പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് പ്രതിഷേധപ്പേടി;: നൂറ് വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് മാറ്റിവെച്ചു.

single-img
21 December 2017

ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് എതിരേ പ്രതിഷേധമുണ്ടാകുമെന്ന് ഭയന്ന് നൂറ് വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി പ്രധാനമന്ത്രി പങ്കെടുക്കേണ്ടിയിരുന്ന ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസിന്റെ 105-ാം സമ്മേളനം മാറ്റിവെച്ചു.ഒസ്മാനിയ സര്‍വകലാശാലയിലായിരുന്നു ഇത്തവണത്തെ സയന്‍സ് കോണ്‍ഗ്രസ് ജനവരി മൂന്ന് മൂതല്‍ ഏഴ് വരെയുള്ള ദിവസങ്ങളിലേക്ക് നിശ്ചയിച്ചിരുന്നത്. ഇവിടെ വിദ്യാര്‍ഥികളുടെ പ്രതിഷേധം ഉണ്ടാകുമെന്ന് കണ്ടാണ് പരിപാടി മാറ്റിവെക്കാന്‍ തീരുമാനിച്ചത്.

ദളിത്, പിന്നാക്ക വിഷയത്തില്‍ പ്രധാനമന്ത്രിക്കെതിരേയും സര്‍ക്കാര്‍ റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിനെതിരേയും വിദ്യാര്‍ഥികളില്‍ നിന്ന് പ്രതിഷേധം ഉണ്ടാകാന്‍ സാധ്യതയുള്ളതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിരുന്നു.പോലീസ് കമ്മീഷണര്‍ വി.വി ശ്രീനിവാസ റാവു കാമ്പസില്‍ പരിശോധനയ്‌ക്കെത്തിയിരുന്നു. പരിശോധനയ്ക്ക് ശേഷം ദളിത്, പിന്നാക്ക വിഭാഗ വിഷയത്തില്‍ വിദ്യാര്‍ഥികള്‍ പ്രധാനമന്ത്രിക്ക് മുന്നില്‍ പ്രതിഷേധത്തിന് പദ്ധതിയിടുന്നതായി കമ്മീഷണറും റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍മാരുടെ ഏറ്റവും വലിയ വാര്‍ഷിക ഒത്തുചേരലാണ് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ്.