കുരുന്നുകളുടെ അശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിക്കാൻ ടെലിഗ്രാമിൽ നൂറിലധികം ചാനലുകൾ;മലപ്പുറത്ത് പിടിയിലായ പ്രതിയിൽ നിന്നും സൈബര്‍ഡോമിനു ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍.

single-img
22 December 2017

വണ്ടൂര്‍(മലപ്പുറം): സാമൂഹ്യ മാധ്യമങ്ങളില്‍ ചെറിയ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ വണ്ടൂരില്‍ ഒരാള്‍ അറസ്റ്റില്‍. വണ്ടൂര്‍ തിരുവാലി, പുന്നപ്പാലയിലെ കണ്ടമംഗലം കോക്കാടന്‍ ഷറഫലി(25) ആണ് അറസ്റ്റിലായത്.

ഷറഫലിയെ പിന്തുടര്‍ന്ന പൊലീസിനാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്. പെട്ടന്നാരും പിടികൂടാതിരിക്കാന്‍ ടെലിഗ്രാം വഴി നൂറിലധികം ചാനലുകള്‍ ആരംഭിച്ചാണ് കൊടക്കാടന്‍ ഷറഫലി ദിവസവും ഒരു ലക്ഷത്തോളം പേര്‍ക്ക് കൊച്ചു കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടിരുന്നത്.

സൈബര്‍ഡോം സാമൂഹിക മാധ്യമങ്ങളില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് അശ്ലീലദൃശ്യങ്ങള്‍ ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. കൂടുതല്‍ പരിശോധനയില്‍ ഷറഫലിയുടെ നമ്പറിലുള്ള ഐഡിയ സിമ്മിലെടുത്ത ടെലഗ്രാം ആപ്പ് വഴിയാണ് വീഡിയോകള്‍ പ്രചരിക്കുന്നതെന്നു കണ്ടെത്തി.

അക്കൗണ്ടന്‍സി പഠിക്കുന്ന യുവാവ് മാനസിക സംതൃപ്തിക്ക് വേണ്ടിയാണ് അശ്ലീലദൃശ്യങ്ങള്‍ പ്രചിരിപ്പിച്ചതെന്നാണ് മൊഴി നല്കിയിട്ടുള്ളത്. എന്നാല്‍, ഇതിനുപിന്നില്‍ സാമ്പത്തിക താത്പര്യങ്ങളുണ്ടാവുമെന്നാണ് പോലീസ് വിലയിരുത്തല്‍.

മറ്റ് ഗ്രൂപ്പ് അംഗങ്ങളും കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങൾ ഈ ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്യണമെന്ന് ഷറഫലി ശഠിച്ചിരുന്നു. ഇത്തരം ദൃശ്യങ്ങൾ പോസ്റ്റ് ചെയ്യാത്തവരെയും കുട്ടികളുമായി ബന്ധമില്ലാത്ത ദൃശ്യങ്ങള്‍ ഇടുന്നവരേയും ഗ്രൂപ്പില്‍ നിന്ന് റിമൂവ് ചെയ്തിരുന്നു.

കുട്ടികള്‍ക്കെതിരെയുളള ലൈംഗീക അതിക്രമം, പോക്സോ, ഐ.ടി വകുപ്പുകള്‍ ചുമത്തിയാണ് പ്രതിയുടെ അറസ്റ്റ്. തിരുവനന്തപുരം ടെക്നോപാര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കേരള പൊലീസിലെ സൈബര്‍ ഡോം മുന്‍കയ്യെടുത്താണ് പ്രതിയെ വലയിലാക്കിയത്.