കടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ സർക്കാർ ഇന്ന് അവസാനിപ്പിക്കും;കണ്ടെത്താൻ ഇനിയും ബാക്കിയുള്ളത് 131 പേർ

single-img
22 December 2017

തിരുവനന്തപുരം: കേരള തീരപ്രദേശങ്ങളില്‍ കനത്ത നാശം വിതച്ച ഓഖി ചുഴലിക്കാറ്റില്‍ കടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ സർക്കാര്‍ ഇന്നവസാനിപ്പിക്കും. നൂറോളം ബോട്ടുകളാണ് തെരച്ചിലിനായി കടലിലേക്ക് പോയിരിക്കുന്നത്.

കടലിൽ കാണാതായവരിൽ രണ്ടുപേരുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ മരണമടഞ്ഞവരുടെ എണ്ണം 74 ആയി. ഇന്നലെ കണ്ണൂരിൽ പുറംകടലിൽ ഏഴിമല, തലശേരി ഭാഗങ്ങളിൽ നിന്നാണു രണ്ടു മൃതദേഹങ്ങൾ കണ്ടെടുത്തത്. തീരത്തുനിന്ന് 50 കിലോമീറ്റർ ദൂരത്താണു ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിലുള്ള തിരച്ചിൽ സംഘം മൃതദേഹങ്ങൾ കണ്ടെടുത്തത്.

സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം ഇതുവരെ 2,844 പേരെ ഇതുവരെ രക്ഷപ്പെടുത്തി. 131 പേരെ കൂടി ഇനിയും കണ്ടെത്താനുണ്ട്. കൊച്ചിയില്‍ നിന്നും അഞ്ച് മത്സ്യത്തൊഴിലാളികള്‍ വീതമുള്ള 50 ബോട്ടുകളായിരുന്നു ഇന്നലെ തെരച്ചില്‍ നടത്തിയത്.