ബീഹാറിൽ പഞ്ചസാര ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ച് അഞ്ചു തൊഴിലാളികൾ കൊല്ലപ്പെട്ടു

single-img
21 December 2017

ബീഹാറിലെ ഗോപാൽഗഞ്ചിൽ പഞ്ചാര ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ച് നാലു തൊഴിലാളികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നിർവധിപേർക്ക് ഗുരുതരമായ പരിക്കുണ്ട്.

ഗോപാൽ ഗഞ്ച് ജില്ലയിലെ കുച്ചൈക്കോട്ടിനടുത്ത് സ്ഥിതിചെയ്യുന്ന സസമൂസ പഞ്ചസാര ഫാക്ടറിയിലെ ബോയിലറാണു ബുധനാഴ്ച്ച രാത്രി രണ്ടുമണിയോടെ പൊട്ടിത്തെറിച്ചത്.

കൂടുതൽ ആളുകൾ മരിച്ചിട്ടുണ്ടാകാൻ സാധ്യതയുണ്ടെന്നാണു റിപ്പോർട്ടുകൾ. സംഭവം നടക്കുമ്പോൾ നൂറിലധികം തൊഴിലാളികൾ ഫാക്ടറിക്കുള്ളിലുണ്ടായിരുന്നു. മൃതദേഹങ്ങൾ സ്ഫോടനത്തിന്റെ അവശിഷ്ടങ്ങൾക്കടിയിലുണ്ടാകാമെന്ന് തൊഴിലാളികൾ പറയുന്നതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പരിക്കേറ്റവരെ ഗോപാൽ ഗഞ്ചിലെ സദർ ആശുപത്രിയിലാണു പ്രവേശിപ്പിച്ചിരിക്കുന്നത്. പത്തോളം പേർക്ക് 90 ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ട്.

പഞ്ചസാര ഫാക്ടറിയുടമയായ മഹ്മൂദ് അലിയെ പോലീസ് അറസ്റ്റ് ചെയ്തു. രോഷാകുലരായ നാട്ടുകാരും തൊഴിലാളികളും മിൽ ഉടമയുടെ കാറും ട്രാക്ടറും കത്തിച്ചു.

ബോയിലർ അപകടത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് നാലു ലക്ഷം രൂപ അടിയന്തിര ധനസഹായം അനുവദിക്കുമെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പ്രഖ്യാപിച്ചു.