റയാൻ ഇന്റർനാഷണൽ സ്കൂളിലെ ഏഴുവയസ്സുകാരന്റെ കൊലപാതകം: പ്രതിയായ പതിനാറുകാരനെ മുതിർന്നയാളായി പരിഗണിക്കുമെന്ന് ജുവനൈൽ ജസ്റ്റിസ് ബോർഡ്

single-img
20 December 2017

ഗുഡ്ഗാവിലെ റയാൻ ഇന്റർനാഷണൽ സ്കൂളിലെ വിദ്യാർത്ഥിയായ ഏഴുവയസ്സുകാരൻ പ്രദ്യുംനൻ ഠാക്കൂറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും ഇതേ സ്കൂളിലെ വിദ്യാർത്ഥിയുമായ പതിനാറുകാരനെ മുതിർന്ന വ്യക്തിയായി കണക്കാക്കി വിചാരണനടത്തണമെന്ന് ജ്യുവനൈൽ ജസ്റ്റിസ് ബോർഡ്. പ്രതിയെ വെള്ളിയാഴ്ച്ച കോടതിയിൽ ഹാജരാക്കുമെന്ന് ബോർഡ് അറിയിച്ചു. ശിക്ഷിക്കപ്പെടുകയാണെങ്കിൽ ഇയാളെ 21 വയസ്സുവരെ ദുർഗ്ഗുണ പരിഹാര പാഠശാലയിൽ പാർപ്പിച്ചശേഷം ജയിലിലേയ്ക്കയയ്ക്കുമെന്നും ബോർഡ് അധികൃതർ അറിയിച്ചു.

ഈ വർഷം സെപ്റ്റംബർ മാസം എട്ടാം തീയതിയാണു പ്രദ്യുംനൻ ഠാക്കൂറിനെ സ്കൂളിന്റെ വാഷ് റൂമിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സ്കൂൾ ബസിന്റെ കണ്ടക്ടറായ അശോക് കുമാറിനെയാണു പോലീസ് അറസ്റ്റ് ചെയ്തത്. ലൈംഗിക പീഡനത്തിനിടെ കൊലപാതകം നടന്നുവെന്നായിരുന്നു പോലീസിന്റെ വാദം. എന്നാൽ അശോക് കുമാറിനെ ക്രൂരമായി മർദ്ദിച്ച ശേഷം പോലീസ് കുറ്റം അയാളിൽ അടിച്ചേൽപ്പിക്കുകയായിരുന്നു എന്ന് മനസ്സിലാക്കിയ കോടതി പിന്നീറ്റ് ഇയാൾക്ക് ജാമ്യം അനുവദിച്ചിരുന്നു.

പിന്നീട് സ്കൂളിലെ തന്നെ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തു. സി സി ടിവി ക്യാമറയിലെ ദൃശ്യങ്ങളിൽ വാഷ് റൂമിൽ നിന്നും അവസാനം പുറത്തേയ്ക്ക് വന്നത് ഈ വിദ്യാർത്ഥിയാണെന്ന് കണ്ടതിനെത്തുടർന്നാണു പോലീസ് ഇയാളെ ചോദ്യം ചെയ്തത്.

സ്കൂളിൽ ഉടൻ നടക്കാനിരുന്ന ഒരു പരീക്ഷയും രക്ഷാകർത്തൃ യോഗവും മാറ്റിവെയ്ക്കാനുള്ള ഉപായമായാണു കൊലപാതകം നടത്തിയതെന്നു ഇയാൾ പോലീസിനോട് കുറ്റസമ്മതം നടത്തി. എന്നാൽ പോലീസ് ഇയാളെ മർദ്ദിച്ച് കുറ്റം സമ്മതിപ്പിക്കുകയാണെന്നാണു പ്രതിയുടെ മാതാപിതാക്കളുടെ വാദം.

ജ്യുവനൈൽ ജസ്റ്റിസ് ബോർഡിന്റെ തീരുമാനത്തെ പ്രദ്യുംനന്റെ മാതാപിതാക്കൾ സ്വാഗതം ചെയ്തു.