ഗുജറാത്തില്‍ ബി.ജെ.പി. വിജയം വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം നടത്തി നേടിയത്;പാര്‍ട്ടിപത്രത്തിലൂടെ ആരോപണവുമായി സഖ്യകക്ഷിയായ ശിവസേന

single-img
21 December 2017

ഗുജറാത്തില്‍ ബി.ജെ.പി. നേടിയ വിജയം ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം നടത്തി നേടിയതെന്ന് സഖ്യകക്ഷിയായ ശിവസേന.സാമ്നയുടെ മുഖപ്രസംഗത്തിലാണ് ബി.ജെ.പി.ക്കെതിരേ കടുത്തവിമര്‍ശം ഉന്നയിച്ചത്.പട്ടിദാര്‍ നേതാവ് ഹാര്‍ദിക് പട്ടേലും വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം നടന്നതായി ആരോപിച്ചിരുന്നു.
നരേന്ദ്രമോദി പ്രചാരണസമയത്ത് 151 സീറ്റില്‍ വിജയിക്കുമെന്ന് പറഞ്ഞിരുന്നു. അമിത് ഷാ 150 സീറ്റില്‍ വിജയിക്കുമെന്നും. എന്നാല്‍, നൂറുസീറ്റുപോലും ബി.ജെ.പി.ക്ക് ഗുജറാത്തി ജനത നല്‍കിയില്ല.

നഗരപ്രദേശങ്ങളില്‍ മാത്രമാണ് ബി.ജെ.പി. വിജയം നേടിയത്. ഗ്രാമീണമേഖലകള്‍ ഇപ്പോഴും ബി.ജെ.പി.ക്ക് അന്യമാണ്. ഇവരാണ് ഹിന്ദുസ്ഥാനെപ്പറ്റി വാതോരാതെ വിളിച്ചുപറയുന്നതെന്നും മുഖപ്രസംഗത്തില്‍ പരാമര്‍ശിക്കുന്നു.

മുംബൈ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ബി.ജെ.പി. വിജയം ആഘോഷിക്കുന്നുണ്ട്. 100 സീറ്റുകള്‍ക്ക് മുകളിലാണ് വിജയമെങ്കില്‍ അതാഘോഷിക്കാം. ഇത് നല്ലരീതിയിലുള്ള വിജയമായി കണക്കാക്കാനാവില്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

കോണ്‍ഗ്രസ്മുക്ത ഭാരതമെന്ന ബി.ജെ.പി.യുടെ സ്വപ്നവും സാക്ഷാത്കരിക്കപ്പെടില്ല. ഏറെ കൊട്ടിഘോഷിച്ച വികസനത്തിന്റെ ഗുജറാത്ത് മോഡലിനും ഇളക്കംതട്ടി. 2019-ല്‍ ഇതു തകരാതിരുന്നാല്‍ മതി. മുഖപ്രസംഗത്തില്‍ പറയുന്നു.