നടിയും ദിലീപും തമ്മിലുള്ള പ്രശ്‌നം നേരത്തേ അറിയാമായിരുന്നുവെന്ന് മുകേഷ്: ദിലീപ് മഞ്ജു വിവാഹമോചനത്തിന് താനാണ് കാരണമെന്ന് നടി പലരോടും പറഞ്ഞെന്ന് കാവ്യാ മാധവന്‍

single-img
20 December 2017


നടിയും ദിലീപും തമ്മിലുള്ള പ്രശ്‌നം നേരത്തേ അറിയാമായിരുന്നുവെന്ന് എംഎല്‍എയും നടനുമായ മുകേഷ്. എന്നാല്‍ പ്രശ്‌നത്തില്‍ ഇതേവരെ ഇടപെട്ടു സംസാരിച്ചിട്ടില്ലെന്നും മുകേഷ് മൊഴി നല്‍കി. നടി ആക്രമിക്കപ്പെട്ടതറിഞ്ഞ് വിളിച്ചിരുന്നു. പിന്നീട് നടിക്കു നീതി കിട്ടണം എന്ന ആവശ്യം വന്നപ്പോഴും സംസാരിച്ചു.

എന്നാല്‍ പരാതിയില്ലെന്നാണു പറഞ്ഞത്. ‘അമ്മ ഷോ’ നടക്കുമ്പോള്‍ പള്‍സര്‍ സുനിയാണ് തന്റെ ഡ്രൈവര്‍. എന്നാല്‍ സുനിക്ക് പരിപാടിയുടെ വിവിഐപി ടിക്കറ്റ് കൊടുത്തിട്ടില്ല. (ഷോയുടെ സമയത്താണ് ആക്രമണവുമായി ബന്ധപ്പെട്ട ആദ്യ ഗൂഢാലോചന നടന്നതെന്ന് പൊലീസ് പറയുന്നു).

വാഹനം ഒരു ലോറിയുമായി തട്ടിയതിനെത്തുടര്‍ന്നാണു സുനിയെ പറഞ്ഞു വിട്ടത്. സുനി ഏര്‍പ്പാടാക്കിയ ഡ്രൈവര്‍ ഒരു ലക്ഷം രൂപ മോഷ്ടിച്ച് കടന്നു കളഞ്ഞതായും മുകേഷ് മൊഴി നല്‍കിയിട്ടുണ്ട്. സഹോദരിയുമായി തൃശൂരില്‍ പോയപ്പോഴായിരുന്നു മോഷണം. അറസ്റ്റു ചെയ്ത ദിവസം ദിലീപ് തന്നെ വിളിച്ചിരുന്നു. ഫോണില്‍ മിസ്ഡ് കോള്‍ കണ്ടിരുന്നു. എന്നാല്‍ ദിലീപിനെ ആവശ്യമില്ലാതെ താന്‍ വിളിക്കാറില്ലെന്നും മുകേഷ് പറഞ്ഞു.

അതേസമയം നടി ഉള്ളതും ഇല്ലാത്തതും ‘ഇമാജിന്‍’ ചെയ്ത് പറയുന്നയാളാണെന്നു കാവ്യ മൊഴി നല്‍കി. ഇത്തരം കാര്യങ്ങള്‍ കുടുബത്തെ ബാധിക്കുന്നത് പ്രശ്‌നമാണ്. ദിലീപും മഞ്ജു വാര്യരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് നടിയും കാരണമായിട്ടുണ്ട്.

‘മഴവില്ലഴകില്‍ അമ്മ’ ഷോയുടെ റിഹേഴ്‌സല്‍ ക്യാംപിലടക്കം ദിലീപിനെയും തന്നെയും പറ്റി നടി പറഞ്ഞിരുന്നു. താനും ദിലീപും ഒരുമിച്ച് നൃത്തം ചെയ്യുന്ന ഫോട്ടോയെടുത്ത് നടി മഞ്ജുവിന് അയച്ചുകൊടുത്തു. ഇക്കാര്യം ദിലീപ് പറഞ്ഞാണ് അറിഞ്ഞത്.

