വിവാഹവും ഹണിമൂണുമെല്ലാം കഴിഞ്ഞ് അനുഷ്‌കയും കോഹ്‌ലിയും തിരിച്ചെത്തി: വിമര്‍ശിച്ച് ബിജെപി നേതാവ്

single-img
20 December 2017

താരദമ്പതികളായ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്ലിയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയും ഇറ്റലിയിലെ വിവാഹവും ഹണിമൂണുമെല്ലാം കഴിഞ്ഞ് തിരിച്ചെത്തി. ന്യൂഡല്‍ഹിയിലെ കോഹ്‌ലിയുടെ വീട്ടിലാണ് ഇരുവരുമെത്തിയത്.

ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായുള്ള വിവാഹ സത്ക്കാരം വ്യാഴാഴ്ച്ച നടക്കും. അതിനുശേഷം ഡിസംബര്‍ 26ന് ക്രിക്കറ്റിലെയും ബോളിവുഡിലെയും താരങ്ങള്‍ക്ക് മറ്റൊരു സത്കാരവും സംഘടിപ്പിക്കുന്നുണ്ട്.

കോഹ്‌ലിയും അനുഷ്‌കയും കോഹ്‌ലിയുടെ സഹോദരി ഭാവ്‌നയുമായി സംസാരിക്കുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്. ശെര്‍വാണിയണിഞ്ഞ് കോഹ്‌ലിയും പിങ്ക് ചുരിദാര്‍ അണിഞ്ഞ അനുഷ്‌കയുമാണ് ചിത്രത്തിലുള്ളത്.

അതേസമയം വിരാട് കോഹ്ലിയുടെയും അനുഷ്‌ക ശര്‍മ്മയുടെയും രാജ്യസ്‌നേഹം ചോദ്യം ചെയ്ത് ബിജെപി എംഎല്‍എ രംഗത്തെത്തി. താരവിവാഹം ഇറ്റലിയില്‍ വെച്ച് നടത്തിയതാണ് നേതാവിനെ ചൊടിപ്പിച്ചത്. ഗുണയില്‍ ‘സ്‌കില്‍ ഇന്ത്യ ക്യാംപെയ്‌നി’ല്‍ സംസാരിക്കവെയാണ് ബിജെപി എംഎല്‍എ പന്നലാല്‍ ശഖ്യ ദമ്പതികള്‍ക്കെതിരെ ആഞ്ഞടിച്ചത്.

ഇന്ത്യയില്‍ നിന്നാണ് കോഹ്ലി വരുമാനം പറ്റുന്നത്. പക്ഷെ വിവാഹത്തിന് ഇവിടെ സ്ഥലം കണ്ടെത്താനായില്ല. എന്താ ഹിന്ദുസ്ഥാന് തൊട്ടുകൂടായ്മയുണ്ടോ? എംഎല്‍എ ചോദിക്കുന്നു. ഭഗവാന്‍ രാമന്റെയും, ശ്രീകൃഷ്ണന്റെയും, വിക്രമാദിത്യന്റെയും യുധിഷ്ഠിരന്റെയും വിവാഹം നടന്ന മണ്ണാണിത്.

നിങ്ങള്‍ എല്ലാവരും ഇവിടുതന്നെ വിവാഹം ചെയ്യണം. വിവാഹം നടത്താന്‍ വിദേശരാജ്യങ്ങളിലേക്ക് പോകരുത്. ഇവിടെ നിന്ന് സമ്പാദിച്ച് അവിടെ കോടികള്‍ മുടക്കുന്നവര്‍ രാജ്യത്തെ ബഹുമാനിക്കാത്തവരാണ്. അയാള്‍ക്ക് രാജ്യസ്‌നേഹമില്ലെന്ന് വ്യക്തമാണ്.

ഇവിടെ ജോലി ചെയ്യുന്നില്ലെങ്കില്‍ ഇന്ത്യയില്‍ പരിശീലനം ലഭിച്ചതുകൊണ്ട് പ്രത്യേകിച്ച് പ്രയോജനം ഒന്നുമില്ല. നിങ്ങള്‍ രാജ്യത്തിനുവേണ്ടി ജോലി ചെയ്യണം. അതാണ് ഏറ്റവും വലിയ രാജ്യസേവനം. അല്ലാതെ കോഹ്ലിയെ പോലെ ഇവിടെ നിന്ന് പണം സമ്പാദിച്ച് ഇറ്റലിയില്‍ പോയി വിവാഹം നടത്തി തിരിച്ചുവരുന്നത് ശരിയല്ല, എംഎല്‍എ കൂട്ടിച്ചേര്‍ത്തു.