ലങ്കാ ദഹനം ലക്ഷ്യമിട്ട് ഇന്ത്യ: രണ്ടാം ട്വന്റി-20 ഇന്ന്

single-img
22 December 2017

ടെസ്റ്റിനും ഏകദിനത്തിനും പിന്നാലെ ട്വന്റി-20 യിലും പരമ്പര പിടിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്ന് ശ്രീലങ്കയ്ക്കെതിരായ രണ്ടാം ട്വന്റി-20 മത്സരത്തിനിറങ്ങുന്നു. ആദ്യ മത്സരത്തില്‍ മികച്ച ജയം നേടിയ ഇന്ത്യക്ക് ഇന്നും ജയം ആവര്‍ത്തിച്ചാല്‍ പരമ്പര സ്വന്തമാക്കാം.

കട്ടക്കില്‍ നേടിയ 93 റണ്‍സിന്റെ ഗംഭീര ജയം ഇന്ത്യന്‍ ക്യാംപിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. സ്പിന്നർമാരുടെ കൈവിരുതിലാണ് കട്ടക്കിൽ ശ്രീലങ്ക തകർന്നുവീണത്. ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 180/3 എന്ന സ്കോർ ഉയർത്തിയപ്പോൾ ലങ്ക 16 ഒാവറിൽ 87 റൺസിന് ആൾ ഒൗട്ടാവുകയായിരുന്നു. നാലുവിക്കറ്റ് വീഴ്ത്തിയ യുസ്‌വേന്ദ്ര ചഹലും രണ്ട് വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവും ചേർന്നാണ് ലങ്കയുടെ ചേസിംഗിന്റെ കൂമ്പ് ഒടിച്ചുകളഞ്ഞത്. താരതമ്യേന പുതുനിരയായിരുന്നു കഴിഞ്ഞ മത്സരത്തില്‍ കളിച്ചതെങ്കിലും ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യ നന്നായി തിളങ്ങി.

ഇൗ വർഷം സ്വന്തം നാട്ടിൽ ഇന്ത്യയ്ക്കെതിരെ ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി-20 യിലും സമ്പൂർണ പരാജയം ഏറ്റുവാങ്ങേണ്ടിവന്നിരുന്ന ലങ്കയ്ക്ക് ഒരു പരമ്പരയെങ്കിലും നേടണമെങ്കിൽ ഇന്ന് ജയിച്ചേ മതിയാകൂ. എന്നാൽ അതത്ര എളുപ്പമല്ല എന്നതാണ് അവരെ അലട്ടുന്ന പ്രധാന പ്രശ്നം.

താരങ്ങള്‍ ഫോമിലല്ലാത്തത് ലങ്കക്ക് തിരിച്ചടിയാണ്. നാല് പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. നായകന്‍ തിസാര പെരേരയും ഏയ്ഞ്ചലോ മാത്യൂസും ചെറിയ സ്‌കോറിനാണ് മടങ്ങിയത്. ബൗളര്‍മാരും ഇന്ത്യന്‍ ബാറ്റിങ് നിരയുടെ ചൂടറിഞ്ഞു. അതുകൊണ്ട് തന്നെ ഒരു തിരിച്ചുവരവാണ് ലങ്ക ലക്ഷ്യമിടുന്നത്. മൂന്നാം മത്സരം ഞായറാഴ്ച മുംബൈയില്‍ നടക്കും.