2012ലാണ് പ്രശ്‌നം രൂക്ഷമായത്. അതിന് നടിയും കാരണമായിട്ടുണ്ട്. തന്നെക്കുറിച്ചും ദിലീപിനെക്കുറിച്ചും ബിന്ദു പണിക്കരോടും കല്‍പനയോടും പറഞ്ഞിട്ടുണ്ട്. ദിലീപും മഞ്ജുവും തമ്മിലുള്ള വിവാഹമോചനത്തിന് കാരണം താനാണെന്ന് നടി പലരോടും പറഞ്ഞു. ഇക്കാര്യം ബിന്ദു പണിക്കരാണ് ദിലീപിനെ അറിയിച്ചത്.

‘അമ്മ’ ക്യാംപിലെ സംഭവത്തിനു ശേഷം നടിയുമായി ദിലീപ് സംസാരിച്ചിട്ടില്ല. പക്ഷേ ക്യാംപിലെ സംഭവത്തെപ്പറ്റി നടന്‍ സിദ്ദീഖിനോടു പരാതി പറഞ്ഞിരുന്നു. ഇനി ആവശ്യമില്ലാത്ത വര്‍ത്തമാനം പറയരുതെന്ന് സിദ്ദീഖ് നടിയെ ശാസിക്കുകയും ചെയ്തു. മഞ്ജുവാര്യര്‍ ദിലീപിനെ ഉപേക്ഷിച്ചത് അറിഞ്ഞത് പിന്നീടാണെന്നും കാവ്യ പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട സംഭവം ദിലീപ് അറിഞ്ഞത് രാവിലെയാണ്. തലേന്നു രാത്രി നിര്‍മാതാവ് ആന്റോ ജോസഫ് വിളിച്ചിരുന്നു. എന്നാല്‍ സംസാരിക്കാനായില്ല. രാവിലെ മിസ്ഡ് കോള്‍ കണ്ടു തിരിച്ചു വിളിച്ചപ്പോഴാണ് ആക്രമണ വിവരം അറിഞ്ഞത്. തുടര്‍ന്ന് ലാലിനെ വിളിച്ചു. രമ്യ നമ്പീശന്റെ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചു. പിന്നീട് നടിയുടെ അമ്മയുമായി സംസാരിച്ചു. എന്താവശ്യത്തിനും കൂടെയുണ്ടാകുമെന്ന് ദിലീപ് ഉറപ്പു നല്‍കിയതായും കാവ്യ മൊഴിയില്‍ പറയുന്നു.

ആക്രമണവിവരം താനറിഞ്ഞത് രാവിലെ റിമി ടോമി വിളിച്ചപ്പോഴാണ്. പള്‍സര്‍ സുനിയെക്കുറിച്ച് അറിയില്ല. വീട്ടില്‍ വന്നിട്ടുണ്ടോയെന്നും അറിയില്ല. എന്നാല്‍ പ്രതികളിലൊരാളായ വിഷ്ണു കാക്കനാട്ടെ ‘ലക്ഷ്യ’യുടെ ഓഫിസില്‍ വന്നിരുന്നു. തന്റെ ഡ്രൈവര്‍ സുനീറിനോട് അച്ഛന്റെയോ അമ്മയുടെയോ നമ്പര്‍ ആവശ്യപ്പെട്ടു. എന്നാല്‍ കയ്യിലെ മുറിവും നെറ്റിയിലെ കെട്ടും കണ്ടപ്പോള്‍ പന്തികേടു തോന്നി നമ്പര്‍ കൊടുത്തില്ല.

‘ലക്ഷ്യ’യില്‍ സിസിടിവി ക്യാമറയുണ്ട്. അതിലെ ദൃശ്യങ്ങള്‍ പൊലീസിനു കൈമാറിയിട്ടുണ്ട്. ഭീഷണിപ്പെടുത്തി ചിലര്‍ പണം വാങ്ങാന്‍ ശ്രമിച്ചതായി ദിലീപ് ഡിജിപി ലോക്‌നാഥ്‌ െബഹ്‌റയെ വിളിച്ചറിയിച്ചിരുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതിയും നല്‍കിയതായി കാവ്യ മൊഴി നല്‍കി.

