രാജസ്ഥാനിൽ മന്ത്രിയുടെ മക്കൾ നിയമവിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചവശനാക്കി

single-img
21 December 2017

രാജസ്ഥാനിൽ മന്ത്രിയുടെ മക്കൾ ചേർന്ന് നിയമവിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചതായി പരാതി. രാജസ്ഥാനിലെ അൽവാറിലാണു സംഭവം. തേൽ സിംഗ് യാദവ് എന്ന 30 വയസ്സുകാരനെയാണു തട്ടിക്കൊണ്ടുപോയി മർദ്ദിച്ചത്.

രാജസ്ഥാൻ അസംബ്ലിയിൽ ക്യാബിനറ്റ് മിനിസ്റ്ററായ ഹേം സിംഗ് ബദാനയുടെ മക്കളായ സുരേന്ദ്ര ബദാന, ഹിതേഷ് ബദാന എന്നിവർ ചേർന്നാണു തന്റെ മകനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചതെന്നാണു തേൽ സിംഗിന്റെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞത്.

ഒരു കൂട്ടം യുവാക്കൾ വഴിയരുകിൽ നിന്ന്, മന്ത്രിയായ ഹേം സിംഗ് ബദാനയെക്കുറിച്ച് മോശമായി സംസാരിക്കുന്നത് അദ്ദേഹത്തിന്റെ മക്കൾ കേൾക്കാനിടയായി. അക്കൂട്ടത്തിൽ തേൽ സിംഗ് യാദവിന്റെ ബൈക്കിന്റെ നമ്പർ നോട്ട് ചെയ്ത ശേഷം പിന്നീറ്റ് ഇയാളെ കണ്ടെത്തി തട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്നാണു ആരോപണം.

മർദ്ദനമേറ്റ് അവശനായ യാദവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണു. മന്ത്രിയുടെ മക്കൾ തന്റെ മകനെ തട്ടിക്കൊണ്ടുപോയതറിഞ്ഞ താൻ മന്ത്രിയുടെ വീട്ടിലെത്തി ഗുരുതരമായി പരിക്കേറ്റ തന്റെ മകനെ രക്ഷിച്ചു ആശുപത്രിയിലെത്തിക്കുകയായിരുന്നു എന്നാണു തേൽ സിംഗ് യാദവിന്റെ പിതാവ് സതീഷ് യാദവ് പോലീസിനോട് പറഞ്ഞു.

മന്ത്രിയുടെ മക്കളും സുഹൃത്തുക്കളും ചേർന്ന് ആദ്യം തന്റെ തലയ്ക്ക് ഒരു ഇരുമ്പു വടികൊണ്ട് അടിച്ചെന്നും അപ്പോൾത്തന്നെ ബോധം പോയതിനാൽ പിന്നീടവർ ചെയ്തതൊന്നും തനിക്കറിയില്ലെന്നാണു തേൽ സിംഗ് യാദവ് പോലീസിനോട് പറഞ്ഞത്.

മന്ത്രിയുടെ മക്കളെ പ്രതിയാക്കി എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ശിവാജി പാർക്ക് സ്റ്റേഷൻ ഹൌസ് ഓഫീസർ വിനോദ് ശൌര്യ പറഞ്ഞു.