അബുദാബിയില്‍ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് പെരുമാറ്റ ചട്ടം ശക്തമാക്കി: നിയമലംഘകര്‍ക്ക് 2000 ദിര്‍ഹം വരെ പിഴ

single-img
20 December 2017

അബുദാബിയില്‍ പൊതുഗതാഗത വാഹനങ്ങളില്‍ പെരുമാറ്റ ചട്ടം ശക്തമാക്കി. നിയമലംഘകര്‍ക്ക് 200 മുതല്‍ 2000 ദിര്‍ഹം വരെ പിഴ ചുമത്തുമെന്നും മുന്നറിയിപ്പുണ്ട്. ചില കേസുകളില്‍ പിഴ ഈടാക്കുന്നതിനു പുറമെ പൊലീസിനു കൈമാറുകയും ചെയ്യും. 25 ഇനം നിയമലംഘനങ്ങളുടെ പട്ടികയാണ് തയാറാക്കിയത്.

പൊതുവാഹനങ്ങളില്‍ വച്ച് തിന്നാനും കുടിക്കാനും പാടില്ല. ചൂയിംഗം, പുകയില എന്നിവ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. വാക്കുകൊണ്ടോ പെരുമാറ്റം കൊണ്ടോ സഹയാത്രികര്‍ക്ക് ഏതെങ്കിലും തരത്തില്‍ പ്രയാസമുണ്ടാക്കുന്നതും നിയമലംഘനമാണ്.

ബസ് സ്റ്റോപ്പുകളില്‍ ഉറങ്ങുന്നതും വിലക്കി. തുപ്പുന്നതും പാഴ് വസ്തുക്കള്‍ കളയുന്നതും പൊതുമര്യാദകള്‍ ലംഘിച്ചാകരുതെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു. പരിശോധകര്‍ ആവശ്യപ്പെടുമ്പോള്‍ ടിക്കറ്റ് കാണിക്കണം.

ടിക്കറ്റ് കൈമാറാനോ വില്‍ക്കാനോ പാടില്ല. അനുവദിക്കപ്പെട്ട ഇരിപ്പിടങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ. വീല്‍ ചെയറുകള്‍ ദുരുപയോഗം ചെയ്യരുതെന്നും ഓര്‍മിപ്പിക്കുന്നു. ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കുന്ന പ്രവൃത്തികളില്‍ യാത്രക്കാര്‍ മുഴുകരുതെന്നും ഉത്തരവിലുണ്ട്.

തീ പിടിക്കാന്‍ സാധ്യതയുള്ളതും മൂര്‍ച്ചയുള്ളതുമായ വസ്തുക്കള്‍ വാഹനങ്ങളില്‍ കയറ്റരുതെന്നും നിര്‍ദേശിക്കുന്നു. പണം നല്‍കാതെ യാത്ര ചെയ്യുക, സഹയാത്രികര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുക, സ്റ്റോപ് ഇല്ലാത്ത സ്ഥലങ്ങളില്‍ വാഹനം നിര്‍ത്താന്‍ ശ്രമിക്കുക, ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ക്ക് പിഴ 200 ദിര്‍ഹമായിരിക്കും.

ടിക്കറ്റ് മറ്റൊരാള്‍ക്കു കൈമാറ്റം ചെയ്താല്‍ പിഴ 500 ദിര്‍ഹമായിരിക്കുമെന്നും ഗതാഗതവകുപ്പ് മേധാവി ഷെയ്ഖ് ദിയാബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ വ്യക്തമാക്കി.