അമിത് ഷാ മുഖ്യപ്രതിയായിരുന്ന സൊഹ്റാബുദീന്‍ ഷേഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ വാദംകേട്ടിരുന്ന ജഡ്ജിയുടെ ദുരൂഹ മരണം;ഗസ്റ്റ് ഹൗസ് രജിസ്റ്ററില്‍ കൃത്രിമം നടന്നതായി സംശയം

single-img
22 December 2017


ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മുഖ്യപ്രതിയായിരുന്ന സൊഹ്റാബുദീന്‍ ഷേഖ് വധകേസിലെ ജഡ്ജി ബി.എച്ച് ലോയയുടെ മരണത്തിലെ ദുരൂഹത വര്‍ധിക്കുന്നു. ഇതിന് തെളിവായി പുതിയ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. മരിച്ച ദിവസം ലോയ താമസിച്ചിരുന്ന നാഗ്പൂരിലെ ഗസ്റ്റ് ഹൗസ് രജിസ്റ്ററില്‍ കൃത്രിമം നടന്നതായാണ് സംശയം ഉയരുന്നത്. ലോയയുടെ മരണം ദുരൂഹമാണെന്ന സഹോദരിയുടെയും പിതാവിന്റെയും ആരോപണം റിപ്പോര്‍ട്ട് ചെയ്ത കാരവാന്‍ മാസികതന്നെയാണു പുതിയ വിവരങ്ങളും പുറത്തുവിട്ടിരിക്കുന്നത്.

2014 ഡിസംബര്‍ ഒന്നിന് പുലര്‍ച്ചെയാണു ബി.എച്ച്. ലോയ മരിക്കുന്നത്. നാഗ്പുരില്‍ ഒരു വിവാഹത്തില്‍ പങ്കെടുത്തശേഷമുള്ള യാത്രയില്‍ രവിഭവന്‍ എന്ന ഗസറ്റില്‍ഹൗസില്‍ വച്ച് ഹൃദയാഘാതമുണ്ടാവുകയും പിന്നീടു മരിക്കുകയുമായിരുന്നു. ലോയയ്ക്ക് ഒപ്പമുണ്ടായിരുന്നവരാണ് ഇക്കാര്യങ്ങള്‍ പറഞ്ഞിട്ടുള്ളത്.

ഗസ്റ്റ്ഹൗസില്‍ വന്നുപോകുന്നവരുടെ വിവരങ്ങള്‍ 2014 നവംബര്‍ 29 വരെയുള്ള തീയതികളില്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിരിക്കുന്നു. എന്നാല്‍ ഇതില്‍ ലോയയുടെ പേരില്ല. ലോയയ്ക്ക് ഒപ്പമുണ്ടെന്നു പറയുന്ന, ബോംബെ ഹൈക്കോടതി രജിസ്ട്രാര്‍ ആയിരുന്ന ശ്രീകാന്ത് കുല്‍ക്കര്‍ണി, ശാലിനി ശശാങ്ക് പന്‍സല്‍ക്കര്‍ എന്നിവരുടെയും വിവരങ്ങളുണ്ട്. ശേഷമുള്ള നാല് കോളങ്ങള്‍ ഒഴിച്ചിട്ടിരിക്കുന്നു. ഈ കോളങ്ങളില്‍ ഒരു പേര് പിന്നീട് എഴുതി ചേര്‍ത്തപോലെയാണ് കാഴ്ചയില്‍ മനസിലാക്കാനാകുന്നത്. ബാബാസാഹേബ് അംബേദ്കര്‍ മിലിന്‍ഡ് എന്ന പേരിനൊപ്പം പക്ഷേ കൂടുതല്‍ വിവരങ്ങളൊന്നും ഇല്ല. ഒപ്പമുള്ള തീയതിയില്‍ 2017 വര്‍ഷമാണ് അടയാളപ്പെടുത്തിയിരിക്കുന്നത്.

കടപ്പാട്:കാരവാന്‍

ഈ പേര് അബദ്ധത്തില്‍ ഇവിടെ രേഖപെടുത്തിയതാണെങ്കില്‍ത്തന്നെ, ലോയയുടെ മരണദിവസം അവിടെ വന്നിട്ടുള്ളവരുടെ പേര് രേഖപ്പെടുത്താതെ നാല് കോളം ഒഴിച്ചിട്ടത് എന്തിനാണെന്നത് സുരൂഹമാണു.

ജഡ്ജി ബി.എച്ച് ലോയയുടെ മരണത്തിൽ ഉന്നതതല ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യം സിപിഐ എം പൊളിറ്റ് ബ്യൂറോ ദ മുന്നോട്ടുവച്ചിരുന്നു. ലോയയുടെ മരണത്തെക്കുറിച്ച് അന്വേഷണം ആവശ്യമാണെന്ന് കോണ്‍ഗ്രസ് വക്താവും മുതിര്‍ന്ന അഭിഭാഷകനുമായ മനു അഭിഷേക് സിങ്വിയും അഭിപ്രായപ്പെട്ടു. മുതിര്‍ന്ന അഭിഭാഷകനായ കോളിന്‍ ഗോണ്‍സാല്‍വസ്, ആസൂത്രണ കമീഷന്‍ മുന്‍ അംഗം സയ്യിദ് ഹമീദ്, സാമൂഹിക പ്രവര്‍ത്തകരായ ഷബ്നം ഹാഷ്മി, മനീഷ സേത്തി തുടങ്ങി നിരവധി പ്രമുഖരും അന്വേഷണ ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. ജഡ്ജിയുടെ മരണം അന്വേഷിക്കണമെന്നു ബിജെപിയിലെ മുതിര്‍ന്ന നേതാവ് യശ്വന്ത് സിന്‍ഹയും ആവശ്യപ്പെട്ടിരുന്നു.