താൻ ആശ്രമത്തിൽ നിന്നും അറിവുനേടിക്കൊണ്ടിരിക്കുകയാണെന്നും തിരിച്ചുവരില്ലെന്നും അവർ പറഞ്ഞു.

ആശ്രമത്തിനുള്ളിലെ അന്തേവാസികളുടെ അവസ്ഥ കണ്ട എൻ ജി ഓ പ്രവർത്തകർ ഞെട്ടി. നിരവധി യുവതികൾ അതിനുള്ളിൽ തടങ്കലിലാണെന്ന് മനസ്സിലാക്കിയ എൻ ജി ഓ സംഘം ആശ്രമത്തിന്റെ കള്ളികൾ വെളിച്ചത്ത് കൊണ്ടുവരാൻ തീരുമാനിച്ചു.

ഇതുപോലെ പെണ്മക്കളെ ആശ്രമത്തിൽ നിന്നും പുറത്തിറക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന മറ്റു മാതാപിതാക്കളെ കണ്ടുപിടിക്കുക എന്ന ദൌത്യത്തിലേയ്ക്കാണു എൻ ജി ഓ പിന്നീടിറങ്ങിയത്. സമാനമായ പരാതികളുടെ 11 എഫ് ഐ ആറുകൾ ഇവർ കണ്ടെത്തി. ഇവയിൽ രണ്ടെണ്ണം ഡൽഹിയിലും നാലെണ്ണം യുപിയിലെ കാൺപൂ‍രിലും ചിലത് രാജസ്ഥാനിലുമായിരുന്നു രജിസ്റ്റർ ചെയ്തിരുന്നത്. കൂടാതെ 6 ഡി ഡി (ഏയ്ലി ഡയറി )  എൻട്രികളും വിവിധ പോലീസ് സ്റ്റേഷനുകളിൽ നിന്നായി എൻ ജി ഓ പ്രവർത്തകർ കണ്ടെത്തി.

ഈ വിവരങ്ങളെല്ലാം ചേർത്ത് എൻ ജി ഓ ഡൽഹി ഹൈക്കോടതിയിൽ ഒരു പൊതുതാല്പര്യ ഹർജ്ജി നൽകി. ഈ ഹർജ്ജിയിന്മേലാണു ഹൈക്കോടതി ഡൽഹി വനിതാ കമ്മീഷൻ അദ്ധ്യക്ഷ സ്വാതി മലിവാളിന്റെ നേതൃത്വത്തിൽ ഒരു കമ്മീഷനെ നിയമിച്ച് അന്വേഷണം നടത്താൻ ഉത്തരവിട്ടത്.

വീരേന്ദർ ദേവ് ദീക്ഷിത് എന്ന ബാബ

വീരേന്ദർ ദേവ് ദീക്ഷിത്

ബ്രഹ്മകുമാരിസ് ഗ്രൂപ്പിന്റെ ആശ്രമങ്ങളിൽ നിന്നാണു നാൽപ്പതു വർഷം മുൻപ് വീരേന്ദ്രർ ദേവ് ദീക്ഷിതിന്റെ ആദ്ധ്യാത്മിക യാത്ര ആരംഭിക്കുന്നത്. ഉത്തർപ്രദേശിലെ ഫറൂക്കാബാദ് സ്വദേശിയാണിയാൾ.

1970-ൽ ബ്രഹ്മകുമാരീസ് ഗ്രൂപ്പിന്റെ അഹമ്മദാബാദിലെ ആശ്രമത്തിലെ ഒരു മുതിർന്ന അംഗം മരിച്ചപ്പോൾ അയാളുടെ ആത്മാവ് തന്റെ ശരീരത്തിൽ ആവാഹിക്കപ്പെട്ടു എന്നവകാശപ്പെട്ട് ആശ്രമ മേധാവിയാകാൻ ഇയാൾ ശ്രമം നടത്തി. അന്ന് ആശ്രമത്തിൽ നിന്നും പുറത്താക്കപ്പെട്ടപ്പോഴാണു ഇയാൾ നിലവിലെ സ്ഥാപനമായ ആദ്ധ്യാത്മിക് വിശ്വവിദ്യാലയ ആരംഭിക്കുന്നത്.