കടപ്പാട്: മനോരമന്യൂസ്

കുഞ്ചാക്കോ ബോബന്റെ മൊഴിയുടെ പൂര്‍ണരൂപം

ഞാന്‍ കഴിഞ്ഞ 20 വര്‍ഷമായി മലയാള സിനിമാ നടനാണ്. സിനിമ നിര്‍മാണവും ചെയ്യുന്നുണ്ട്. നടന്‍ ദിലീപ് എന്റെ സുഹൃത്താണ് ദിലീപ് സിനിമയുടെ എല്ലാ മേഖലകളിലും സ്വാധീനമുള്ള വ്യക്തിയും എല്ലാ സംഘടനകളുടെയും തലപ്പത്തുള്ള ആളുമാണ്. അമ്മയുടെ ട്രഷറര്‍ ആയിരുന്ന എന്നെ മാറ്റി ആണ് ദിലീപ് ട്രഷറര്‍ ആയത്. അത് അപ്രതീക്ഷിതമായിരുന്നു.

നടന്‍ ദിലീപിന്റെ ഭാര്യയായിരുന്ന മഞ്ജു വാര്യര്‍ ഏറെ കാലത്തിന് ശേഷം അഭിനയിച്ച ഹൗ ഓള്‍ഡ് ആര്‍യു എന്ന സിനിമയില്‍ ഞാനായിരുന്നു നായകന്‍. മോഹന്‍ലാല്‍ നായകനായ സിനിമയിലാണ് മഞ്ജു വാര്യര്‍ തിരികെ വരുന്നത് എന്നാണ് അന്ന് പറഞ്ഞ് കേട്ടത്.

അത് എന്തോ കാരണത്താല്‍ നടന്നില്ല. ആ സിനിമ സംവിധാനം ചെയ്തത് റോഷന്‍ ആന്‍ഡ്രൂസാണ്. എന്റെ സിനിമയുടെ നായികയെ തീരുമാനിക്കുന്നത് സംവിധായകനാണ്. ഞാന്‍ അതില്‍ അഭിപ്രായം ഒന്നും പറയാറില്ല. ആ സിനിമ ഞാന്‍ കമ്മിറ്റ് ചെയ്ത ശേഷം ദിലീപ് ഒരു ദിവസം രാത്രി വൈകി എന്നെ വിളിച്ചിരുന്നു.

ദിലീപ് അന്ന് എന്നോട് ഈ സിനിമയെ പറ്റിയുള്ള വിവരങ്ങള്‍ ചോദിച്ചിരുന്നു. ആ സിനിമയില്‍ ഞാന്‍ അഭിനയിക്കരുത് എന്ന ധ്വനി വരാവുന്ന രീതിയില്‍ എന്നോട് സംസാരിച്ചിരുന്നു. നേരിട്ട് എന്നോട് ആ കാര്യം ആവശ്യപ്പെട്ടിട്ടില്ല. അതിന് മറുപടിയായി ദിലീപിനോട്, ഞാന്‍ ഡേറ്റ് കൊടുത്തത് റോഷന്‍ ആന്‍ഡ്രൂസിനാണ് മഞ്ജു വാര്യരുടെ പടം എന്ന് ഉദ്ദേശിച്ചല്ല എന്ന് പറഞ്ഞു.

എന്നാല്‍ ഞാന്‍ അഭിനയിക്കരുത് എന്ന് നിങ്ങള്‍ ആവശ്യപ്പെടുകയാണെങ്കില്‍ എത്തിക്‌സ് അല്ലെങ്കിലും ഫ്രണ്ട്ഷിപ്പിന്റെ പുറത്ത് ഞാന്‍ മാറാം. പക്ഷെ നിങ്ങള്‍ ആവശ്യപ്പെടണം എന്ന് ഞാന്‍ പറഞ്ഞു. പക്ഷെ ദിലീപ് ആവശ്യപ്പെടാന്‍ തയ്യാറായില്ല. പിന്നെയും ഒരു മണിക്കൂറോളം ദിലീപ് എന്നോട് സംസാരിച്ചിരുന്നു.

