മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി: 150 സീറ്റുകള്‍ കിട്ടാത്തതെന്തെന്ന ചോദ്യത്തിന് മുടന്തന്‍ ന്യായവുമായി അമിത് ഷാ

single-img
19 December 2017

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദി മോഡലിനെ ഗുജറാത്ത് തള്ളിക്കളഞ്ഞുവെന്നും പ്രധാനമന്ത്രിയുടെ വിശ്വാസ്യത തകര്‍ന്നുവെന്നും രാഹുല്‍ഗാന്ധി ഡല്‍ഹിയില്‍ പറഞ്ഞു. വിദ്വേഷവും പണവും ഉപയോഗിച്ച് നിങ്ങള്‍ക്ക് കാര്യങ്ങളെ പൂര്‍ണമായും കയ്യിലാക്കാന്‍ ആകില്ലെന്ന സന്ദശമാണ് ഗുജറാത്ത് നല്‍കുന്നത്.

സ്‌നേഹം കൊണ്ടേ ഇത് സാധ്യമാകൂ. വോട്ടെണ്ണല്‍ കഴിഞ്ഞ് വികസനത്തെപ്പറ്റിയും ജിഎസ്ടിയെപ്പറ്റിയുമൊക്കെ പ്രധാനമന്തി വാതോരാതെ പറഞ്ഞു. എന്നാല്‍ തിരഞ്ഞെടുപ്പ് റാലികളില്‍ വികസനവും നോട്ടുനിരോധനവുമൊന്നും അദ്ദേഹം മിണ്ടിയില്ല. ഇത് മോദിയുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്നതാണെന്നും രാഹുല്‍ പറഞ്ഞു.

അഴിമതിയെക്കുറിച്ച് നിര്‍ത്താതെ സംസാരിച്ചിരുന്ന മോദി ഇപ്പോള്‍ അതും നിര്‍ത്തി. ജയ് ഷായുടെ അഴിമതിയെക്കുറിച്ചും റഫേല്‍ ഇടപാടിനെക്കുറിച്ചും മോദി പറയുന്നത് കേള്‍ക്കാന്‍ രാജ്യം കാതോര്‍ത്തിരുന്നിട്ടും അദ്ദേഹം ഒരക്ഷരം മിണ്ടിയില്ല. ഇതുകൊണ്ടാണ് കാര്യമായ വിശ്വാസ്യതാപ്രശ്‌നം അദ്ദേഹത്തിനുണ്ടെന്ന് താന്‍ പറയുന്നതെന്നും രാഹുല്‍ പറഞ്ഞു.

അതേസമയം ഗുജറാത്തില്‍ ബിജെപി 150 സീറ്റുകള്‍ നേടുമെന്ന അവകാശവാദം പൊളിഞ്ഞതിന് പിന്നാലെ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ രംഗത്ത് എത്തി. കോണ്‍ഗ്രസ് ജാതി രാഷ്ട്രീയം കളിച്ചാണ് സീറ്റുകള്‍ പിടിച്ചെടുത്തതെന്നാണ് അമിത് ഷായുടെ ആരോപണം. കോണ്‍ഗ്രസ് ജാതീയതയുടെ വിത്തിട്ടെന്നും ജനങ്ങള്‍ കരുതിയിരിക്കണമെന്നുമാണ് ഷാ പറയുന്നത്.

കോണ്‍ഗ്രസ് പ്രകടനം നേരായ മാര്‍ഗങ്ങളില്‍ കൂടി ആയിരുന്നില്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ഗുജറാത്തില്‍ കോണ്‍ഗ്രസ് ബിജെപിയുമായി മികച്ച പ്രവര്‍ത്തനം കാഴ്ച വച്ചിരുന്നു. ഗുജറാത്തില്‍ നൂറ്റമ്പത് സീറ്റു നേടി ബിജെപി അധികാരത്തിലെത്തുമെന്നായിരുന്നു അമിത് ഷാ നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ ബിജെപിയ്ക്ക് 99 സീറ്റുകളേ നേടിയുള്ളു.

ഗുജറാത്തില്‍ സീറ്റ് നില മെച്ചപ്പെടുത്താന്‍ സാധിച്ചതിനെ കോണ്‍ഗ്രസ് നേട്ടമായി ഉയര്‍ത്തിക്കാണിക്കുന്നതിനെ അമിത് ഷാ തള്ളിക്കളഞ്ഞു. ബിജെപിയ്ക്ക് കോണ്‍ഗ്രസില്‍ നിന്ന് അതിശക്തമായ വെല്ലുവിളി നേരിട്ടില്ലെന്നും അമിത് ഷാ പറയുന്നു. വര്‍ഗീയത പറഞ്ഞാണ് പ്രധാനമന്ത്രിയുടെ ജന്മസ്ഥലത്ത് കോണ്‍ഗ്രസ് വിജയിച്ചതെന്നും അമിത് ഷാ ആരോപിക്കുന്നു.