“മോദിയെ കുറിച്ച് മിണ്ടരുത്”: ജിഗ്നേഷിനെക്കൊണ്ട് മാപ്പ് പറയിക്കാനെത്തിയ റിപ്പബ്ലിക് ചാനല്‍ നാണംകെട്ടു

single-img
21 December 2017

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ ആഞ്ഞടിച്ച ദളിത് നേതാവും ഗുജറാത്ത് എംഎല്‍എയുമായ ജിഗ്നേഷ് മേവാനിയെക്കൊണ്ട് മാപ്പ് പറയിക്കാനെത്തിയ റിപ്പബ്ലിക് ചാനല്‍ നാണംകെട്ടു. വിമര്‍ശനങ്ങള്‍ വ്യക്തിഹത്യയാണെന്നും മാപ്പുപറയുമോയെന്നുമുള്ള റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് അങ്ങിനെയെങ്കില്‍, താന്‍ ജിഹാദികളുടെ ഫണ്ട്‌ വാങ്ങുന്നവനാണെന്ന ആരോപണത്തിന് ബിജെപിയും വിജയ് രൂപാണിയും അമിത് ഷായുമാണ് ആദ്യം തന്നോട് മാപ്പ് പറയേണ്ടതെന്ന് ജിഗ്‌നേഷ് പ്രതികരിച്ചു. അത്‌ രാഷ്ട്രീയ ആരോപണവും ജിഗ്നേഷിന്റെ പ്രസ്താവന വ്യക്തിപരവുമാണെന്നായി റിപ്പോര്‍ട്ടര്‍.

തന്റെ പേര്‌ പറഞ്ഞ്‌ അമിത്‌ ഷായും രൂപാണിയും പറയുന്നത്‌‌ രാഷ്ട്രീയവും, താന്‍ പറയുന്നത്‌ വ്യക്തിപരവുമാവുന്നതെങ്ങിനെയെന്നും ഒരിക്കലും താന്‍ മാപ്പ് പറയില്ലെന്നും ‘ഐ ഡോണ്ട് കെയര്‍’ എന്നുമായിരുന്നു ജിഗ്നേഷ് മേവാനിയുടെ ശക്തമായ പ്രതികരണം.

ഇതിനിടയിൽ മോദിക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് മാപ്പ് പറയുമോയെന്ന് റിപ്പോര്‍ട്ടര്‍ ആവര്‍ത്തിച്ച് ചോദിച്ചുകൊണ്ടേയിരുന്നു. എന്നാല്‍ മോദിക്കെതിരായ പ്രസ്താവനകള്‍ ജിഗ്നേഷ് നിസ്സങ്കോചം ആവര്‍ത്തിച്ചു. ”അതെ. മോദി തീരെ അപ്രസക്തനായിട്ടുണ്ട്‌. വളരെ ബോറുമായിട്ടുണ്ട്. വിരമിച്ച്‌ ഹിമാലയത്തിൽ പോവുന്നതാണ് നല്ലത്‌. മോദി അത് അര്‍ഹിക്കുന്നു.” അദ്ദേഹം പറഞ്ഞു.

“ആരാണ് 15 ലക്ഷം രൂപ വാഗ്ദാനം ചെയ്തത്? ആരാണ് രണ്ട് കോടി ജനങ്ങള്‍ക്ക് ജോലി വാഗ്ദാനം ചെയ്തത്? തീവ്രവാദത്തെ ഉന്മൂലനം ചെയ്യുമെന്ന് ആരാണ് ഉറപ്പ് നല്‍കിയത്? പെട്രോള്‍,ഡീസല്‍, പാചകവാതകവില ഉയര്‍ത്തില്ലെന്ന് ആരാണ് ഉറപ്പ് തന്നത്? ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും സുരക്ഷ ഉറപ്പ് നല്‍കിയത് ആരാണ്? കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളുമെന്ന് വാഗ്ദാനം ചെയ്തത് ആരാണ്? മോദി ഇന്ത്യക്കാരെ ചതിച്ചു.’ ഇതായിരുന്നു ജിഗ്നേഷ് മേവാനിയുടെ വിവാദമായ വാക്കുകൾ.