2000 രൂപ കറന്‍സികള്‍ നിരോധിയ്ക്കുന്നു;പുറത്തു വിടാതെ വെച്ചിരിക്കുന്നത് 2.4 ലക്ഷം കോടിയുടെ നോട്ടുകള്‍

single-img
21 December 2017

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും ഉയർന്ന മൂല്യമുള്ള കറൻസിയായ 2000 രൂപ പിൻവലിക്കാൻ റിസർവ് ബാങ്ക് ആലോചിക്കുന്നതായി റിപ്പോർട്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇക്കോഫ്ലാഷ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കറൻസി പിൻവലിച്ചില്ലെങ്കിൽ അച്ചടി നിർത്തിവയ്ക്കാൻ ആലോചിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.

13.3 ലക്ഷം കോടിയോളം 2000, 500 കറന്‍സി നോട്ടുകള്‍ വിപണിയിലുണ്ട്. എന്നാല്‍ കുറഞ്ഞ മൂല്യമുള്ള നോട്ടുകള്‍ വെറും 3.5 ലക്ഷം കോടി മാത്രമേ വിപണിയിലുള്ളൂ. ഈ സാഹചര്യത്തില്‍ കറന്‍സികള്‍ തമ്മില്‍ വലിയ അന്തരമുള്ളത് ഇടപാടുകളേ സാരമായി ബാധിക്കുമെന്ന് കണ്ടെത്തിയാണ് നടപടി.

ലോക്സഭയില്‍ സമര്‍പ്പിച്ച കറന്‍സി കണക്കുകളുടെയും റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്ന കണക്കിന്റെയും അടിസ്ഥാനത്തിലാണ് ഇത്. ഡിസംബര്‍ എട്ട് വരെ 500 രൂപയുടെ 16957 ദശലക്ഷം നോട്ടുകളും 2000 രൂപയുടെ 3654 ദശലക്ഷം നോട്ടുകളുമാണ് അച്ചടിച്ചിട്ടുള്ളത്. ഇതിന്റെ രണ്ടിന്റെയും ആകെ തുക 15.7 ലക്ഷം കോടി വരും. ഇതിനര്‍ത്ഥം 2.4 ലക്ഷം കോടി രൂപ മൂല്യമുള്ള 2000 രൂപ നോട്ട് അച്ചടിച്ച ശേഷം റിസര്‍വ് ബാങ്ക് പുറത്തു വിട്ടിട്ടില്ലെന്നാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചീഫ് എക്കണോമിസ്റ്റ് സൗമ്യകാന്ത് ഘോഷ് ആണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.അതേസമയം, 2,46,300 കോടി വരുന്ന കുറഞ്ഞ മൂല്യമുള്ള (50, 200 രൂപ) നോട്ടുകൾ ആർ.ബി.​െഎ അച്ചടിച്ചിരിക്കാനുള്ള സാധ്യതയും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.