രാജസ്ഥാനിൽ ക്രിസ്‌മസ് കരോൾ സംഘത്തിനു നേരേ ആക്രമണം;അക്രമികൾക്ക് പകരം കരോൾ സംഘത്തിലെ രണ്ടുപേരെ അറസ്റ്റ് ചെയ്ത് ബിജെപി സര്‍ക്കാരും

single-img
21 December 2017

ജ​യ്‌പൂർ: ലൗ ജിഹാദിന്റെ പേരിൽ അഫ്രാസുൽ ഖാന്റെ ഞെട്ടിക്കുന്ന കൊലപാതകത്തിന് ശേഷം രാജസ്ഥാനിൽ ക്രിസ്മസ് കരോൾ സംഘത്തിന് നേർക്കും ആക്രമണം. പ്രതാപ്‌ഗഡിലാണ് ക്രിസ്മസ് കരോൾ സംഘത്തെ ആക്രമിച്ചത്.കഴിഞ്ഞ ദിവസം രാത്രി 8.30ഓടെയായിരുന്നു സംഭവം. ആഘോഷപരിപാടികള്‍ നടന്നുകൊണ്ടിരുന്ന കമ്യൂണിറ്റി സെന്റര്‍ ഹാളിലേക്ക് അതിക്രമിച്ചു കടന്ന സംഘം പരിപാടികള്‍ അലങ്കോലപ്പെടുത്തുകയായിരുന്നു. അതിഥികള്‍ക്കായി തയ്യാറാക്കി വെച്ചിരുന്ന ഭക്ഷണം ഉള്‍പ്പെടെ എടുത്തെറിയുകയും അലങ്കാരങ്ങളും മറ്റും നശിപ്പിക്കുകയും ചെയ്തു.

എന്നാൽ അക്രമികൾക്ക് പകരം, കരോൾ സംഘത്തിലെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. നിർബന്ധിത മത പരിവർത്തനം എന്ന ആരോപണം ഉന്നയിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കലക്ടറോഫീസിന്റെയും ജില്ലാ പൊലീസ് സൂപ്രണ്ട് ഓഫീസിന്റേയും സമീപത്താണ് ആഘോഷപരിപാടി സംഘടിപ്പിച്ച കമ്യൂണിറ്റി സെന്റര്‍ സ്ഥിതി ചെയ്യുന്നത്. സര്‍ക്കാര്‍ കെട്ടിടമായതിനാല്‍ പരിപാടി നടത്തുന്നതിന് തങ്ങള്‍ ജില്ലാ ഭരണകൂടത്തിന്റെ അനുവാദം വാങ്ങിയിരുന്നുവെന്നും പരിപാടിയുടെ സംഘാടകര്‍ പറയുന്നു.

ക്രിസ്മസ് ആഘോഷങ്ങളില്‍ ഹൈന്ദവ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കരുതെന്ന് സംഘപരിവാര്‍ സംഘടന സ്വകാര്യ സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയ സംഭവത്തിന് തൊട്ടു പിന്നാലെയാണ് ഇപ്പോള്‍ രാജസ്ഥാനില്‍ ക്രിസ്മസ് ആഘോഷ പരിപാടികള്‍ തടസ്സപ്പെടുത്തിയിരിക്കുന്നത്.

ക​ഴി​ഞ്ഞ ദി​വ​സം ഉ​ത്ത​ർ​പ്ര​ദേ​ശി​ലും ക്രി​സ്മ​സ് കരോൾ സംഘത്തിന് നേ​രെ ഭീ​ഷ​ണി ഉ​ണ്ടാ​യി​രു​ന്നു. സ്വ​കാ​ര്യ സ്കൂ​ളു​ക​ളി​ൽ ക്രി​സ്മ​സ് പു​തു​വ​ത്സ​ര പ​രി​പാ​ടി​ക​ൾ ന​ട​ത്താ​ൻ പാ​ടി​ല്ലെ​ന്നാവശ്യപ്പെട്ടാണ് പ്രശ്നങ്ങൾ സൃഷ്ടിച്ചത്. മ​ധ്യ​പ്ര​ദേ​ശി​ലെ സ​ത്ന​യിലും ക്രി​സ്മ​സ് ക​രോൾ സം​ഘ​ത്തി​ന് നേരെ ആക്രമണം നടന്നിരുന്നു.