വിവാദങ്ങള്‍ക്കിടെ ഇതാദ്യമായി ഔദ്യാഗിക പ്രതികരണവുമായി മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ രംഗത്ത്

single-img
20 December 2017

കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായ സംഭവമായിരുന്നു കസബ എന്ന ചിത്രത്തിനെതിരായ നടി പാര്‍വതിയുടെ വിമര്‍ശനങ്ങള്‍. തുടര്‍ന്ന് പാര്‍വതിയെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയകളില്‍ ഉശിരന്‍ പോര് തന്നെ നടന്നു. ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണലിന്റെ സംസ്ഥാന നേതൃത്വം.

എതിര്‍സ്വരങ്ങളെ തുറന്ന മനസോടെ സ്വീകരിക്കുന്ന നടന്റെ ആരാധകരും അതേ പാതയാണ് പിന്തുടരുന്നതെന്നും മമ്മൂട്ടിയുടെ പേരും ചിത്രവും ഉപയോഗിച്ച് ആര്‍ക്കെതിരെയും അധിക്ഷേപവും സൈബര്‍ ആക്രമണവും നടത്തുന്നവരെ സംഘടന അംഗീകരിക്കുന്നില്ലെന്നും അസോസിയേഷന്‍ വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചു. കസബ വിവാദത്തില്‍ ഇതാദ്യമായാണ് ഔദ്യാഗിക പ്രതികരണവുമായി മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ രംഗത്തു വരുന്നത്.

മമ്മൂട്ടിയുടെ സിനിമയെയും കഥാപാത്രത്തെയും വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം എല്ലാ ആസ്വാദകര്‍ക്കുമുണ്ട്. വിമര്‍ശനങ്ങളോടും വിയോജിപ്പുകളോടും ആശയപരമായ സംവാദമാണ് വേണ്ടത്, അസഹിഷ്ണുതയല്ലെന്ന് വിശ്വസിക്കുന്നവരാണ് മമ്മൂട്ടിയെ സ്‌നേഹിക്കുന്നവരും.

കസബയെ പാര്‍വതി വിമര്‍ശിക്കുന്നതിന് എത്രയോ മുന്‍പ് ആ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ട്രോളായി മാറിയപ്പോള്‍ ആ ട്രോളുകളില്‍ പലതും സ്വന്തം ഫേസ്ബുക്ക് പേജില്‍ മമ്മൂട്ടി തന്നെ ഷെയര്‍ ചെയ്തത് വലിയ വാര്‍ത്തയായിരുന്നുവെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു.

ചലച്ചിത്രമേഖലയെ ഒരു കുടുംബമായും, സഹതാരങ്ങളെ കുടുംബാംഗങ്ങളായും പരിഗണിക്കുന്നയാളാണ് മമ്മൂക്കയെന്നതിന് പുതുതായി ഉദാഹരണങ്ങളൊന്നും വേണ്ട. തന്റെ പേരില്‍ ചലച്ചിത്ര കുടുംബത്തിലെ സഹപ്രവര്‍ത്തകരെയോ മറ്റേതെങ്കിലും വ്യക്തികളെയോ അധിക്ഷേപിക്കുന്നതും മറ്റുള്ളവരുടെ സിനിമകളെ ആക്രമിക്കുന്നതും ഒരു ഘട്ടത്തിലും പിന്തുണക്കുന്ന ആളല്ല മമ്മൂട്ടി. പല ഘട്ടങ്ങളിലും ആരാധകരോടും ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികളോടും ഇക്കാര്യത്തില്‍ തന്റെ കര്‍ശന നിലപാട് മമ്മൂക്ക അറിയിച്ചിട്ടുണ്ടെന്നും വാര്‍ത്താക്കുറിപ്പ് വിശദീകരിക്കുന്നു.