പുള്ളിയുടെ സംസാരത്തില്‍ നിന്നും ഞാന്‍ സ്വയം പിന്‍മാറണമെന്നാണ് ഉദ്ദേശിച്ചത് എന്ന് തീര്‍ച്ചയാണ്. കസിന്‍സ് എന്ന സിനിമയില്‍ നിന്നും നടിയെ മാറ്റാന്‍ ദിലീപ് ശ്രമിച്ചതായി പറഞ്ഞു കേട്ടിട്ടുണ്ട്.

 

ശ്രീകുമാര്‍ മേനോന്റെ മൊഴി

തന്നെയും മഞ്ജു വാര്യരെയും ചേര്‍ത്ത് അപവാദം പറഞ്ഞത് ദിലീപാണെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ മൊഴി. മഞ്ജു വീണ്ടും സിനിമയില്‍ അഭിനയിക്കുന്നത് ദിലീപിന് ഇഷ്ടമായിരുന്നില്ല. സിനിമയില്‍ ഇപ്പോഴത്തെ മഞ്ജുവിന്റെ വളര്‍ച്ച ദിലീപിന് ദഹിക്കുന്നില്ല.

ഒടിയന്‍, മഹാഭാരതം എന്നീ സിനിമകള്‍ പ്രൊഡ്യൂസ് ചെയ്യാനിരുന്നത് കാര്‍ണിവല്‍ ഗ്രൂപ്പാണ്. എന്നാല്‍ ദിലീപ് ഇടപെട്ട് കാര്‍ണിവല്‍ ഗ്രൂപ്പിനെ പിന്തിരിപ്പിച്ചു. മഞ്ജുവിന്റെ സിനിമയില്‍ നിന്ന് കുഞ്ചാക്കോ ബോബനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു.

സൈറ ബാനു എന്ന സിനിമയില്‍ നായകന്മാരെ ലഭിക്കാതിരുന്നത് ദിലീപ് കാരണമാണ്. ദിലീപ് കുടിലബുദ്ധിക്കാരനെന്ന് മലയാള സിനിമയില്‍ പരക്കെ അറിയാം. സ്വന്തം കാര്യങ്ങള്‍ക്ക് വളഞ്ഞ വഴി സ്വീകരിക്കുന്ന ആളാണ് ദിലീപെന്നും ശ്രീകുമാര്‍ മേനോന്റെ മൊഴിയില്‍ പറയുന്നു.

സിദ്ധിഖിന്റെ മൊഴിയുടെ പൂര്‍ണരൂപം

ഞാന്‍ 1987 മുതല്‍ മലയാളസിനിമാ മേഖലയില്‍ പ്രവര്‍ത്തിച്ച് വരികയാണ്. ഞാന്‍ മുന്നൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഞാന്‍ സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മറ്റി മെമ്പറാണ്. സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കാറുണ്ട്.

2017 ഫെബ്രുവരി 13 ാം തീയതി രാവിലെ എന്റെ ഫോണില്‍ ഞാന്‍ നോക്കിയപ്പോള്‍ നിര്‍മാതാവ് ആന്റോ ജോസഫിന്റെ നമ്പറില്‍ നിന്നും രാത്രി സമയം ധാരാളം മിസ്ഡ് കോള്‍ കണ്ടിരുന്നു. തുടര്‍ന്ന് ഞാന്‍ പുലര്‍ച്ചെ 06.30 മണിയോടെ തിരിച്ച് വിളിച്ചപ്പോള്‍ അദ്ദേഹം ഫോണ്‍ സംവിധായകന്‍ ലാലിന് കൊടുക്കുകയും ലാല്‍ ഉടന്‍ തന്നെ ലാലിന്റെ വീട്ടിലേക്ക് ചെല്ലാന്‍ ആവശ്യപ്പെടുകയും ചെയ്തു.