ഫറൂഖാബാദിനടുത്തുള്ള കമ്പിൽ എന്ന ഗ്രാമത്തിലാണു ഇയാൾ ആദ്യത്തെ ആശ്രമം സ്ഥാപിക്കുന്നത്. പിന്നീറ്റ് പേരും പ്രശസ്തിയും വർദ്ധിച്ചു വന്നപ്പോൾ ഡൽഹിയിലെ രോഹിണിയിൽ ഒരു ആശ്രമം സ്ഥാപിച്ചു. 1998- കൽക്കട്ടയിലെ ഒരു കുടുംബം അവരുടെ മകളെ അന്യായമായി തടങ്കലിൽ പാർപ്പിച്ചിരിക്കുന്നു എന്നു കാട്ടി ദീക്ഷിതിനെതിരേ കേസ് ഫയൽ ചെയ്തിരുന്നു.

ആശ്രമം എന്ന പീഡനകേന്ദ്രം

അഞ്ചുനിലകളുള്ള ആദ്ധ്യാത്മിക് വിശ്വവിദ്യാലത്തിനുള്ളിൽക്കറ്റന്ന അന്വേഷണക്കമ്മീഷൻ അംഗങ്ങൾ കന്റത് കനത്ത ഇരുമ്പു വാതിലുകളും വെളിച്ചം പോലും കടക്കാത്ത മുറികളിൽ പൂട്ടിയിട്ടിരിക്കുന്ന സ്ത്രീകളേയുമാണു. ചാക്കിൽ കെട്ടിയ നിലയിൽ മയക്കുമരുന്നുകളും സിറിഞ്ചുകളും, മയക്കുമരുന്നിന്റെ പ്രഭാവത്തിൽ പാതി മയങ്ങിയ അവസ്ഥയിൽ നിൽക്കുന്ന സ്ത്രീകൾ. അവരിൽ നിരവധി പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ. പ്രായപൂർത്തിയായവരിൽ ചിലർ പതിന്നാലുകൊല്ലം മുതൽ ഇരുഅപ്ത്തിയഞ്ചുകൊല്ലമായി ഈ ആശ്രമത്തിൽ തടങ്കലിലാണു.

ഡൽഹി വനിതാ കമ്മീഷൻ അദ്ധ്യക്ഷ സ്വാതി മലിവാളിന്റെ നേതൃത്വത്തിലായിരുന്നു റെയിഡ്. ബുധനാഴ്ച പരിശോധനയ്ക്കെത്തിയ പോലീസും വനിതാ കമ്മിഷന്‍ അംഗങ്ങളും ഉള്‍പ്പെടുന്ന സംഘത്തെ നടത്തിപ്പുകാര്‍ കെട്ടിടത്തിനുള്ളില്‍ പൂട്ടിയിട്ടു. ഇവര്‍ ബഹളംവെച്ചതിനെത്തുടര്‍ന്ന് ഇരുമ്പുവാതില്‍ മുറിച്ചാണ് പുറത്ത് കാവലുണ്ടായിരുന്ന പോലീസുകാര്‍ രക്ഷിച്ചത്.

സർവ്വകലാശാലയെന്നാണു ആശ്രമത്തിനു മുന്നിലെ ബോർഡിലുള്ളതെങ്കിലും അവിടെ നടക്കുന്നത് പെൺവാണിഭമായിരുന്നുവെന്ന് ആശ്രമത്തിന്റെ പരിസരത്ത് താമസിച്ചിരുന്നവർ മാധ്യമങ്ങളോട് പറഞ്ഞു. രാത്രികളില്‍ പലപ്പോഴും നിലവിളി കേള്‍ക്കാറുണ്ടായിരുന്നെന്നും സമീപവാസികള്‍ പറയുന്നു.

