പ്രണയാഭ്യർത്ഥന നിരസിച്ചു: 23 കാരിയെ യുവാവ് പട്ടാപ്പകല്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചു
ഇന്നലെ വൈകുന്നേരം ഹൈദരാബാദിലെ ലാലാഗുഡയിലാണ് സംഭവം. ജോലി കഴിഞ്ഞ് മടങ്ങിയ യുവതിക്കുനേരെയാണ് ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ ആക്രമി യുവതിയുമായി പത്ത് മിനിറ്റോളം സംസാരിച്ച ശേഷമാണ് ആക്രമണം നടത്തിയതെന്ന് ദൃക്സാക്ഷികള്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
ഒരു വർഷമായി യുവതിയുടെ പിറകെ പ്രണയാഭ്യർത്ഥനയുമായി നടക്കുന്ന കാർത്തിക് എന്നയാളാണ് അക്രമത്തിന് പിന്നിൽ. വ്യാഴാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ യുവതിയുടെ അടുത്തെത്തിയ യുവാവ് വീണ്ടും പ്രണയാഭ്യർത്ഥന നടത്തി. എന്നാൽ കാർത്തികുമായുള്ള പ്രണയബന്ധം തന്റെ കുടുംബം അംഗീകരിക്കില്ലെന്ന് അറിയിച്ചതോടെ ഇയാൾ കൈയ്യിൽ കരുതിയിരുന്ന പെട്രോൾ യുവതിയുടെ ശരീരത്തിലേക്ക് ഒഴിച്ച് തീകൊളുത്തുകയായിരുന്നു. സന്ധ്യയെ കൊലപ്പെടുത്താൻ ഉദ്ദേശിച്ച് തന്നെയാണ് കാർത്തിക് വന്നതെന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
സംഭവത്തിൽ കേസെടുത്ത പൊലീസ് കാർത്തികിനെ അറസ്റ്റ് ചെയ്തു. ശരീരത്തിൽ 70 ശതമാനത്തിലധികം പൊള്ളലേറ്റ യുവതിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.