സച്ചിന്റെ മധുരപ്രതികാരം: പറയാനുള്ളതെല്ലാം ഫെയ്സ്ബുക് ലൈവിലൂടെ പറഞ്ഞു

single-img
22 December 2017

രാജ്യസഭയിൽ സാധ്യമാകാതെ പോയ കന്നിപ്രസംഗവുമായി ക്രിക്കറ്റ് ഇതിഹാസം ഫെയ്സ്ബുക് ലൈവിൽ. നാലു വര്‍ഷത്തിന് ശേഷം ആദ്യമായാണ് സച്ചിന്‍ രാജ്യസഭയില്‍ സംസാരിക്കാനൊരുങ്ങിയിരുന്നത്.
കുട്ടികളുടെ കളിക്കാനുള്ള അവകാശവും ഇന്ത്യയിലെ കായികമേഖലയുടെ ഭാവിയും എന്ന വിഷയത്തിലായിരുന്നു സച്ചിന്‍ സംസാരിക്കാനിരുന്നത്. എന്നാല്‍ കോണ്‍ഗ്രസ് എം.പിമാരുടെ ബഹളത്തെ തുടര്‍ന്ന് സച്ചിന് അതിനുള്ള അവസരം ലഭിച്ചില്ല. തുടര്‍ന്ന് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ഫെയ്‌സ്ബുക്ക് ലൈവിലൂടെ വരികയായിരുന്നു.

ഇന്നലെ ചില കാര്യങ്ങൾ (സഭയിൽ) പറയണമെന്നുണ്ടായിരുന്നു. പക്ഷെ സാധിച്ചില്ല എന്ന മുഖവുരയോടെയാണ് സച്ചിൻ തുടങ്ങിയത്. ‘കളികൾ ഇഷ്ടപ്പെടുന്ന രാജ്യം എന്ന നിലയിൽനിന്നു കളിക്കുന്ന രാജ്യമായി ഇന്ത്യയെ മാറ്റുക എന്നതാണ് ആഗ്രഹം.

ശാരീരികക്ഷമതയ്ക്ക് പ്രഥമ പരിഗണന കൊടുക്കണം. യൗവ്വനവും വികസനവുമുള്ള രാജ്യമെന്ന നിലയ്ക്ക് ഫിറ്റ്നസ് അത്യന്താപേക്ഷിതമാണ്. ഏതെങ്കിലും കായിക ഇനത്തിൽ സജീവമാകുന്നത് ഈ ലക്ഷ്യം നേടാൻ സഹായിക്കും. ഇതാണ് എന്റെ സ്വപ്നം. ഇത് നമ്മുടെ ഏവരുടെയും സ്വപ്നമാകണം. ഓർക്കുക, സ്വപ്നങ്ങളാണ് യാഥാർഥ്യമാകുക. ജയ്ഹിന്ദ്– സച്ചിൻ പറഞ്ഞു. വിഡിയോയുടെ മുഖവുരയായും ഈ വാചകങ്ങൾ ചേർത്തിട്ടുണ്ട്.

2012ലാണ് സച്ചിന്‍ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെടുന്നത്. എന്നാല്‍ സഭയിലെ സച്ചിന്റെ അസാന്നിദ്ധ്യം പലപ്പോഴും വിമര്‍ശിക്കപ്പെടുകയും ചെയ്തിരുന്നു. 2013 ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ച ശേഷവും സച്ചിന്‍ സഭയില്‍ ഹാജരാകാതിരുന്നത് വിമര്‍ശനങ്ങളുടെ കരുത്ത് വര്‍ധിപ്പിച്ചിരുന്നു.
അംഗത്വ കാലാവധി പൂര്‍ത്തിയാകാന്‍ ഒരു വര്‍ഷം ശേഷിക്കെയാണ് ചര്‍ച്ചയ്ക്ക് താരം ആദ്യമായി നോട്ടീസ് നല്‍കിയിരിക്കുന്നത്. ഓഗസ്റ്റിലായിരുന്നു ഇതിനു മുമ്പ് സച്ചിന്‍ സഭയില്‍ എത്തിയത്. അന്ന് ശൂന്യവേളയിലോ ചോദ്യോത്തര വേളയിലോ പങ്കെടുത്തിരുന്നില്ല.

2012ൽ കോൺഗ്രസാണ് സച്ചിനെ രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്തത്. നാമനിർദേശം ചെയ്യപ്പെട്ട എംപിമാരിൽ 98 ശതമാനം ഫണ്ടും ചെലവാക്കിയ വ്യക്തിയാണ് സച്ചിൻ. രണ്ട് ഗ്രാമങ്ങളും ദത്തെടുത്തിട്ടുണ്ട്.