ഞാന്‍ ഉടന്‍ തന്നെ ലാലിന്റെ വീട്ടിലെത്തിയപ്പോല്‍ ലാലിന്റെ കുടുംബാംഗങ്ങളും ലാലും നടി ആക്രമിക്കപ്പെട്ടതിന്റെ വിവരങ്ങള്‍ എന്നോട് പറഞ്ഞു. ഞാന്‍ നടിയെ സമാധാനിപ്പിച്ചു. പിന്നീട് നടി അവിടെ നിന്ന് പോയതിന് ശേഷം ലാലിന്റെ വീട്ടില്‍ നിന്നും ഞാന്‍ മടങ്ങി.

രണ്ട് ദിവസങ്ങള്‍ കഴിഞ്ഞ് ഈ സംഭവത്തെ സംബന്ധിച്ച് സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മ എറണാകുളം ഡിഎച്ച് ഗ്രൗണ്ടില്‍ സംഘടിപ്പിച്ചിരുന്നു. ആ കൂട്ടായ്മയില്‍ പങ്കെടുക്കുവാന്‍ ഞാനും ദിലീപും ഒരുമിച്ചാണ് പോയത്. യാത്രാമധ്യേ കാറിലിരുന്ന് താന്‍ നിരപരാധിയാണെന്നും തന്റെ പേര് ആവശ്യമില്ലാതെ ആരോപിക്കുകയാണെന്നും എന്നോട് പറഞ്ഞു.

ദിലീപും നടിയും തമ്മില്‍ ഉണ്ടായ അഭിപ്രായവ്യത്യാസങ്ങളും മറ്റും മൂലമായിരിക്കും ദിലീപിനെ സംശയിക്കുന്നതെന്ന് ഞാന്‍ പറഞ്ഞു. 2013 ല്‍ മഴവില്‍ അഴകില്‍ അമ്മ എന്ന സ്റ്റേജ് പ്രോഗ്രാമിന്റെ റിഹേഴ്‌സല്‍ ക്യാമ്പ് എറണാകുളം അബാദ് പ്ലാസയില്‍ വെച്ച് നടത്തിയിരുന്നു. ഞാനും അതിന്റെ ഒരു ഓര്‍ഗനൈസര്‍ ആയിരുന്നു.

റിഹേഴ്‌സല്‍ ക്യാമ്പില്‍ വെച്ച് ആക്രമിക്കപ്പെട്ട നടി കാവ്യയെ കുറിച്ച് മോശമായി പലരോടും സംസാരിക്കുന്നുവെന്ന് പരാതി കാവ്യ എന്നോട് വന്ന് പറഞ്ഞു. അപ്പോള്‍ തന്നെ ഞാന്‍ നടിയെ വിളിച്ച് എന്തിനാണ് ഇങ്ങനെയുള്ള പിണക്കങ്ങള്‍ ഉണ്ടാക്കുന്നതെന്നും മേലില്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യരുതെന്നും മുന്നറിയിപ്പ് കൊടുത്തു.

ദിലീപും നടിയും തമ്മില്‍ നല്ല ബന്ധമായിരുന്നില്ല. ദിലീപിന്റെ ഇടപെടല്‍ മൂലം സിനിമയിലെ നിരവധി അവസരങ്ങള്‍ തനിക്ക് നഷ്ടമായിട്ടുണ്ടെന്ന് നടി എന്നോട് പരാതി പറഞ്ഞിട്ടുണ്ട്. ഞാന്‍ ഇതെക്കുറിച്ച് ദിലീപിനോട് സംസാരിച്ചിട്ടുണ്ട്. അപ്പോള്‍ ഇക്ക ഇക്കാര്യത്തില്‍ ഇടപെടേണ്ട എന്നും ഇത് എന്റെ വ്യക്തിപരമായ കാര്യമാണെന്നും ദിലീപ് എന്നോട് മറുപടി പറഞ്ഞു.

