ഒന്നാം ലോക മഹായുദ്ധത്തിനിടെ കാണാതായ അന്തര്‍വാഹിനി 103 വർഷത്തിനു ശേഷം കണ്ടെത്തി

single-img
21 December 2017

ഒന്നാം ലോക മഹായുദ്ധത്തിനിടെ കാണാതായ അന്തര്‍വാഹിനി 103 വര്‍ഷത്തിനുശേഷം ഓസ്ട്രേലിയ കണ്ടെത്തി. വ്യാഴാഴ്ചയാണ് നാവിക ചരിത്രത്തില്‍ ഏറെ നിഗൂഢതകളുയര്‍ത്തിയ ഓസ്‌ട്രേലിയയുടെ ആദ്യ അന്തര്‍വാഹിനിയെ കണ്ടെത്തിയത്.

ഒന്നാം ലോക മഹായുദ്ധത്തിനിടെ 1914 സെപ്റ്റംബറിലാണ് എച്ച്.എം.എ.എസ് എഇ 1 എന്ന അന്തര്‍വാഹിനി 35 ജീവനക്കാരുമായി അപ്രത്യക്ഷമായത്. യോര്‍ക്ക് ദ്വീപിലെ ഡ്യൂക്ക് തീരത്ത് നിന്നാണ് അന്തര്‍വാഹിനി കാണാതായത്. പന്ത്രണ്ടോളം ഘട്ടങ്ങളിലായി സ്വകാര്യ-സര്‍ക്കാര്‍ ഏജന്‍സികള്‍ വര്‍ഷങ്ങളോളം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടു.

ഓസ്‌ട്രേലിയയുടെ പഴക്കം ചെന്ന നാവിക നീഗൂഢതയ്ക്ക് പരിഹാരമായി എന്നാണ് അന്തര്‍വാഹിനി കണ്ടെത്തിയതിന് ശേഷം പ്രതിരോധ മന്ത്രി മാരിസ് പെയ്ന്‍ പറഞ്ഞത്.

ഫര്‍ഗോ ഇഖറ്റോ എന്ന കപ്പലില്‍ അന്തിമ തിരച്ചില്‍ നടത്തുന്നതിനിടെ വ്യാഴാഴ്ചയാണ്‌ 103 വര്‍ഷത്തെ നിഗൂഢതക്ക് വിരാമമിട്ടത്. കപ്പലിലെ ജീവനക്കാരുടെ കുടുംബങ്ങളുടെ സങ്കടത്തില്‍ പങ്ക് ചേരുന്നു. കപ്പല്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതിലൂടെ ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണങ്ങള്‍ക്ക് കരുത്ത് പകരുമെന്ന് ഓസ്‌ട്രേലിയന്‍ പ്രതിരോധ മന്ത്രി പറഞ്ഞു. 55 മീറ്റര്‍ നീളമായിരുന്നു ഓസ്‌ട്രേലിയയുടെ ആദ്യ അന്തര്‍വാഹിനിക്കുണ്ടായിരുന്നത്.