ഉപഭോക്തൃ സംരക്ഷണ ബില്ലിന് കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റെ അനുമതി;തെറ്റിദ്ധരിപ്പിക്കുന്ന പരസ്യത്തില്‍ അഭിനയിക്കുന്ന സെലിബ്രറ്റികള്‍ അഴിയെണ്ണും

single-img
21 December 2017

ന്യൂഡല്‍ഹി : ഉപഭോക്താക്കളുടെ അവകാശ സംരക്ഷണം ലക്ഷ്യമിട്ടുകൊണ്ട് ഉപഭോക്തൃ സംരക്ഷണ ബില്ലിന് കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റെ അനുമതി ലഭിച്ചു. ഇതോടെ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നിര്‍മ്മിക്കുന്ന കമ്പനികളെയും അത്തരത്തിലുള്ള പരസ്യങ്ങളില്‍ അഭിനയിക്കുന്ന സെലിബ്രറ്റികള്‍ നിയമ നടപടികള്‍ നേരിടണം.

ഉപഭോക്തൃ സംരക്ഷണ നിയമം ആദ്യ തവണ ലംഘിച്ചാല്‍ 10 ലക്ഷം രൂപയും ഒരു വര്‍ഷം വരെ വിലക്കുമാണ് ശിക്ഷ. വീണ്ടും ആവര്‍ത്തിച്ചാല്‍ 50 ലക്ഷം രൂപയും മൂന്നുവര്‍ഷം വരെ വിലക്കും ഏര്‍പ്പെടുത്തും.

നിലവിലുള്ള, 1986-ലെ ഉപഭോക്തൃ സംരക്ഷണച്ചട്ടം ഭേദഗതി ചെയ്താണ് ബില്‍ അവതരിപ്പിക്കുന്നത്. ഉപഭോക്താക്കളുടെ പരാതിപ്രകാരം ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങള്‍ തിരിച്ചുവിളിക്കാന്‍ നടപടി ബില്‍ വ്യവസ്ഥചെയ്യുന്നു.

ഉപഭോക്താക്കളുടെ പരാതി പരിശോധിക്കാന്‍ രൂപവത്കരിക്കുന്ന കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റിയായിരിക്കും ഈ നടപടികള്‍ സ്വീകരിക്കുക. ഉത്പന്നങ്ങളുടെ പിഴവുകൊണ്ട് ഉപഭോക്താക്കള്‍ക്ക് പരിക്കുപറ്റിയാല്‍ നിര്‍മാതാക്കള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കാന്‍ ബില്ലില്‍ വ്യവസ്ഥയുണ്ട്.