ദിലീപ് അപ്രകാരം ഇടപെട്ടതുകൊണ്ട് നടിയ്ക്ക് അവസരങ്ങള്‍ നഷ്ടപ്പെട്ടതായി എനിക്കറിയാം. മഴവില്‍ അഴകില്‍ അമ്മ എന്ന പരിപാടിയുടെ റിഹേഴ്‌സല്‍ ക്യാമ്പില്‍ മിക്ക ദിവസങ്ങളിലും ദിലീപ് ഉണ്ടായിരുന്നു.

സംയുക്താ വര്‍മയുടെ മൊഴി

15 വര്‍ഷമായി സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയാണ് ഞാന്‍. നടിമാരായ ഭാവന, മഞ്ജു വാര്യര്‍, ഗീതു മോഹന്‍ദാസ് എന്നിവരുമായി വളരെ അടുത്ത ബന്ധമാണ് എനിക്കുള്ളത്. ഭാവന തൃശൂരില്‍ ആയതിനാലും എന്റെ അനിയത്തിയുടെ കൂടെ പഠിച്ചതിനാലും ഞാനും ഭാവനയും സഹോദരിമാരെ പോലെയുള്ള അടുപ്പമാണ് പുലര്‍ത്തുന്നത്.

നാലഞ്ച് വര്‍ഷം മുമ്പ് ഒരു ദിവസം മഞ്ജു വാര്യരും ഗീതു മോഹന്‍ ദാസും എന്റെ വീട്ടിലേക്ക് വന്നു. ദിലീപും കാവ്യാ മാധവനും തമ്മിലുള്ള മെസേജുകള്‍ മൊബൈല്‍ ഫോണില്‍ കണ്ട കാര്യം മഞ്ജു എന്നോട് പറഞ്ഞു. ഇങ്ങനെയുള്ള മെസേജുകള്‍ ആരെങ്കിലും അയയ്ക്കുമോ എന്നും മറ്റും എന്നോട് ചോദിച്ചു.

അന്ന് എന്റെ അമ്മയും വീട്ടിലുണ്ടായിരുന്നു. മഞ്ജുവിന്റെ വിഷമം കണ്ടപ്പോള്‍ ഇതൊന്നും കാര്യമാക്കേണ്ട എന്ന് ഞാനും അമ്മയും മഞ്ജുവിനെ സമാധാനിപ്പിച്ചു. പിന്നീട് മഞ്ജു കാവ്യയെ ഫോണില്‍ വിളിച്ച് സംസാരിച്ചു. അതിന് ശേഷം ഞാനും മഞ്ജുവും ഗീതുവും കൂടി ഭാവനയുടെ വീട്ടിലേക്ക് പോയി.

ഭാവനയുടെ അച്ഛനും അമ്മയും വീട്ടില്‍ ഉണ്ടായിരുന്നു. ഭാവനയുടെ അച്ഛന്‍ അവളെ വഴക്കുപറഞ്ഞു. അറിയാവുന്ന കാര്യങ്ങള്‍ തുറന്നു പറയണമെന്നും പറഞ്ഞു. കാവ്യയും ദിലീപും തമ്മിലുള്ള അടുപ്പത്തെപ്പറ്റി കൂടുതല്‍ അറിയാവുന്നത് ഭാവനയ്ക്ക് ആയിരുന്നു. കാവ്യയും ദിലീപും തമ്മില്‍ ബന്ധം ഉണ്ടെന്നായിരുന്നു ഭാവന പറഞ്ഞത്.
മഞ്ജു വാര്യരുടെ മൊഴിയുടെ പൂര്‍ണരൂപം ഇങ്ങനെ

ഞാന്‍ 2106-2017 തീയതി പൊലീസിന് കൊടുത്ത മൊഴിയാണ് ഇപ്പോള്‍ വായിച്ച് കേട്ടത്. ആ മൊഴിയില്‍ ഞാന്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് പറഞ്ഞതായി മൊഴി നല്‍കിയിട്ടുണ്ട്. ഗൂഢാലോചന ഉണ്ടെന്ന് പറഞ്ഞത് സാധാരണക്കാരന്‍ ചിന്തിക്കുന്ന രീതിയില്‍ ചിന്തിച്ചതുകൊണ്ടാണ്.