പുറത്തുനിന്നാര്‍ക്കും അകത്തേക്ക് പ്രവേശനവുമില്ല. രാജ്യത്തിന്റെ പലയിടങ്ങളില്‍നിന്നുള്ള പെണ്‍കുട്ടികളാണ് ഇവിടത്തെ അന്തേവാസികള്‍. ഇരുമ്പുവാതിലുകളാല്‍ അടച്ചുകെട്ടിയ കെട്ടിടത്തില്‍ സൂര്യപ്രകാശം കടക്കാന്‍പോലും പഴുതില്ല. ജയിലിന് സമാനമായ രീതിയിലാണ് കെട്ടിടത്തിന്റെ നിര്‍മിതി. ജനല്‍ക്കമ്പികളിലും വരാന്തയിലെ വേലിക്കെട്ടുകളിലും വൈദ്യുതിപ്രവാഹമുണ്ടായിരുന്നു.

മിക്കവാറും സ്ത്രീകളും ചത്തിസ്ഗഢിൽ നിന്നും യുപിയിൽ നിന്നും ഉള്ളവരായിരുന്നു.

“പുറം ലോകവുമായി ഞങ്ങൾ സമ്പർക്കം പുലർത്തുന്നത് പാപമാണെന്ന് അവർ ഞങ്ങളെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. പുറത്തിറങ്ങിയാൽ അവിടുത്തെ സാഹചര്യങ്ങളെ അതിജീവിക്കാൻ കഴിയാതെ ഞങ്ങൾ മരിച്ചുപോകുമെന്നും അവർ പറഞ്ഞു. ബാബ എന്നോട് പ്രഞ്ഞിരുന്നത് ഞാൻ അയാളുടെ 16000 റാണിമാരിൽ ഒരാളാണെന്നാണു. എന്നെ അയാൾ നിരവധി തവണ ലംഗികമയി ചൂഷണം ചെയ്യുകയും ചെയ്തിട്ടുണ്ട്.” ആശ്രമത്തിൽ നിന്നും പുറത്തുവന്ന 32 വയസ്സുകാരിയായ ഒരു സ്ത്രീ ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു.

ആശ്രമത്തിൽ നിന്നും ഡൽഹി വനിതാ കമ്മീഷനും ചൈൽഡ് വെൽഫെയർ കമ്മിറ്റിയും ചേർന്ന് രക്ഷിച്ചത് 41 പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയാണു.

“ആശ്രമത്തിലെ ബാബ വീരേന്ദർ ദീക്ഷിത് തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി പതിമൂന്നുവയസ്സുള്ള ഒരു പെൺകുട്ടി മൊഴിനൽകിയിട്ടുണ്ട്. ആശ്രമത്തിനുള്ളിൽ നിറയെ പലതരം മരുന്നുകൾ സ്റ്റോക്ക് ചെയ്തിരിക്കുകയാണു. ഈ മരുന്നുകൾ കുത്തിവെച്ചാകണം പെൺകുട്ടികൾ ഒരുതരം മയങ്ങിയ അവസ്ഥയിലായിരുന്നു.” സ്വാതി മലിവാൾ മാധ്യമങ്ങളോട് പറഞ്ഞു.

ആശ്രമത്തിൽ നിന്നും രക്ഷിച്ച പെൺകുട്ടികളെ കൌൺസിലിംഗിനു വിധേയമാക്കുമെന്നും അവരുടെ മാതാപിതാക്കളെ കണ്ടെത്തി അവരെ വീടുകളിൽ തിരിച്ചെത്തിക്കുമെന്നും സ്വാതി മലിവാൾ ട്വീറ്റ് ചെയ്തു.

 

കടപ്പാട്: ഇന്ത്യൻ എക്സ്പ്രസ്സ്, ടൈംസ് ഓഫ് ഇന്ത്യ