നടന്‍ ഫഹദ് ഫാസിലിന്റെ മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് പ്രോസിക്യൂഷന്‍: വിധി നാളെ

single-img
20 December 2017


വാഹന റജിസ്‌ട്രേഷന്‍ തട്ടിപ്പുകേസില്‍ നടന്‍ ഫഹദ് ഫാസിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. ജാമ്യാപേക്ഷയില്‍ ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി നാളെ വിധി പറയും. മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തു.

ഇന്നലെ ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഫഹദിന് ക്രൈംബ്രാഞ്ച് നോട്ടിസ് നല്‍കിയ പശ്ചാത്തലത്തില്‍ ശനിയാഴ്ചയാണ് മുന്‍കൂര്‍ ജാമ്യം തേടി ഫഹദ് കോടതിയെ സമീപിച്ചത്. എന്നാല്‍ ഇന്നലെ ഫഹദ് പൊലീസിനു മുന്നില്‍ ഹാജരായില്ല.

നേരത്തെ പുതുച്ചേരിയിലെ വ്യാജ മേല്‍വിലാസത്തില്‍ വാഹനങ്ങള്‍ റജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ച കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് അമല പോളിനും ഹഫദ് ഫാസിലിനും ക്രൈം ബ്രാഞ്ച് നോട്ടിസ് നല്‍കിയിരുന്നു.

കേസുമായി ബന്ധപ്പെട്ട് മൊഴിയെടുക്കുന്നതിനായി തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്തുള്ള ക്രൈംബ്രാഞ്ച് ഓഫിസില്‍ എത്തണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകുന്നതിന് കൂടുതല്‍ സമയം വേണമെന്ന് അമല അഭിഭാഷകന്‍ മുഖേന ആവശ്യപ്പെട്ടു. ഷൂട്ടിങ് തിരക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് അമല പോള്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടത്.