ചലച്ചിത്രതാരങ്ങളുടെ കൂട്ടായ്മ നടന്ന ദിവസം ഞാന്‍ മാത്രമാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞത്. ദിലീപേട്ടനുമായുള്ള എന്റെ വിവാഹത്തിന് ശേഷം ഞാന്‍ സിനിമാ ഫീല്‍ഡില്‍ നിന്ന് പൂര്‍ണമായി മാറി നില്‍ക്കുകയായിരുന്നു.

ആരുമായി ഞാന്‍ ശിലേൃമരേ േചെയ്തിരുന്നില്ല. എനിക്ക് വീടിന് പുറത്തേക്ക് ഒരു ലോകം ഉണ്ടായിരുന്നില്ല. ഒരു ദിവസം ദീലീപേട്ടനും കാവ്യയുമായുള്ള മെസേജുകള്‍ ഞാന്‍ ദിലീപേട്ടന്റെ ഫോണില്‍ നേരിട്ട് കണ്ടു. അക്കാര്യം എന്റെ സുഹൃത്തുക്കളും സിനിമ നടിമാരുമായ സംയുക്താ വര്‍മ, ഗീതു മോഹന്‍ ദാസ്, ഭാവന എന്നിവരുമായി ഷെയര്‍ ചെയ്യുകയും ചെയ്തു.

അതിനെ തുടര്‍ന്ന് ഭാവന അവള്‍ക്കറിയാവുന്ന കാര്യങ്ങള്‍ എന്നോട് പറഞ്ഞു. ഞാന്‍ കാവ്യയെ കുറിച്ചും ദിലീപേട്ടനെ കുറിച്ചും അറിഞ്ഞ കാര്യങ്ങള്‍ക്ക് ശക്തികൂട്ടുന്ന കാര്യങ്ങളാണ് ഭാവന പറഞ്ഞത്. ദിലീപേട്ടനും കാവ്യാ മാധവനുമായി അവിഹിതബന്ധം ഉണ്ടായിരുന്നതായി എനിക്ക് മനസിലായി.

ഞാന്‍ അറിഞ്ഞ കാര്യങ്ങള്‍ ദിലീപേട്ടനോട് ചോദിച്ചു. അതിനെ തുടര്‍ന്ന് വീട്ടില്‍ വഴക്കുണ്ടായി. അതിന്റെ പേരില്‍ ദിലീപേട്ടന് ഭാവനയോട് ദേഷ്യമുണ്ടായി. ഞാനും സംയുക്തയും ഗീതു മോഹന്‍ ദാസും കൂടി ഭാവനയുടെ വീട്ടില്‍ പോയിരുന്നു. ഭാവനയുടെ വീട്ടില്‍ വെച്ച് അവളുടെ അച്ഛന്‍ അവളോട് നിനക്ക് എന്തെങ്കിലും അറിയാമെങ്കില്‍ പറഞ്ഞു കൊടുക്കു എന്നും മറ്റും പറഞ്ഞ് വഴക്ക് പറഞ്ഞു.

ദിലീപും കാവ്യയുമായുള്ള ബന്ധം ഗായിക റിമി ടോമിക്കും അറിയാമെന്ന് ഭാവന എന്നോട് പറഞ്ഞു. ഞാന്‍ റിമിയെ വിളിച്ചിരുന്നു. റിമിയും അതിനെ കുറിച്ച് എന്നോട് പറഞ്ഞിരുന്നു. 2013 ഏപ്രില്‍ 17 നാണ് ഞാന്‍ ദിലീപേട്ടന്റെ വീട്ടില്‍ നിന്ന് എന്റെ വീട്ടിലേക്ക് വന്നത്. കാവ്യയുമായുള്ള ബന്ധം ഞാന്‍ അറിഞ്ഞ് വീട്ടില്‍ സംസാരം ഉണ്ടായതിന് ശേഷം ഗീതു, സംയുക്ത എന്നിവരുമായുള്ള ബന്ധത്തെ ദിലീപേട്ടനും സഹോദരിയും എതിര്‍ത്തിരുന്നു.