ഡൽഹിയിലെ ഡ്രൈവറില്ലാ മെട്രോ പരീക്ഷണ ഓട്ടത്തിനിടെ ഭിത്തിതകർത്ത് വെളിയിൽ വന്നു

single-img
20 December 2017

ഡൽഹി മെട്രോയുടെ ലോക്കോ പൈലറ്റില്ലാതെ ഓടുന്ന പുതിയതരം ട്രെയിൻ പരീക്ഷണ ഓട്ടത്തിനിടെ കാളിന്ദി കുഞ്ജ് ഡിപ്പോയിലെ ഭിത്തി തകർത്ത് വെളിയിൽ വന്നു. പുതിയതായി തുറക്കാൻ പോകുന്ന മജന്താ ലൈനിന്റെ പരീക്ഷണ ഓട്ടത്തിനിടെയാണു അപകടം സംഭവിച്ചത്.

പരീക്ഷണ ഓട്ടമായതുകൊണ്ട് യാത്രക്കാർ ഒന്നും ട്രെയിനിൽ ഉണ്ടായിരുന്നില്ല. ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഡ്രൈവറില്ലാതെ ഓടുന്ന രാജ്യത്തെ ആദ്യത്തെ ട്രെയിൻ സർവ്വീസ് ആണു മജന്താ ലെയിനിൽ ആരംഭിക്കുന്നത്.

ട്രെയിനിന്റെ ബ്രേക്കിനു തകരാറുണ്ടായിരുന്നുവെന്ന് മെട്രോ അധികൃതർ വിശദീകരിക്കുന്നു. ബ്രേക്കിന്റെ തകരാറ് ശ്രദ്ധിക്കാതെ ഒരു ജീവനക്കാരൻ ട്രെയിൻ കഴുകുന്നതിനായി ഒരു റാമ്പിന്റെ മുകളിലുള്ള വാഷിംഗ് പ്ലാന്റ്ലേയ്ക്ക് വഴി തിരിച്ചുവിട്ടപ്പോഴാണു അപകടമുണ്ടായത്. റാമ്പിനു മുകളിൽ ട്രെയിൻ നിർത്തിയെങ്കിലും ബ്രേക്ക് തകരാറിൽ ആയതിനാൽ ട്രെയിൻ പുറകിലേയ്ക്ക് ഉരുണ്ടുവന്ന് ഭിത്തി ഇടിച്ചു തകർക്കുകയായിരുന്നുവെന്നാണു അധികൃതരുടെ വിശദീകരണം.

ഡി എം ആർ സിയുടെ എം ഡി ഉന്നതതല അന്വേഷണത്തിനുത്തരവിട്ടതായി വാർത്താ ഏജൻസിയായ എ എൻ ഐ റിപ്പോർട്ട് ചെയ്യുന്നു. അന്വേഷണത്തിനായി മൂന്ന് ഉദ്യോഗസ്ഥരെ നിയമിച്ചു. ജീവനക്കാരുടെ അശ്രദ്ധയാണ് കാരണമെന്നാണു പ്രാഥമിക നിഗമനം. അന്വേഷണ റിപ്പോർട്ട് വന്നതിനുശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നാണു മെട്രൊ അധികൃതർ പറയുന്നത്.

പശ്ചിമ ഡൽഹിയിലെ ജനക്പുരി വെസ്റ്റ് സ്റ്റേഷനിൽ (ബ്ലൂ ലൈൻ) നിന്നും ദക്ഷിണ ഡൽഹി വഴി പൂർവ്വ ഡൽഹിയിലെ ബൊട്ടാണിക്കൽ ഗാർഡൻ സ്റ്റേഷൻ (ബ്ലൂ ലൈൻ) വരെയാണു മജന്താ ലൈൻ . ബ്ലൂ ലെയിനിനേയും യെല്ലോ ലെയിനിനേയും വയലറ്റ് ലെയിനിനേയും ബന്ധിപ്പിച്ചുകൊണ്ട് പോകുന്ന മജന്താ ലൈൻ എയർപ്പോർട്ട് മെട്രോ സ്റ്റേഷനിലൂടെയും കടന്നു പോകുന്നുണ്ട്. പശ്ചിമ ഡൽഹിയേയും ദക്ഷിണ ഡൽഹിയേയും നേരിട്ടു ബന്ധിപ്പിക്കുക വഴി ആ റൂട്ടിലെ ഗതാഗതം സുഗമമാക്കുന്ന ഒന്നായിരിക്കും മജന്താ ലൈൻ. 

ബൊട്ടാണിക്കൽ ഗാർഡൻ മുതൽ കൽക്കാജി മന്ദിർ (വയലറ്റ് ലൈൻ) വരെയുള്ള ഭാഗം ഈ മാസം 25-നു പ്രവർത്തനമാരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയായിരിക്കും ഉദ്ഘാടനം നിർവ്വഹിക്കുക.